Site iconSite icon Janayugom Online

എച്ച്എംടിയെ പുനരുദ്ധരിച്ചു നവീകരിക്കും: കേന്ദ്രമന്ത്രി എച്ച് ഡി കുമാരസ്വാമി

രാജ്യത്തിൻറെ പ്രധാന പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നായ എച്ച് എം ടി മെഷീൻ ടൂൾസ് ലിമിറ്റഡിനെ പഴയ പ്രൗഢിയിലേക്ക് കൊണ്ടുവരുന്നതിനായുള്ള പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുമെന്ന് കേന്ദ്ര ഘനവ്യവസായ മന്ത്രി എച്ച് ഡി കുമാരസ്വാമി . കളമശ്ശേരി എച്ച്എംടി യുണിറ്റ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.എച്ച്എംടിയുടെ പുനരുദ്ധാരണ പദ്ധതികൾ പഠിച്ച് തയ്യാറാക്കുന്ന സാങ്കേതിക സമിതിയുടെ റിപ്പോർട്ട് ലഭിച്ചാൽ ഉടൻ പുനരുദ്ധാരണ പ്രവൃത്തികൾ ആരംഭിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിലുള്ള പ്രതിസന്ധികൾ ഇതോടെ പരിഹരിക്കപ്പെടുമെന്നും ജീവനക്കാർ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വിരമിച്ച ജീവനക്കാർ ഉൾപ്പെടെ വലിയൊരു വിഭാഗം എച്ച്എംടി യെ ആശ്രയിക്കുന്നുണ്ടെന്നും അവരെയൊക്കെ പരിഗണിച്ചുകൊണ്ടായിരിക്കും ആത്മാർത്ഥമായി പ്രവർത്തിക്കുകയെന്നും എച്ച്എംടിയെ സ്വകാര്യ വത്കരിക്കാനുള്ള നീക്കമില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളിലായി 32, 000 ത്തിലധികം ജീവനക്കാരുണ്ടായിരുന്ന എച്ച്എംടിയിൽ ഇപ്പോൾ ആകെ 750 പേര് മാത്രമായി ചുരുങ്ങുകയും പല യൂണിറ്റുകളും മുൻപോട്ട് പോകാനാകാതെ ചക്രശ്വാസം വലിക്കുന്ന സന്ദർഭത്തിലാണ്എച്ച് എം ടി മെഷീൻ ടൂൾസിനെ പുനരുദ്ധരിക്കുമെന്ന് ഘന വ്യവസായ മന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്രമന്ത്രിക്ക് ജീവനക്കാരും ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി കളമശ്ശേരി യൂണിറ്റിന്റെ പൊതു ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള നിവേദനം കൈമാറി.
സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ്, എംപി ഹൈബി ഈഡൻ, മുൻ എംപി കെ ചന്ദ്രൻ പിള്ള, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, എച്ച്എംടി ജനറൽ മാനേജർ എം ആർ വി രാജ, ഡിജിഎം മോഹൻകുമാർ, ശ്രീകുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Exit mobile version