Site iconSite icon Janayugom Online

ഹോ! ആധികാരികം; ഇന്ത്യ 2–1ന് പരമ്പര സ്വന്തമാക്കി

ടെസ്റ്റ് പരമ്പരയിലെ തോല്‍വിക്ക് ഏകദിന ക്രിക്കറ്റ് പ­ര­മ്പരയില്‍ പകരംവീട്ടി ഇന്ത്യ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരത്തില്‍ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയം ഇന്ത്യ സ്വന്തമാക്കി. ഇതോടെ മൂന്ന് മത്സര പരമ്പര 2–1ന് ഇന്ത്യ കൈ­ക്കലാക്കി. തുടര്‍ച്ചയായ 20 ഏകദിന മത്സരങ്ങളിലെ ടോസ് നഷ്ടത്തിന് ശേ­ഷം ഇത്തവണ ടോസ് ഇന്ത്യക്കനു­കൂലമായി. 2023 ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസിലാന്‍ഡിനെതിരെ­യാണ് ഇ­തിനു മുമ്പ് അവസാനമായി ഇന്ത്യ ടോസ് വിജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 47.5 ഓവറില്‍ 270 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 39.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. യശസ്വി ജയ്സ്വാള്‍ സെഞ്ചുറിയുമായും വിരാട് കോലി അര്‍ധസെഞ്ചുറിയുമായും പുറത്താകാതെ നിന്നു. ജയ്സ്വാള്‍ 121 പന്തില്‍ 12 ഫോറും രണ്ട് സിക്സും ഉള്‍പ്പെടെ 116 റണ്‍സെടുത്തു. ജയ്സ്വാളിന്റെ കന്നി സെ­ഞ്ചു­റി­യാണിത്. ടി20 ശൈലിയില്‍ ബാറ്റ് വീശിയ വിരാട് കോലി 45 പന്തില്‍ ആറ് ഫോറും മൂന്ന് സിക്സറുമുള്‍പ്പെടെ 65 റണ്‍സെടുത്തു. 73 പന്തില്‍ 75 റ­ണ്‍­സെ­ടുത്ത രോഹിത് ശര്‍മ്മയെ­യാണ് ഇന്ത്യക്ക് നഷ്ടമായത്. രോ­ഹി­ത്തും ജയ്സ്വാളും ഓപ്പണിങ് കൂട്ടു­കെട്ടില്‍ 155 റണ്‍സ് ചേര്‍ത്തു.

89 പന്തില്‍ 106 റണ്‍സടിച്ച ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. തുടക്കത്തില്‍ തന്നെ പ്രഹരമേല്പിക്കാന്‍ ഇന്ത്യക്കായി. സ്കോര്‍ ഒന്നില്‍ നില്‍ക്കെ റയാന്‍ റിക്കിള്‍ട്ടണെ (പൂജ്യം) അര്‍ഷദീപ് സിങ് വിക്കറ്റ് കീപ്പറും ക്യാപ്റ്റനുമായ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ചു. എന്നാല്‍ മൂന്നാമനായെത്തിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തേംബ ബവൂമയും ഡി കോക്കും ചേര്‍ന്ന് 113 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ധസെഞ്ചുറിക്കരികെ ബവൂമ (48) പുറത്തായി. ബവൂമയെ രവീന്ദ്ര ജഡേജയുടെ പന്തില്‍ വിരാട് കോലി ക്യാച്ചെടുത്തു. മാത്യു ബ്രീറ്റ്സ്കീയ്ക്കൊപ്പവും മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ഡി കോക്ക് ദക്ഷിണാഫ്രിക്കയെ 28 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സെന്ന ശക്തമായ നിലയിലെത്തിച്ചു. 24 റണ്‍സെടുത്ത ബ്രീറ്റ്സ്കെയെ പ്രസിദ്ധ് കൃഷ്ണ മികച്ചൊരു സ്പെല്ലില്‍ എല്‍ബിഡബ്ല്യുവില്‍ കുരുക്കി. 

പിന്നാലെയെത്തിയ എയ്ഡന്‍ മാര്‍ക്രം നിരാശപ്പെടുത്തി. ഒരു റണ്‍ മാത്രമാണെടുത്തത്. പിന്നാലെ ഡി കോക്ക് സെഞ്ചുറി തികച്ചെങ്കിലും പ്രസിദ്ധിന്റെ പന്തില്‍ ബൗള്‍ഡാകുകയായിരുന്നു. പിന്നാലെയെത്തിയ മധ്യനിരയിലെ ഡെവാൾഡ് ബ്രെവിസ്, മാർകോ യാൻസൻ, കോര്‍ബിൻ ബോഷ് എന്നിവരെ വലിയ ഇന്നിങ്സുകൾ കളിക്കാൻ സ്പിന്നർ കുൽദീപ് യാദവ് അനുവദിച്ചില്ല. ഡെവാള്‍ഡ് ബ്രെവിസും മാര്‍ക്കോ യാന്‍സനും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ 200 കടത്തി പ്രതീക്ഷ നല്‍കി. എന്നാൽ ബ്രെവിസിനെ മടക്കിയ കുല്‍ദീപ് ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. പിന്നാലെ മാര്‍ക്കോ യാന്‍സനെ(17)യും കുല്‍ദീപ് മടക്കി. പ്രോട്ടീസിന്റെ പ്രതീക്ഷയായ കോര്‍ബിന്‍ ബോഷിന്(ഒമ്പത്) ഇത്തവണ ഒന്നും ചെയ്യാനായില്ല. വാലറ്റക്കാരില്‍ 20 റണ്‍സെടുത്ത കേശവ് മഹാരാജ് മാത്രമാണ് രണ്ടക്കം കണ്ടത്. കുല്‍ദീപ് യാദവും പ്രസിദ്ധ് കൃഷ്ണയും നാല് വിക്കറ്റ് വീതം നേടിയപ്പോള്‍ രവീന്ദ്ര ജഡേജയും അര്‍ഷ്ദീപ് സിങ്ങും ഓരോ വിക്കറ്റ് വീഴ്ത്തി. 

Exit mobile version