പശു ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു വൈകാരിക വിഷയമായി മാറിയിട്ട് മൂന്ന് പതിറ്റാണ്ടായി. അതിനെ വിശുദ്ധമൃഗമായും ഗോമാതാവായും പലരും അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. സമൂഹത്തെ ധ്രുവീകരിക്കാൻ ഹിന്ദുത്വ രാഷ്ട്രീയം വിഷയത്തെ പരമാവധി ഉപയോഗിക്കുന്നു.
ആര്‍എസ്എസ് സൈദ്ധാന്തികൻ വി ഡി സവർക്കർ ഹിന്ദുത്വ എന്ന പദം മുന്നോട്ടുവച്ചത്, ഹിന്ദു മതത്തെ മാത്രമല്ല, അതിലുള്ള എല്ലാ വിഭാഗങ്ങളെയും ചേർത്താണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രീയ സ്വയം സേവക് സംഘം അതിന്റെ രാഷ്ട്രീയവും ഹിന്ദുരാഷ്ട്രത്തിന്റെ ലക്ഷ്യവും രൂപപ്പെടുത്തിയത്. ഒരു നൂറ്റാണ്ടായി അവരത് നിരന്തരം പിന്തുടരുന്നു. ആർഎസ‍്എസ് ഉന്നയിക്കുന്ന വൈകാരിക പ്രശ്നങ്ങൾ രാജ്യത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ആധിപത്യം പുലർത്തുന്നതിനാൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് ആർഎസ‍്എസ് രാഷ്ട്രീയത്തിന് ഗുണകരമായി.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന മഹാരാഷ്ട്രയിലും ബിജെപി നേതൃത്വത്തിലുള്ള മഹായുതി സർക്കാർ പശുവിനെ ആയുധമാക്കുകയാണ്. അവർ നാടൻ പശുവിനെ സംസ്ഥാനത്തിന്റെ അമ്മ, രാജ്യമാതാ അഥവാ ഗോമാതാ എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ ജനപിന്തുണ ഇടിയുന്നതിന്റെ ലക്ഷണങ്ങളുണ്ട്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വളരെ മോശംപ്രകടനമാണ് മഹാരാഷ്ട്രയിൽ അവര്‍ കാഴ്ചവച്ചത്. അതിനുശേഷമാണ് ബിജെപി ഇത്തരത്തിലുള്ള ധ്രുവീകരണ കോമാളിത്തരങ്ങൾ അവലംബിച്ചത്.
ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് ബംഗളൂരുവിൽ ഒരു പരിപാടിയിൽ കർണാടക മന്ത്രി ദിനേശ് ഗുണ്ടുറാവു, സവർക്കറെക്കുറിച്ച് വളരെ വ്യത്യസ്തമായൊരു പ്രസ്താവന നടത്തി. സവർക്കർ ഗോവധത്തിന് എതിരല്ലായിരുന്നെന്നും പശുവിനെ പവിത്രമായല്ല, ഉപയോഗപ്രദമായ മൃഗമായാണ് കണ്ടിരുന്നതെന്നും മന്ത്രി പറഞ്ഞു. സവർക്കർ മാംസാഹാരമായി പശുവിറച്ചി കഴിക്കുകയും അത് പരസ്യമായി പ്രചരിപ്പിക്കുകയും ചെയ്തെന്നും മന്ത്രി അവകാശപ്പെട്ടു. സവർക്കർ ബ്രാഹ്മണനായിരുന്നിട്ടും പരമ്പരാഗത ആഹാര നിയന്ത്രണങ്ങൾ പാലിച്ചില്ലെന്നും ആധുനിക വാദിയായിരുന്നെന്നും മന്ത്രി പറഞ്ഞു.
താൻ സസ്യാഹാരി ആയിരുന്നില്ലെന്ന് സവർക്കർ പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ഗാന്ധിയുടെ ദക്ഷിണാഫ്രിക്കയിലെ പ്രവർത്തനങ്ങളെ പ്രശംസിച്ച സവർക്കറെ അദ്ദേഹം ലണ്ടനിൽ വച്ച് സന്ദർശിച്ചിരുന്നു. ഗാന്ധി ചെല്ലുമ്പോൾ സവർക്കർ അത്താഴത്തിന് ചെമ്മീൻ പൊരിക്കുകയായിരുന്നു. ആ വിഭവം ഗാന്ധിക്ക് നൽകിയെങ്കിലും സസ്യാഹാരിയായ ഗാന്ധിജി നിരസിച്ചു.
