Site iconSite icon Janayugom Online

നാമാവശേഷമായി ഉക്രെയ്ന്റെ ചരിത്രസ്മാരകങ്ങള്‍

UkraineUkraine

റഷ്യന്‍ ആക്രമണത്തില്‍ ഉക്രെയ്‍നിലെ മ്യൂസിയങ്ങളും സാംസ്കാരിക കേന്ദ്രങ്ങളും ഉള്‍പ്പെടെ 53 ഓളം ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങള്‍ വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നതായി യുനെസ്‍കോ. ഉക്രെയ്‍ന്‍ അധികൃതര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരമാണ് യുനെസ്‍കോ കണക്കുകള്‍ പുറത്തുവിട്ടത്. റിപ്പോര്‍ട്ട് സ്ഥിരീകരിക്കാന്‍ സാറ്റ്‌ലൈറ്റ് ചിത്രങ്ങളും സാക്ഷിമൊഴികളും ഉപയോഗിച്ചതായി യുനെസ്‍കോ അറിയിച്ചു. പള്ളികള്‍ മുതല്‍ ആധുനിക പെെതൃക കേന്ദ്രങ്ങള്‍ വരെ ആക്രമണത്തില്‍ നശിച്ചു. റഷ്യന്‍ ആക്രമണം രൂക്ഷമായ കര്‍കീവില്‍ മാത്രം ചരിത്രപ്രാധാന്യമുള്ള 12ഓളം സാംസ്കാരിക കേന്ദ്രങ്ങളാണ് തകര്‍ന്നത്. തലസ്ഥാന നഗരമായ കീവിലും ചെര്‍ണീവിലും അഞ്ച് വീതം പെെതൃക കേന്ദ്രങ്ങള്‍ക്കുമാണ് നാശനഷ്ടം സംഭവിച്ചത്.

29 മതപരമായ സ്ഥലങ്ങൾ, 16 ചരിത്രപ്രാധാന്യമുള്ള കെട്ടിടങ്ങള്‍, നാല് മ്യൂസിയങ്ങള്‍, നാല് സ്മാരകങ്ങള്‍ എന്നിവ ആക്രമണത്തില്‍ നശിച്ചതായാണ് യുനെസ്‍കോയുടെ കണക്കുകള്‍. മരിയുപോളിലേയും കേര്‍സനിലേയും കണക്കുകള്‍ പട്ടികയിലില്ല. എന്നാല്‍ സെയ്ന്റ് സോഫിയ കത്തീഡ്രൽ ഉള്‍പ്പെടെയുള്ള യുനെസ്‍കോയുടെ ലോക പെെതൃക കേന്ദ്രങ്ങള്‍ തകര്‍ന്നതായി വിവരങ്ങളില്ല. സാംസ്കാരിക പെെതൃക കേന്ദ്രങ്ങള്‍ക്കെതിരായി ആക്രമണം നടത്തരുതെന്ന് ആവശ്യപ്പെട്ട് യുനെസ്‍കോ ഡയറക്ടര്‍ ജനറല്‍ ഓഡ്രി അസോലെ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവിന് കത്തയച്ചിരുന്നു. സെെനിക നടപടി ആരംഭിച്ചതിനുശേഷം ഉക്രെയ്‌നിന്റെ സാംസ്കാരിക പൈതൃക കേന്ദ്രങ്ങള്‍ക്കു നേരയുള്ള 135 ആക്രമണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉക്രെയ്‍ന്‍ അറിയിച്ചിരുന്നു.

Eng­lish Sum­ma­ry: His­tor­i­cal mon­u­ments of Ukraine after the name
You may like this video also

Exit mobile version