Site iconSite icon Janayugom Online

ഹോളിവുഡ് നടൻ പാറ്റ് ഫിൻ അന്തരിച്ചു

ഹോളിവുഡ് നടൻ പാറ്റ് ഫിൻ (60) അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് 2022 മുതൽ ചികിത്സയിലായിരുന്ന അദ്ദേഹം ലോസ് ഏഞ്ചൽസിലെ വസതിയിൽ വെച്ചാണ് അന്തരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ലോകപ്രശസ്തമായ ഫ്രണ്ട്സ്, സൈൻഫെൽഡ്, ദി മിഡിൽ തുടങ്ങിയ ടെലിവിഷൻ പരമ്പരകളിലൂടെയാണ് പാറ്റ് ഫിൻ ആഗോളതലത്തിൽ ശ്രദ്ധ നേടിയത്. ‘ദി മിഡിൽ’ എന്ന പരമ്പരയിലെ ബിൽ നോർവുഡ് എന്ന കഥാപാത്രം അദ്ദേഹത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു.

1995ൽ ‘ജോർജ്ജ് വെൻഡ് ഷോ‘യിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് ‘ദാറ്റ് 70സ് ഷോ’, ‘ഹൗസ്’ തുടങ്ങി ഒട്ടനവധി പ്രമുഖ ഷോകളിൽ അതിഥി വേഷങ്ങളിൽ തിളങ്ങി. സിനിമകളിലും സജീവമായിരുന്ന അദ്ദേഹം ‘ഇറ്റ്‌സ് കോംപ്ലിക്കേറ്റഡ്’ (2009), ‘സാന്താ പോസ് 2’ (2012) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അഭിനയത്തിന് പുറമെ ഇംപ്രൂവൈസേഷൻ കോമഡിയിലും അദ്ദേഹം വിദഗ്ധനായിരുന്നു. യൂണിവേഴ്സിറ്റി ഓഫ് കൊളറാഡോയിൽ പ്രൊഫസറായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം ഒട്ടനവധി വിദ്യാർത്ഥികൾക്ക് മാർഗനിർദ്ദേശവും നൽകിയിരുന്നു. “പാറ്റിനെ അറിയുന്ന ആർക്കും അദ്ദേഹത്തെക്കുറിച്ച് മോശമായൊന്നും പറയാനുണ്ടാവില്ല, കണ്ടുമുട്ടുന്നവരെയെല്ലാം സുഹൃത്തുക്കളാക്കി മാറ്റുന്ന പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്” എന്ന് കുടുംബം അനുസ്മരിച്ചു. ഭാര്യ ഡോണയും മൂന്ന് മക്കളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.

Exit mobile version