സവർക്കർ: ദ ട്രൂ സ‍്റ്റോറി ഓഫ് ദി ഫാദർ ഓഫ് ഹിന്ദുത്വ എന്ന പുസ‍്തകം എഴുതിയ വൈഭവ് പുരന്ദരെ ഒരു സാഹിത്യോത്സവത്തിൽ പറഞ്ഞതിങ്ങനെയാണ്, ‘പശു ഒരു കാളയുടെ മാതാവ് മാത്രമാണെന്നാണ് സവർക്കറുടെ അഭിപ്രായം. അദ്ദേഹം ബീഫ് കഴിച്ചതായി തെളിവില്ലെങ്കിലും അത് കഴിക്കുന്നതിന് അദ്ദേഹത്തിന് വിരോധമില്ലായിരുന്നു’. ഗോ സംരക്ഷണത്തിന്റെ കാര്യത്തിൽ സവർക്കറുടെ നിലപാട് വളരെ സങ്കീർണമാണെന്നും പുരന്ദരെ പറഞ്ഞു. എന്നാല്‍ ഹിന്ദുക്കളെ വെറുപ്പിക്കാൻ ബോധപൂർവം പശുക്കളെ കൊന്നാൽ അതൊരു പ്രശ്നമാണ് എന്നായിരുന്നു സവർക്കറുടെ അഭിപ്രായം. അതേസമയം ബീഫ് നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ അത് കഴിക്കാൻ വേണ്ടി കൊല്ലുന്നതിൽ കുഴപ്പമില്ലെന്നും സവർക്കർ വിശ്വസിച്ചിരുന്നെന്നും വൈഭവ് പുരന്ദരെ പറയുന്നു.
വേദ കാലഘട്ടത്തിൽ പശുക്കളെ ബലിയർപ്പിച്ചതിനെക്കുറിച്ച് പലരും ധാരാളം എഴുതിയിട്ടുണ്ട്. സ്വാമി വിവേകാനന്ദൻ തന്റെ വിവിധ രചനകളിൽ ചൂണ്ടിക്കാണിക്കുന്നത്, വിശുദ്ധ ആചാരങ്ങളിൽ പശുവിനെ ബലിയർപ്പിക്കുകയും അത് ഭക്ഷിക്കുകയും ചെയ്യുന്നത് നിഷിദ്ധമല്ലെന്നാണ്. “പഴയ ആചാരമനുസരിച്ച്, ബീഫ് കഴിക്കാത്തവൻ നല്ല ഹിന്ദുവല്ലെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ നിങ്ങൾ അശ്ചര്യപ്പെടും. ചില അവസരങ്ങളിൽ നല്ല ഹിന്ദുക്കൾ കാളയെ ബലിയർപ്പിച്ചു ഭക്ഷിക്കണം.” ശ്രീരാമകൃഷ്ണ മിഷൻ പങ്കാളിയായ ഗവേഷണങ്ങളിൽ, സുനിതി കുമാർ ചാറ്റർജിയും മറ്റുചിലരും ചേര്‍ന്നെഴുതിയ ദി കൾച്ചറൽ ഹെറിറ്റേജ് ഓഫ് ഇന്ത്യ എന്ന പരമ്പരയിൽ പറയുന്നു.
സി കുഞ്ഞൻ രാജയുടെ ‘വൈദിക സംസ്കാരം’ പോലുള്ള ഗവേഷണങ്ങളും മറ്റും പറയുന്നത്, “ബ്രാഹ്മണർ ഉൾപ്പെടെയുള്ള വൈദിക ആര്യന്മാർ മത്സ്യവും മാംസവും പോത്തിറച്ചിയും പോലും കഴിച്ചിരുന്നു. വിശിഷ്ടാതിഥികളെ ആഹാരത്തിനൊപ്പം ബീഫ് വിളമ്പിയാണ് ആദരിച്ചിരുന്നത്. വൈദികരായ ആര്യന്മാർ ഗോമാംസം ഭക്ഷിച്ചിരുന്നെങ്കിലും കറവപ്പശുക്കളെ കൊന്നിരുന്നില്ല. അത്തരം പശുക്കളെ വിശേഷിപ്പിച്ചിരുന്നത് അഘ‍്നിയ (കൊല്ലാൻ പാടില്ലാത്തത്) എന്നായിരുന്നു. എന്നാൽ അതിഥിക്കുവേണ്ടി പശുവിനെ കൊല്ലാമായിരുന്നു. കാളകൾ, വന്ധ്യകളായ പശുക്കൾ, പശുക്കിടാങ്ങൾ എന്നിവയെയാണ് കൊന്നിരുന്നത്.
