Site iconSite icon Janayugom Online

ചരിത്രനേട്ടങ്ങള്‍ കേരളത്തിന്റെ അഭിമാനം

വ്യവസായ സൗഹൃദാന്തരീക്ഷമുള്ള സംസ്ഥാനങ്ങളുടെ റാങ്കിങ്ങിൽ കേരളത്തിന് ഒന്നാം സ്ഥാനം കൈവരിക്കാനായത് പ്രശംസനീയവും വ്യവസായമേഖലയ്ക്ക് ഇനിയും വലിയ നേട്ടങ്ങൾക്ക് അവസരമേകുന്നതുമാണ്. അതിലേറെ അഭിമാനകരമാണ് ഭക്ഷ്യസുരക്ഷാ സൂചികയിൽ കേരളത്തിന് ദേശീയ തലത്തിൽ തുടർച്ചയായ രണ്ടാം വർഷവും ഒന്നാം സ്ഥാനം ലഭിച്ചത്.

കേരളം തൊഴിലാളി സമരങ്ങളുടെ കേന്ദ്രമാണെന്നും വ്യവസായം തുടങ്ങുന്നതിനുള്ള സൗഹൃദാന്തരീക്ഷമില്ലെന്നും നടപടികൾ സങ്കീർണമാണെന്നുമുള്ള ഏറെക്കാലമായുള്ള പഴികേൾക്കലിന് കേന്ദ്ര വാണിജ്യ — വ്യവസായ മന്ത്രാലയത്തിന്റെ സുപ്രധാന അംഗീകാരം വിരാമമിട്ടിരിക്കുകയാണ്. 2019ലെ 28-ാം സ്ഥാനത്തുനിന്നും ഇപ്പോൾ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത് അപൂർവമായ നേട്ടം തന്നെയാണ്. സംസ്ഥാന സർക്കാരിന്റെയും വ്യവസായ വകുപ്പിന്റെയും ആത്മാർത്ഥമായ പ്രവർത്തനവും വിട്ടുവീഴ്ചാ മനോഭാവവും നടപടികൾ സുതാര്യമാക്കിയതുമാണ് ഈ അംഗീകാരം നേടാനിടയാക്കിയത്. വ്യവസായ വകുപ്പിനെ സംബന്ധിച്ച് മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് വലിയ പിൻബലമാണ് ഈ അംഗീകാരം.

ദേശീയതലത്തിൽ ഭക്ഷ്യസുരക്ഷയിലും ചരിത്ര നേട്ടമാണ് കേരളം കൈവരിച്ചത്. ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേർഡ്‌സ് അതോറിട്ടി ഓഫ് ഇന്ത്യയുടെ ഭക്ഷ്യസുരക്ഷാ സൂചികയിലാണ് തുടര്‍ച്ചയായി രണ്ടാമതും ഒന്നാം സ്ഥാനം ലഭിച്ചത്. ആദ്യമായി കഴിഞ്ഞ വർഷമാണ് ഒന്നാം സ്ഥാനം നേടിയത്. ശക്തമായ പ്രവർത്തനങ്ങളിലൂടെ തുടർച്ചയായ രണ്ടാം വർഷവും സ്ഥാനം നിലനിർത്തുകയായിരുന്നു.

ഭക്ഷ്യസുരക്ഷ പരിശോധന, സാമ്പിൾ ശേഖരണം, സാമ്പിൾ പരിശോധന, പ്രോസിക്യൂഷൻ കേസുകൾ, എൻഎബിഎൽ അംഗീകാരമുള്ള ലാബുകളുടെ എണ്ണം, ലാബുകളിലെ പരിശോധനാ മികവ്, മൊബൈൽ ലാബിന്റെ പ്രവർത്തനം, പരിശീലനം, ബോധവല്‍ക്കരണ പ്രവർത്തനങ്ങൾ തുടങ്ങി 40ഓളം മേഖലകളിലെ പ്രവർത്തന മികവാണ് കേരളത്തെ ഒന്നാം സ്ഥാനത്തെത്തിച്ചത്.

മുരളീമോഹൻ ശ്രീരാഗം

മഞ്ചേരി

Exit mobile version