Site iconSite icon Janayugom Online

മികച്ച ചികിത്സയൊരുക്കി ജില്ലാ ഹോമിയോ ആശുപത്രി: അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തം

കഴിഞ്ഞ ഇരുപത് വർഷത്തിലധികമായി കണ്ടംകുളങ്ങരയിൽ പ്രവർത്തിച്ചുവരുന്ന ജില്ലാ ഹോമിയോ ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 50 സെന്റ് സ്ഥലത്ത് രണ്ടു നില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള ആശുപത്രിയിൽ ഇതിനകം നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പിലായിട്ടുണ്ട്. എന്നാൽ കൂടുതൽ രോഗികളെത്തുന്ന സാഹചര്യത്തിൽ ഇനിയും സൗകര്യങ്ങളൊരുക്കേണ്ടത് അത്യാവശ്യമാണെന്ന് ഇവിടെയെത്തുന്നവർ പറയുന്നു.
അമ്പത് സെന്റ് സ്ഥലത്ത് രണ്ട് നില കെട്ടിടത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേക വാർഡുകൾ, ഏഴ് ജനറൽ ഒപികൾ, ലാബ്, ഫിസിയോ തെറാപ്പി യൂണിറ്റ്, യോഗാ സെന്ററ്‍, കൗമാരക്കാർക്ക് വേണ്ടിയുള്ള സദ്ഗമയ ഒപി, സ്ത്രീകളുടെ മാനസിക പ്രശ്നങ്ങൾക്കായുള്ള സീതാലയം, കുഞ്ഞുങ്ങൾ ഇല്ലാത്തവർക്ക് വന്ധ്യതാ ചികിത്സയ്ക്കായി ജനനി പദ്ധതി, ലഹരി വിമുക്തിക്ക് പുനർജ്ജനി എന്നിവയെല്ലാം ഇവിടെ പ്രവർത്തിക്കുന്നുണ്ട്.
ആശുപത്രിയിലെ സീതാലയം കേന്ദ്രം ജില്ലയിലും ജില്ലയ്ക്ക് പുറത്തും ഏറെ ശ്രദ്ധേയമാണ്. നിരവധി പേരാണ് ദിനം പ്രതി ഇവിടെ ചികിത്സ തേടി എത്തുന്നത്. സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യവും സാമൂഹിക സമത്വവും ഉറപ്പുവരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സീതാലയം പ്രവർത്തിക്കുന്നത്. സീതാലയത്തിന്റെ ഏറ്റവും മികച്ച പ്രവർത്തനങ്ങളിൽ ഒന്നാണ് വന്ധ്യതാ ചികിത്സ. പാർശ്വഫലങ്ങളിലാത്ത ചികിത്സ വളരെ കുറഞ്ഞ ചെലവിൽ ഇവിടെ ലഭ്യമാകുന്നു. വർഷങ്ങളായി ചികിത്സ നടത്തിയിട്ടും കുട്ടികളുണ്ടാവാത്ത നിരവധി ദമ്പതികൾക്കാണ് ഇവിടുത്തെ ചികിത്സ വഴി കുട്ടികളെ ലഭിച്ചിട്ടുള്ളത്. വലിയ തോതിൽ ആളുകൾ ഇവിടേക്കെത്തുമ്പോഴും അതിനാവശ്യമായ സൗകര്യം ഇവിടെ ഇല്ല എന്നതാണ് അവസ്ഥ. കൂടുതൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിലും രോഗികളുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ അതൊന്നും പര്യാപ്തമാവാത്ത സ്ഥിതിയാണുള്ളത്.
നിലവിലുള്ള ഏഴ് ഒ പികൾ കേവലം രണ്ടു മുറികളിലായാണ് പ്രവർത്തിച്ചുവരുന്നത്. ഓരോ ദിവസവും ഏകദേശം 75 ലധികം രോഗികളാണ് ഓരോ ഒപിയിലും എത്തുന്നത്. ഫിസിയോ തെറാപ്പി യൂണിറ്റ് ചോർന്നൊലിക്കുന്ന അവസ്ഥയിലുമാണ്. ഈ അസൗകര്യങ്ങൾ പരിഹരിക്കുവാൻ ആശുപത്രിയുടെ വിപുലീകരണം അനിവാര്യമാണ്. ഹോസ്പിറ്റലിനോട് ചേർന്നുള്ള 40 സെന്റ് സ്ഥലം ഏറ്റെടുത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും നിലവിലുള്ള കെട്ടിടം വിപുലീകരിക്കുകയും ചെയ്താൽ താത്ക്കാലിക ആശ്വാസമുണ്ടാകുമെന്ന് വാർഡ് കൗൺസിലർ വി പി മനോജ് പറഞ്ഞു.
വലിയ വികസനം നടന്ന ആശുപത്രിയാണെങ്കിലും നിലവിൽ വലിയ തോതിലുള്ള അസൗകര്യം ആശുപത്രി നേരിടുന്നുണ്ട്. സർക്കാറിന്റെ ഏതെങ്കിലും ഒരു സ്കീമിൽ ഏറ്റെടുക്കുന്ന സ്ഥലം ഉൾപ്പെടുത്തി കെട്ടിടം പണിയണമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ തീരുമാനം. ഇക്കാര്യം ഉന്നയിച്ച് കോർപ്പറേഷൻ കൗൺസിലിൽ പ്രമേയം അവതരിപ്പിച്ചിട്ടുണ്ട്. ആശുപത്രിയുടെ വികസന കാര്യത്തിൽ അടിയന്തിര നടപടി സ്വീകരിക്കുവാൻ കോർപ്പറേഷൻ കൗൺസിൽ അധികാരികളോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Exit mobile version