ഡോ. ബി ആർ അംബേദ‍്ക്കറുടെ പഠനങ്ങളും ഇതേ കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചരിത്രകാരനായ ഡി എൻ ഝാ മിത്ത് ഓഫ് ഹോളി കൗ എന്ന കൃതിയിൽ, ‘അതോ അന്നം വിയാ ഗോ’ (പശു അന്വർത്ഥമായ ഭക്ഷണമാണ്) തുടങ്ങിയ വാക്യങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. ബുദ്ധമതവും ബ്രാഹ്മണമതവും തമ്മിലുള്ള പോരാട്ടത്തിനിടെയാണ് പശുവിന് മാതാവെന്ന പദവിയും വിശുദ്ധതയും മറ്റും ലഭിച്ചത്.
പിന്നീട് സ്വാതന്ത്ര്യസമര കാലത്ത് ഹിന്ദു-മുസ്ലിം വർഗീയത ഉയർന്നപ്പോൾ പന്നിയെയും പശുവിനെയും പരസ്പരം ശക്തിപ്പെടുത്താൻ ഉപയോഗിച്ചു. മസ‍്ജിദിൽ പന്നിയിറച്ചി എറിയുന്നതും ക്ഷേത്രത്തിൽ ഗോമാംസം എറിയുന്നതും വർഗീയ കലാപത്തിന് പ്രേരിപ്പിക്കുന്ന തന്ത്രങ്ങളായിരുന്നു.
ഗോവധ നിരോധനം തുടരുകയും അഖ‍്‍ലാഖ്, ജുനൈദ്, റക‍്ബർ ഖാൻ തുടങ്ങി നിരവധി മുസ്ലിം-ദളിത് പുരുഷന്മാർ ഇരകളാക്കപ്പെടുകയും ചെയ്യുമ്പോൾ ന്യൂനപക്ഷ സമുദായങ്ങൾക്ക് സ്വാഭാവികമായും ഭീതിയുണ്ട്. ബീഫിന്റെ പേരിൽ മുസ‍്ലിങ്ങളെയും ദളിതരെയും മാത്രമാണ് ലക്ഷ്യമിടുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബീഫ് കഴിക്കുന്നവരെയും (കേന്ദ്രമന്ത്രി കിരൺ റിജിജു താൻ ബീഫ് കഴിക്കുമെന്ന് ഒരിക്കൽ സമ്മതിച്ചിരുന്നു) കേരളവും ഗോവയും ഒഴിവാക്കപ്പെട്ടു.
മഹാരാഷ്ട്ര സർക്കാർ വളരെ സമർത്ഥമായി നാടൻ പശുക്കളെ രാജ്യമാതാ എന്ന് വിളിക്കുമ്പോള്‍, മറ്റുള്ളവയെ അങ്ങനെ വിളിക്കുന്നില്ല. എന്നാൽ മാട്ടിറച്ചി കയറ്റുമതിയിൽ ഇന്ത്യ കുതിക്കുകയാണ് എന്നതാണ് വേറൊരു യാഥാർത്ഥ്യം. ഒരിക്കൽ മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായിരുന്ന അടൽ ബിഹാരി വാജ്പേയ് അമേരിക്കയിൽ വച്ച് ബീഫ് കഴിച്ചുകൊണ്ടിരുന്നപ്പോൾ കൂടെയിരുന്നയാൾ ഇക്കാര്യം ഓർമ്മിപ്പിച്ചു. ഇത് ഇന്ത്യൻ പശുവല്ലെന്ന് പറഞ്ഞ് വാജ‍്പേയ് പുഞ്ചിരിച്ചു എന്നാണ് വിജയ് ത്രിവേദി വാജ‍്പേയിയെ കുറിച്ചെഴുതിയ ഹാർ നഹിൻ മാനുംഗ എന്ന പുസ‍്തകം പറയുന്നത്, അപ്പോൾ എവിടെയാണ് പ്രശ്നം?
(ദ വയർ)