പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ സ്വകാര്യമേഖലയ്ക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു. ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയാറെടുക്കുന്ന ഘട്ടത്തിലാണ് വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്.
എച്ച്എൽഎൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് നിബന്ധന. സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല.
സംസ്ഥാനസർക്കാർ കേന്ദ്രത്തിന് കൈമാറിയ ഭൂമിയിലാണ് എച്ച്എൽഎൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്എൽഎൽ കേന്ദ്ര സർക്കാരിന്റെ ഉടമസ്ഥതയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്. അതിനാൽ എച്ച്എൽഎല്ലിന്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.
English Summary: HLL: Chief Minister’s letter to the Prime Minister
You may like this video also