Site iconSite icon Janayugom Online

ദുരഭിമാനക്കൊല; ആൺസുഹൃത്തിനൊപ്പം കണ്ട മകളെ വെടിവെച്ചുകൊന്ന് പിതാവ്

റസ്റ്റോറന്റിലിരുന്ന ബന്ധുവായ ആൺസുഹൃത്തിനൊപ്പം ഭക്ഷണം കഴിക്കുന്നതിനിടയിൽ മകളെ വെടിവെച്ചു കൊന്ന് പിതാവ്. യുപിയിലെ അസംഗഢിലാണ് ദുരഭിമാന കൊലപാതകം നടന്നത്. വെടിവെപ്പിൽ ആൺസുഹൃത്തിനും പരിക്കേറ്റു. അസംഗഢ് ജില്ലയിൽ ദേവ്ഗാവിലെ ഒരു ഭക്ഷണശാലയിൽ വെച്ചായിരുന്നു സംഭവം. മകളെയും സുഹൃത്തിനെയും ഒരുമിച്ച് കണ്ടതിൽ പ്രകോപിതനായ പിതാവ് വെടിയുതിർക്കുകയായിരുന്നു.

വെള്ളിയാഴ്ച സ്കൂൾ കഴിഞ്ഞ് ഭക്ഷണശാലയിൽ എത്തിയ 16 കാരിയും അകന്ന ബന്ധുവായ 20 കാരനെയും ഒരുമിച്ചു കണ്ട അമ്മ ബഹളം വെച്ചു. പിന്നാലെയെത്തിയ പിതാവ് ഭക്ഷണശാലയിൽ കയറി ഇരുവരെയും മർദ്ദിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയും ഭക്ഷണശാല ജീവനക്കാരും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതി തന്റെ ലൈസൻസുള്ള തോക്ക് ഉപയോ​ഗിച്ച് വെടിയുതിർത്തതെന്നും പൊലീസ് പറയുന്നു.

കുട്ടിയുടെ അമ്മയും വഴിയാത്രക്കാരും ചേർന്ന് പരിക്കേറ്റ ഇരുവരെയും അടുത്തുള്ള സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. പെൺകുട്ടിയുടെ സുഹൃത്തായ 20കാരനെ വാരണാസിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവ സ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Exit mobile version