നടി ഹണി റോസ് നല്‍കിയ അധിക്ഷേപ പരാതിയില്‍ രാഹുല്‍ ഈശ്വറിനെതിരെ കേസ് എടുത്തിട്ടില്ലെന്ന് പൊലീസ് ഹൈക്കോടതിയില്‍.കേസില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും പൊലീസ് കോടതിയെ അറിയിച്ചു.രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് പൊലീസ് ഇക്കാര്യം കോടതിയെ അറിയിച്ചത്.പരാതി പ്രകാരം കേസെടുക്കാനുളള വകുപ്പുകളില്ലെന്നും വിശദമായ നിയമോപദേശം തേടുമെന്നും പൊലീസ് നടിയെ അറിയിച്ചിരുന്നു.
നടിക്ക് കോടതി വഴി പരാതി നല്‍കാമെന്നും കൊച്ചി പൊലീസ് വ്യക്തമാക്കിയിരുന്നു. ബോബി ചെമ്മണൂരിനെതിരായ പരാതിയില്‍ ഹണി റോസിനെ വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കവെ രാഹുല്‍ നടത്തിയ പരാമര്‍ശങ്ങളിലാണ് ഹണി റോസ് എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നടിയുടെ വസ്ത്രധാരണത്തെയടക്കം വിമര്‍ശിച്ച് രാഹുല്‍ ഈശ്വര്‍ രംഗത്തെത്തിയിരുന്നു. ഇതിന് ചുവടുപിടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ ഹണി റോസിനെതിരെ വ്യാപക പ്രചാരണമുണ്ടായി.
ഇത് ചൂണ്ടിക്കാണിച്ചാണ് ഹണി റോസ് നിയമ നടപടിയുമായി മുന്നോട്ട് പോയത്. അതേസമയം ഹണി റോസിനെ അധിക്ഷേപിച്ചിട്ടില്ലെന്നായിരുന്നു രാഹുല്‍ ഈശ്വറിന്റെ വാദം.ഹണിക്കെതിരായ പരാമര്‍ശങ്ങളില്‍ തൃശൂര്‍ സ്വദേശിയും രാഹുലിനെതിരെ പരാതി നല്‍കിയിരുന്നു.ഹണി റോസിനെതിരെ നടത്തിയ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഈശ്വറിനെതിരെ സംസ്ഥാന യുവജന കമ്മിഷന്‍ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ നിരന്തരമായി വാര്‍ത്ത ചാനലുകളിലൂടെ അപമാനിക്കുകയും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ പ്രചരിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയാണ് ദിശ എന്ന സംഘടന നല്‍കിയ പരാതിയിലായിരുന്നു നടപടി.

