Site icon Janayugom Online

ഹാട്രിക് റെക്കോഡുമായി ഹിറ്റ്മാന്‍

ന്യൂയോര്‍ക്ക്: അന്താരാഷ്ട്ര ടി20യില്‍ 4000 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. അയര്‍ലന്‍ഡിനെതിരായ മത്സരത്തില്‍ അര്‍ധെസഞ്ചുറി നേടിയതോടെയാണ് രോഹിത്തിന്റെ നേട്ടം. കരിയറിലെ 152-ാം മത്സരത്തിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. 144 ഇന്നിങ്‌സില്‍ നിന്നും 32.02 ശരാശരിയിലും 139.72 സ്‌ട്രൈക്ക് റേറ്റിലുമാണ് രോഹിത്തിന്റെ വെടിക്കെട്ട്. അഞ്ച് അന്താരാഷ്ട്ര സെഞ്ചുറിയും 29 അര്‍ധ സെഞ്ചുറിയുമാണ് രോഹിത്തിന്റെ ഇന്റര്‍നാഷണല്‍ ടി20 കരിയറിലുള്ളത്. ബാബർ അസമും വിരാട് കോലിയും മാത്രമാണ് മുമ്പ് പുരുഷ ക്രിക്കറ്റില്‍ ഈ നാഴികക്കല്ലിലെത്തിയ താരങ്ങള്‍. ന്യൂസിലന്‍ഡിന്റെ സൂസി ബാറ്റ്‌സാണ് ഈ നേട്ടത്തിലെത്തിയിട്ടുള്ള ഏക വനിതാ താരം.

മറ്റു ചില റെക്കോഡും രോഹിത് അയര്‍ലന്‍ഡിനെതിരായ മത്സരത്തിലൂടെ നേടി. അന്താരാഷ്ട്ര ക്രിക്കറ്റിൽ 600 സിക്‌സറുകൾ നേടുന്ന ആദ്യ താരവുമായി രോഹിത്. ഈ മത്സരത്തിന് മുമ്പ് 472 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് 597 സിക്സറുകളാണ് രോഹിത് ശർമ്മ നേടിയിരുന്നത്. മത്സരത്തില്‍ മൂന്ന് സിക്സറുകള്‍ കൂടി നേടിയതോടെയാണ് ഈ റെക്കോഡില്‍ രോഹിത്തെത്തിയത്.
ടി20 ലോകകപ്പില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരങ്ങളുടെ പട്ടികയിലും രോഹിത് ഇടം നേടി. അയര്‍ലന്‍ഡിനെതിരെ 37 റണ്‍സ് പൂര്‍ത്തിയാക്കിയതോടെയാണ് ഹിറ്റ്മാന്‍ ലോക കപ്പിലെ 1,000 റണ്‍സ് ക്ലബ്ബിലും ഇടം നേടിയത്. വിരാട് കോലി, ലങ്കന്‍ ഇതിഹാസ താരം മഹേല ജയവര്‍ധനെ എന്നിവര്‍ക്ക് ശേഷം ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് താരമെന്ന നേട്ടമാണ് ഇതോടെ ഹിറ്റ്മാന്റെ പേരില്‍ കുറിക്കപ്പെട്ടത്. ലോകകപ്പിലെ 40-ാം മത്സരത്തിലെ 37ാം ഇന്നിങ്‌സിലാണ് രോഹിത് ചരിത്ര നേട്ടം കുറിച്ചത്. 

Eng­lish Summary:Hitman with hat-trick record

You may also like this video

Exit mobile version