തേനീച്ച കുത്തേൽക്കും എന്ന ഭയത്താല്‍ തേനീച്ച കൃഷി മേഖലയിലേക്ക് കടന്ന് വരാൻ മടിക്കുന്ന പലര്‍ക്കും പ്രചോദനമാകുകയാണ് മഴൂര്‍ സ്വദേശി കെ കെ ജലീല്‍. അല്പം ക്ഷമയും താല്പര്യവുമുണ്ടെങ്കിൽ തേനീച്ച വളർത്തൽ മികച്ച വിജയത്തിലേക്ക് എത്തിക്കാൻ സാധിക്കുമെന്ന് സ്വന്തം അനുഭവത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഈ അമ്പത്തിരണ്ടുകാരന്‍. തേനീച്ച കൃഷിയുടെ മാധുര്യം നുണഞ്ഞ് തുടങ്ങിയിട്ട് പതിനേഴു വർഷം പൂർത്തിയാക്കിയിരിക്കുകയാണ് ഇദ്ദേഹം. ഭാര്യയുടെയും മകളുടെയും പിന്തുണയാണ് ജലീലിന്റെ ശക്തി. തേനീച്ച വളർത്തലിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും ചെയ്ത് വിജയിച്ച ഒരു ശാസ്ത്രഞ്ജൻ കൂടിയാണ് ജലീൽ. കേരളത്തിലെ തേനീച്ച കൃഷിയെ സംബന്ധിച്ച് ചില കണ്ടുപിടിത്തങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.
വ്യാജ തേനിനെ തിരിച്ചറിയാനായുള്ള ഫ്രീസിങ്ങ് ടെസ്റ്റാണ് ഇതില്‍ പ്രധാനപ്പെട്ടത്. ‘വിപണിയിൽ വ്യാജ തേൻ സുലഭമായതോടെ പല തേനീച്ച കർഷകരും ഇന്ന് പ്രതിസന്ധിയിലാണ്. പല കടകളിലും കര്‍ഷകര്‍ ഉല്പാദിപ്പിക്കുന്ന പ്രകൃതിദത്തമായ തേനിന്റെ സ്ഥാനം വ്യാജതേനുകളാണ് കൈയ്യടക്കിയിരിക്കുന്നത്. അതു കൊണ്ട് തന്നെ മരുന്നിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി യഥാര്‍ത്ഥ തേന്‍ അന്വേഷിച്ചെത്തുന്നവര്‍ വ്യാജനെ വാങ്ങിച്ച് വഞ്ചിക്കപ്പെടുന്നു. ഔദോഗിക പരിശീലനം കൊടുത്ത് ഇറക്കുന്നതിനാൽ വ്യാജ തേൻ തിരിച്ചറിയാൻ പ്രയാസകരമാണെന്നതിനാലാണ് ഇതിന് പരിഹാരമായി ഫ്രീസിങ്ങ് ടെസ്റ്റ് കണ്ടെത്തിയതെന്ന് ജലീൽ പറഞ്ഞു. ഒന്നിൽ കൂടുതൽ റാണി ഈച്ചയെ ഒരു പെട്ടിയിൽ തന്നെ വിരിയിച്ചെടുത്ത് സംരക്ഷിക്കുവാനുള്ള സംവിധാനവും ഇദ്ദേഹം വികസിപ്പിച്ചെടുത്തിട്ടുണ്ട്. റബ്ബർ ബോർഡ് സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടുനിന്ന പരിശീലന ക്ലാസ്സിൽ പങ്കെടുത്തുകൊണ്ടാണ് തേനീച്ച കൃഷിയെ കുറിച്ച് ഇദ്ദേഹം മനസിലാക്കിയത്.
തേനീച്ച കൃഷി കൂടാതെ മത്സ്യ കൃഷി,താറാവ് കൃഷി എന്നീ മേഖലകളിലും ഇദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. എന്നാൽ ഏറ്റവും കൂടുതൽ ആദായം ലഭിക്കുന്നത് തേനീച്ച കൃഷിയിൽ നിന്നാണെന്ന് ജലീൽ പറയുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് തേനിന്റെ ഔഷധ ഗുണം മനസിലാക്കി നിരവധിപേർ തേനീച്ച കൃഷിയിലേക്ക് വരുന്നുണ്ട്. ഇത്രയും അനുഭവസമ്പത്തുള്ളതിനാൽ പല ദേശത്ത് നിന്നും ഇദ്ദേഹത്തെ തേടി ആവശ്യക്കാർ എത്താറുണ്ട്. അതിനാൽ തന്നെ ഈ മേഖയിലേക്ക് കടന്ന് വരുന്ന ആളുകൾക്കൊക്കെ ഈ കർഷകൻ ഒരു പ്രചോദനമായി മാറുകയാണ്.
You may also like this video