Site iconSite icon Janayugom Online

ഹണിറോസിന്റെ മൊഴിയെടുത്തു; അശ്ലീല കമന്റിട്ടവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ്

സൈബർ ആക്രമണം നേരിട്ട നടി ഹണി റോസിന്റെ മൊഴിയെടുത്തു പൊലീസ് . സെൻട്രൽ സ്റ്റേഷനിൽ നേരിട്ടെത്തിയാണ് നടി മൊഴി നൽകിയത്. സൈബർ ആക്രമണത്തിൽ പൊലീസ് നടപടി കടുപ്പിച്ചിരിക്കുകയാണ്. ഹണി റോസിന്റെ ഫേസ് ബുക്ക് ‚ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പൊലീസ് നിരീക്ഷണത്തിലാണ്. മോശം കമന്റിടുന്നവർക്കെതിരെ കേസെടുക്കും. ഹണിയുടെ പരാതിയിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് വിവരം.

നടിയുടെ പരാതിയിൽ മുപ്പതോളം പേർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കുമ്പളം സ്വദേശി ഷാജിയെന്ന ആളെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഒരു വ്യക്തി ദ്വയാർത്ഥ പ്രയോഗങ്ങളിലൂടെ മനപ്പൂർവം പിന്നാലെ നടന്ന് അപമാനിക്കാൻ ശ്രമിക്കുന്നുവെന്ന പോസ്റ്റിന് താഴെ അശ്ലീല കമന്റുമായി എത്തിയവർക്കെതിരെയാണ് നടി പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, ഐടി ആക്ട് വകുപ്പുകൾ അടക്കം ചുമത്തിയിട്ടുണ്ട്. സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു. 

സമൂഹ മാധ്യമയിലൂടെ ആയിരുന്നു ഹണി റോസിന്റെ പ്രതികരണം. ഒരു വ്യക്തി ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ മനപ്പൂർവം തുടർച്ചയായി പിന്നാലെ നടന്ന് അപമാനിക്കുകയാണെന്നായിരുന്നു ഹണി റോസ് കുറിച്ചത്. ഈ വ്യക്തി ചടങ്ങുകൾക്ക് തന്നെ ക്ഷണിച്ചപ്പോൾ പോകാൻ വിസമ്മതം പ്രകടിപ്പിച്ചതിന് പ്രതികാരമെന്നോണം താൻ പോകുന്ന ചടങ്ങുകളിൽ മനപ്പൂർവം വരാൻ ശ്രമിക്കുകയും കഴിയുന്ന ഇടത്തെല്ലാം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ തന്റെ പേര് മാധ്യമങ്ങളിലൂടെ പറയുകയും ചെയ്യുന്നുണ്ടെന്നും ഹണി പറഞ്ഞു. 

Exit mobile version