Site iconSite icon Janayugom Online

എച്ച് എൽ എൽ സ്വകാര്യമേഖലയ്‌ക്ക്‌ കൈമാറരുത്‌; ലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കണം: മുഖ്യമന്ത്രി

പൊതുമേഖലാ സ്ഥാപനമായ എച്ച് എൽ എൽ സ്വകാര്യമേഖലക്ക് മാത്രമേ കൈമാറുകയുള്ളൂ എന്ന തീരുമാനത്തിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തയച്ചു.നിലവിൽ വലിയ ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ സ്വകാര്യ മേഖലക്ക് മാത്രമേ വിറ്റഴിക്കുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിൻ്റെ പിടിവാശി സഹകരണ ഫെഡറലിസത്തിൻ്റെ തത്വങ്ങളെ അപ്രസക്തമാക്കുകയാണ്.

ഇത്തരം കാര്യങ്ങളിൽ സ്വന്തമായി തീരുമാനമെടുക്കാനുള്ള അധികാരം ഭരണഘടനാനുസൃതമായി സംസ്ഥാന സർക്കാരുകൾക്കുണ്ട് എന്നത് കേന്ദ്ര സർക്കാർ മറക്കുകയാണ്. പൊതുമേഖലയുടെ വികസനം മുന്നിൽക്കണ്ട് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനു കൈമാറിയ ഭൂമിയിലാണ് എച്ച്എൽഎൽ പ്രവർത്തനം ആരംഭിക്കുന്നത്. അതുകൊണ്ടു തന്നെ എച്ച്എൽഎൽ കേന്ദ്ര സർക്കാറിൻ്റെ ഉടമസ്ഥതയിൽ നിന്നൊഴിവാക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ അതിനെ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായി നിലനിർത്താനുള്ള അവകാശം കേരളത്തിനുണ്ട്.

അതിനാൽ എച്ച്എൽഎൽ‑ൻ്റെ അധീനതയിലുള്ള ഭൂമിയും വസ്തുവകകളും കേരളത്തിനു വിട്ടു നൽകുകയോ അല്ലെങ്കിൽ അതിൻ്റെ ലേല നടപടികളിൽ പങ്കെടുക്കാൻ അനുവദിക്കുകയോ വേണമെന്ന് മുഖ്യമന്ത്രി കത്തിൽ ആവശ്യപ്പെട്ടു.അതേസമയം ലാഭത്തിൽ പ്രവർത്തിക്കുന്ന എച്ച്എൽഎൽ ഏറ്റെടുക്കുന്നതിന് ലേലത്തിൽ പങ്കെടുക്കാൻ സംസ്ഥാന സർക്കാർ തയ്യാറെടുക്കുന്ന ഘട്ടത്തിലാണ് അത്‌ വിലക്കിക്കൊണ്ട് കേന്ദ്ര സർക്കാർ കത്തയച്ചിരിക്കുന്നത്.

എച്ച്എൽഎൽ ലൈഫ് കെയർ വിറ്റഴിക്കുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ പ്രാഥമിക വിവര പട്ടികയും ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്കായി ആഗോള തലത്തിൽ സമർപ്പിച്ച ക്ഷണവും പ്രകാരം കേന്ദ്രസർക്കാരിനോ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കോ 51 ശതമാനമോ അതിൽ കൂടുതൽ ഓഹരിയുള്ള സഹകരണ സംഘങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നതാണ് നിബന്ധന.

സംസ്ഥാനങ്ങൾക്കോ സംസ്ഥാനങ്ങൾക്ക് കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ലേലത്തിൽ പങ്കെടുക്കാൻ അർഹതയില്ലെന്ന് എവിടെയും പറയുന്നില്ല. ഇക്കാര്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി.

Eng­lish Summary:HLL should not be trans­ferred to the pri­vate sec­tor; Should be allowed to par­tic­i­pate in the auc­tion: CM sends let­ter to PM

You may also like this video:

Exit mobile version