Site iconSite icon Janayugom Online

ഹോക്കിയിലെ ലോകപ്പോരിന് വെള്ളിയാഴ്ച തുടക്കം, ഇന്ത്യ പ്രതീക്ഷയില്‍

ഹോക്കിയിലെ പുതിയ ലോകരാജാവിനെ കണ്ടെത്തുന്നതിനുള്ള ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റിന് ഈ മാസം 13ന് ഒഡിഷയില്‍ തുടക്കമാകും. 16 ടീമുകള്‍ നാലു പൂളുകളിലായി പൊരുതും. ഈ മാസം 29നാണ് ഫൈനല്‍. ഇത് തുടര്‍ച്ചയായി രണ്ടാംതവണയാണ് ഒഡിഷ ലോകകപ്പിന് വേദിയാകുന്നത്. ഗ്രൂപ്പ് മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന നാല് ടീമുകള്‍ ക്വാര്‍ട്ടര്‍ റൗണ്ടിലേക്ക് മുന്നേറും. നാലു ടീമുകളെ ക്രോസ്ഓവര്‍ മത്സരങ്ങളിലൂടെ കണ്ടെത്തും. നിലവിലെ ചാമ്പ്യന്മാരായ ബെല്‍ജിയം, കരുത്തരായ ഓസ്ട്രേലിയ, നെതര്‍ലാന്‍ഡ്‌സ്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവര്‍ക്കൊപ്പം ആതിഥേയരായ ഇന്ത്യയും കിരീടം ലക്ഷ്യം വച്ചുള്ള പോരാട്ടത്തില്‍ മുന്നണിയിലുണ്ട്. 1975ല്‍ മലേഷ്യയില്‍ നടന്ന ലോകപ്പിലാണ് ഇന്ത്യ ഒടുവിലായി കപ്പ് നേടിയത്.

പിന്നീടങ്ങോട്ട് ഇന്ത്യന്‍ ഹോക്കി ടീമിന് ലോകകപ്പ് ഹോക്കിയില്‍ കാര്യമായ നേട്ടങ്ങളൊന്നും തന്നെ സ്വന്തമാക്കാനായിട്ടില്ല. കഴിഞ്ഞ ടോക്യോ ഒളിമ്പിക്സില്‍ വെങ്കലമെഡല്‍ നേടാനായതും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഫൈനലില്‍ എത്താനായതും ഇന്ത്യന്‍ ഹോക്കിക്ക് പുതിയപ്രതീക്ഷകള്‍ നല്‍കുന്നു. 41 വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷമായിരുന്നു കഴിഞ്ഞ ഒളിമ്പിക്സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടിയതിനു ശേഷം ഹോക്കിയില്‍ ഇന്ത്യ നിറം മങ്ങി. യൂറോപ്യന്‍ ടീമുകളും ഓസ്ട്രേലിയയും അര്‍ജന്റീനപോലുള്ള തെക്കേ അമേരിക്കന്‍ ടീമുകളും ഹോക്കിയില്‍ നിറസാന്നിധ്യമായപ്പോള്‍ മുന്‍ ചാമ്പ്യന്മാരായ ഇന്ത്യക്ക് മത്സരങ്ങളില്‍ തുടക്കത്തില്‍തന്നെ അടിപതറുന്നതും സ്ഥിരം കാഴ്ചയായി.

2018 മുതലാണ് ഒഡിഷ സര്‍ക്കാര്‍ ഇന്ത്യന്‍ ഹോക്കിയുടെ സ്പോണ്‍സര്‍മാരാകുന്നത്. മെച്ചപ്പെട്ട സൗകര്യങ്ങളാണ് മത്സരങ്ങള്‍ക്കായി ഇത്തവണയും ഭുവനേശ്വറിലും റുര്‍ഖേലയിലുമായി സജ്ജമാക്കിയിരിക്കുന്നത്. ലോകകപ്പ് നേടിയാല്‍ ഇന്ത്യന്‍ ടീമിലെ ഓരോ കളിക്കാരനും ഒരുകോടി രൂപ വീതം നല്‍കുമെന്ന് കഴിഞ്ഞ ദിവസം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പ്രഖ്യാപിക്കുകയുണ്ടായി. ഒളിമ്പിക്‌സിലെ മെഡല്‍ വരള്‍ച്ചയ്ക്ക് ടോക്യോ ഒളിമ്പിക്സോടെ അവസാനമായി. ഇനി ലോകപ്പിലെ നേട്ടമാണ് ടീം ലക്ഷ്യമിടുന്നത്. അതിനായി കഠിനാധ്വാനം ചെയ്യും:ഇന്ത്യയുടെ നായകന്‍ ഹര്‍മന്‍പ്രീത് സിങ് പറഞ്ഞു. മുന്‍ ഓസ്ട്രേലിയന്‍ താരം ഗ്രഹാം ജോണ്‍ റീഡ് ആണ് ഇന്ത്യയുടെ പരിശീലകന്‍.

ഇന്ത്യക്ക് ആദ്യ എതിരാളി സ്പെയിന്‍

ലോക ഹോക്കി ഫെഡറേഷന്‍ റാങ്കിങ്ങില്‍ ഓസ്ട്രേലിയയ്ക്കാണ് ഒന്നാം സ്ഥാനം. ബെല്‍ജിയം, നെതര്‍ലാന്‍ഡസ്, ജര്‍മ്മനി, ഇംഗ്ലണ്ട് എന്നിവയാണ് ആദ്യ അഞ്ചുസ്ഥാനങ്ങളിലുള്ളത്. ഇന്ത്യക്ക് ആറാം റാങ്കാണ്. ലോകകപ്പും ഒളിമ്പിക് മെഡലും നേടിയ ബെല്‍ജിയമാണ് ഓസീസ് കഴിഞ്ഞാല്‍ കൂടുതല്‍ കിരീട സാധ്യത നിലനിര്‍ത്തുന്നത്.
ഉദ്ഘാടന ദിനത്തില്‍ ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കുന്ന ആദ്യപോരാട്ടത്തില്‍ അര്‍ജന്റീനയും ദക്ഷിണാഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടും. ഉച്ചയ്ക്ക് മൂന്നിന് രണ്ടാമത്തെ മത്സരം ഓസ്ട്രേലിയയും ഫ്രാന്‍സും തമ്മില്‍. വൈകിട്ട് അഞ്ചിന് ഇംഗ്ലണ്ടും വെയില്‍സും തമ്മില്‍ കളിക്കും. വൈകിട്ട് ഏഴിന് ഇന്ത്യ ആദ്യമത്സരത്തില്‍ സ്പെയിനുമായി ഏറ്റുമുട്ടും.

Eng­lish Summary;Hockey World Cup kicks off on Fri­day, India hopeful
You may also like this video

Exit mobile version