ക്നാനായ സഭയിലുള്ളവര്‍ മറ്റു സഭയിൽ നിന്നും വിവാഹം ചെയ്യാനുള്ള വിലക്ക് നീക്കിയ കോടതി ഉത്തരവ് നടപ്പിലാകുന്നു. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ആദ്യത്തെ വിവാഹത്തിന് കുറി നല്‍കി. കാസര്‍കോട് കൊട്ടോടി സ്വദേശി ജസ്റ്റിന്‍ ജോണ്‍ മംഗലത്താണ് ക്നാനായ സഭാംഗത്വം നിലനിര്‍ത്തി മറ്റൊരു സഭാവിഭാഗത്തില്‍ നിന്നും വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നത്. സിറോ മലബാര്‍ സഭാംഗമായ വിജി മോളുമായാണ് ജസ്റ്റിന്റെ വിവാഹ നിശ്ചയം കഴിഞ്ഞത്.
സഭയിലെ നവീകരണ പ്രസ്ഥാനമായ കെസിഎന്‍സി നടത്തിയ നിയമപോരാട്ടമാണ് സഭ മാറിയുള്ള വിവാഹത്തിന് അനുമതി നല്‍കാന്‍ ക്നാനായ സഭാ നേതൃത്വത്തെ നിര്‍ബന്ധിതമാക്കിയത്. ക്നാനായ സഭാവിശ്വാസം ആരംഭിച്ചത് മുതല്‍ നിലനിന്ന ആചാരത്തിനാണ് ഇതോടെ തിരശീല വീഴുന്നത്. മറ്റ് ക്രിസ്ത്യന്‍ സഭകളില്‍ നിന്നും സമുദായങ്ങളില്‍ നിന്നും വിവാഹം ചെയ്താല്‍ ക്നാനായ സമുദായത്തിന്റെ രക്തശുദ്ധി നഷ്ടപ്പെടുമെന്ന വാദമുയര്‍ത്തിയാണ് ഇത്രയും കാലം സമുദായത്തിന് പുറത്തുനിന്നുള്ള വിവാഹത്തിന് ഇവര്‍ ഭ്രഷ്ട് കല്‍പ്പിച്ചിരുന്നത്. ക്നാനായ സമുദായത്തിന് പുറത്തുനിന്ന് വിവാഹം ചെയ്യുന്നവര്‍ സ്വയം ഭ്രഷ്ട് സ്വീകരിച്ച് സഭയ്ക്ക് പുറത്തുപോകണമെന്നായിരുന്നു ഇതുവരെയുള്ള സഭാനിയമം.
ക്നാനായ സഭ കോട്ടയം അതിരൂപതാംഗമായ കിഴക്കേ നട്ടാശേരി ഇടവകാംഗം ബിജു ഉതുപ്പാണ് ഈ നടപടിക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിയത്. 35 വര്‍ഷത്തെ പോരാട്ടത്തില്‍ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീംകോടതി വരെ അനുകൂല വിധി പുറപ്പെടുവിച്ചിട്ടും സഭ വിവാഹത്തിന് കുറി നല്‍കിയിരുന്നില്ല. ഇത്തരത്തില്‍ വിവാഹം കഴിക്കുന്നവര്‍ സ്വയം പ്രഖ്യാപിത ഭ്രഷ്ട് നേരിട്ടിരുന്നു. സഭയിലെ ഭ്രഷ്ട് ഭയപ്പെട്ട് വിവാഹം കഴിക്കാത്തവരുമുണ്ട്. ഇതിനെതിരെ ശക്തമായ പോരാട്ടം നടത്തിയാണ് കെസിഎന്‍എസ് വിജയം നേടിയത്. 2021 ഏപ്രിൽ 30ന് കോട്ടയം അഡീഷണൽ സബ് കോടതി മറ്റേതെങ്കിലും രൂപതയിൽ നിന്നുള്ള ഒരു കത്തോലിക്കനെ വിവാഹം കഴിച്ചതിന് കോട്ടയം ക്നാനായ അതിരൂപതയിലെ അംഗത്വം അവസാനിപ്പിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഇടക്കാല ക്രമീകരണം അനുസരിച്ച് അഭ്യർത്ഥന ലഭിച്ചാൽ കോട്ടയം അതിരൂപതയിലെ അംഗത്വം ഉപേക്ഷിക്കുന്നതിനുള്ള ഒരു കത്തും ആവശ്യപ്പെടാതെ വിവാഹക്കുറിയോ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റോ നൽകണം. ഇതോടെയാണ് ജസ്റ്റിന്റെ വിവാഹത്തിന് വിവാഹക്കുറി നൽകാൻ അതിരൂപത നിർബന്ധിതമായത്. തലശേരി അതിരൂപതയിലെ കൊട്ടോടി സെന്റ് ആന്‍സ് പള്ളിയില്‍ വച്ച് ഇന്നലെ ജസ്റ്റിന്റെയും വിജിമോളുടെയും വിവാഹ നിശ്ചയം കഴിഞ്ഞു. ജസ്റ്റിന്റെ ഇടവകയായ കൊട്ടോടി സെന്റ് ആന്റ്സ് പള്ളിയാണ് വിവാഹക്കുറി നല്‍കിയത്.
English Summary:historical change in the knanaya sabha
You may also like this video

