ഹർ ഘർ തിരംഗ ക്യാമ്പയിനുമായി ത്രിവർണപതാക ഉയർത്തിയതുകൊണ്ട് മാത്രം രാജ്യസ്നേഹിയാകില്ലെന്നും ഹൃദയത്തിലും വേണമെന്നും ശിവസേന നേതാവും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ഉദ്ധവ് താക്കറെ. സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷത്തിന് ശേഷവും രാജ്യത്ത് എത്രമാത്രം ജനാധിപത്യം അവശേഷിക്കുന്നുവെന്ന് നാം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ എല്ലാ വീടുകളിലുംദേശീയപതാക സ്ഥാപിക്കാൻ പറഞ്ഞിരിക്കുകയാണ് കേന്ദ്രസർക്കാർ. ഇതുമായി ബന്ധപ്പെട്ട രസകരമായ കാർട്ടൂൺ ചിലർ എന്നെ കാണിച്ചു.
എന്റെ കൈയിൽ ത്രിവർണപതാകയുണ്ട്, എന്നാൽ പതാകയുയർത്താൻ വീടില്ല എന്നാണ് കാർട്ടൂണിൽ പറയുന്നത്. അരുണാചലിൽ ചൈന കടന്നു കയറുകയാണ്. നമ്മൾ വീടുകളിൽ ത്രിവർണപതാക ഉയർത്തിയാൽ ചൈന പിന്നോട്ട് പോകില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. സ്വാതന്ത്ര്യദിനത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് വൻ ആഘോഷമാണ് കേന്ദ്രസർക്കാർ വിഭാവനം ചെയ്യുന്നത്. രാജ്യത്തെ ഓരോ വീടുകളിലും പതാക ഉയർത്താനാണ് സർക്കാർ നിർദേശം. സ്കൂളുകളിലും സർക്കാർ സ്ഥാപനങ്ങളിലുമെല്ലാം വൻ ആഘോഷമാണ് സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ മാസമാണ് മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ സർക്കാറിനെ താഴെയിറക്കി ബിജെപിയെ കൂട്ടുപിടിച്ച് വിമത നേതാവ് ഏക്നാഥ് ഷിൻഡെ സർക്കാർ രൂപീകരിച്ചത്. ഇത് ശിവസേനക്കും ഉദ്ധവ് താക്കറെക്കും വൻ തിരിച്ചടിയായിരുന്നു. 40 എംഎൽഎമാർ എതിർചേരിയിലേക്ക് കൂറുമാറിയതോടെ സർക്കാർ വീണു. ലോക്സഭയിലും 12 എംപിമാർ ഷിൻഡെക്കൊപ്പം നിന്നു.
English summary; Hoisting the tricolor does not make you a patriot Uddhav Thackeray
You may also like this video;