ഹോം നഴ്സിൻ്റെ ക്രൂരമായ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അൽഷിമേഴ്സ് രോഗി മരിച്ചു. പത്തനംതിട്ട തട്ട സ്വദേശി ശശിധരൻ പിള്ളയാണ്(59) മരിച്ചത്. ഹോം നഴ്സായ വിഷ്ണുവിൻ്റെ അതിക്രൂരമായ മർദ്ദനമാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ഒരു മാസം മുൻപാണ് ശശിധരൻ പിള്ളയെ ഹോം നഴ്സ് വിഷ്ണു മർദ്ദിച്ചത്. ഈ സംഭവത്തിൽ കൊടുമൺ പൊലീസ് വിഷ്ണുവിനെ അറസ്റ്റ് ചെയ്തിരുന്നു.
വീട്ടുകാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഈ ക്രൂരകൃത്യം പുറത്തുവന്നത്. മർദ്ദനത്തിന് ശേഷം ശശിധരൻ പിള്ളയെ നഗ്നനാക്കി നിലത്തിട്ട് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായിരുന്നു. മർദ്ദനത്തെ തുടർന്ന് ശശിധരൻ പിള്ളയ്ക്ക് ആന്തരിക രക്തസ്രാവമുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ പലഭാഗത്തായി രക്തക്കറകൾ കണ്ടെത്തുകയും ചെയ്തു.
ജോലി ആവശ്യത്തിനായി ശശിധരൻ പിള്ളയുടെ ഭാര്യയും മറ്റ് കുടുംബാംഗങ്ങളും തിരുവനന്തപുരം പാറശ്ശാലയിലാണ് താമസിച്ചിരുന്നത്. വീട്ടിൽ ഹോം നഴ്സും ശശിധരൻ പിള്ളയും മാത്രമാണ് ഉണ്ടായിരുന്നത്. ശശിധരൻ പിള്ളയ്ക്ക് വീണു പരിക്കേറ്റതാണെന്ന് കളവ് പറഞ്ഞാണ് വിഷ്ണു ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ പരിക്കുകളിൽ ഡോക്ടർമാർക്ക് സംശയം തോന്നിയതിനെ തുടർന്ന് ബന്ധുക്കൾ വീടിനുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയായിരുന്നു. അതോടെയാണ് വിഷ്ണുവിൻ്റെ ക്രൂരത പുറത്തറിഞ്ഞത്. രോഗബാധിതനായ ശശിധരൻ പിള്ളയെ പരിചരിക്കാൻ ഒരു ഏജൻസി വഴിയാണ് വിഷ്ണുവിനെ ജോലിക്കായി നിയോഗിച്ചിരുന്നത്.

