കോഴിക്കോട് നടന്ന സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരള ടീം പഴുതടച്ചു പോരാടി വൻവിജയം നേടിയത് ഫുട്ബോൾ ആരാധകരിൽ ആഹ്ലാദവും പ്രതീക്ഷയും സൃഷ്ടിച്ചു. പുതിയ ചെറുപ്പക്കാർ കളിയിൽ കാണിക്കുന്ന കണിശത എടുത്തു പറയത്തക്കതാണ്. കളിച്ച മൂന്നു കളിയിലും ആധികാരികമായ വിജയവും ഒരുഗോൾ പോലും വഴങ്ങാത്ത പഴുതടച്ച ഡിഫൻസും പ്രതീക്ഷ ഉയർത്തുന്നതാണ്. എട്ടാമത് ട്രോഫിയിൽ പ്രതീക്ഷയുമായാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായ കേരളം ഹൈദരാബാദിലേക്ക് പോകുന്നത്. ഗോവ, ഒഡിഷ, തമിഴ്‌നാട്, മേഘാലയ ടീമുകൾ ചേർന്ന ഗ്രൂപ്പിലാണ് ഫൈനൽ റൗണ്ട് മത്സരങ്ങളിൽ കളിക്കുക. ഡിസംബർ 15നാണ് കേരളത്തിന്റെ കളി. കോഴിക്കോട് നടന്ന പ്രാഥമിക റൗണ്ടിൽ ശക്തരായ റെയിൽവേയെ മുട്ടുകുത്തിച്ചാണ് അരങ്ങേറ്റം കുറിച്ചത്. ലക്ഷദ്വീപിനെ 10 ഗോളിനും പോണ്ടിച്ചേരിയെ ഏഴ് ഗോളിനുമാണ് തകർത്തത്. 18 ഗോളുകൾ എതിരാളികളുടെ വലയിൽ അടിച്ചു കയറ്റിക്കൊണ്ട് അജയ്യരായി വന്ന കേരളത്തെ പിടിച്ചുകെട്ടുക എളുപ്പമായിരുന്നില്ല. സന്തോഷ് ട്രോഫി മത്സരങ്ങൾ ഒരുകാര്യം പ്രത്യേകം എടുത്തുകാണിക്കുന്നു. നമ്മുടെ കളിക്കാർക്ക് കൃത്യമായ കോച്ചും നിരന്തരമായ കളിയും ഉണ്ടാവണം. അതിന് ഒരു പ്രധാന സന്ദർഭം ഈകാലത്ത് ഉണ്ടായിരുന്നു. അത് ആദ്യമായി നടന്നത് സൂപ്പർ കേരളലീഗ്തന്നെയാണ്. പ്രസ്തുത മത്സരങ്ങൾ ഒരു കാര്യം വ്യക്തമാക്കി. കേരളീയരുടെ കളികളും വിദേശ കളിക്കാരുടെ കളികളും തമ്മിലുള്ള അന്തരം നേർത്ത് വരുന്നു എന്നതാണ് യാഥാർത്ഥ്യം. ഇപ്പോഴത്തെ കേരള ടീമിൽ ഏഴ് കളിക്കാർ കേരള സൂപ്പർലീഗിൽ വിവിധടീമുകൾക്ക് വേണ്ടി കളിച്ചവരാണ്. കേരള ഫുട്ബോളിന്റെ വളർച്ചയിൽ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംഭാവന വളരെ വലുതാണ്. പഴയകാലത്ത് നമുക്ക് സന്തോഷ് ട്രോഫി മത്സരങ്ങളിലെ സെലക്ഷൻ ഇന്റിവിജ്വൽ ടീമുകളിൽ നിന്നാണ്. കെഎസ്എൽ വരുത്തിയ മാറ്റം വളരെയേറെ ഗുണം ചെയ്യുന്നു. ഇപ്പോഴത്തെ ആറുടീമുകളും പുതുതായി വരുന്ന ടീമുകളും കളിക്കാരെ സെലക്റ്റ് ചെയ്യുന്നതിൽ ഭൂരിഭാഗവും കേരളത്തിൽ നിന്ന് തന്നെയാണല്ലോ. അങ്ങനെ വരുമ്പോൾ നമ്മുടെ കളിക്കാർക്ക് കൂടുതൽ താല്പര്യംകാണും. വിദേശ, സ്വദേശ, പ്രദേശിക ടീമുകളിൽ നിന്നുള്ള കളിക്കാർചേർന്ന് ഒരുടീമിൽ വരുമ്പോൾ പരസ്പരം അടവുകളും തന്ത്രങ്ങളും കൈമാറപ്പെടും. മാത്രമല്ല കടുത്ത പരിശീലനവുമാണ്. ഫുള്‍ടൈം കളിക്കാനുള്ള സ്റ്റാമിനയും ആർജിച്ചെടുക്കുന്നത് ഇത്തരം പരിശീലനത്തിൽ കുടിയാണ്. അതുകൊണ്ട് ഇത്തവണത്തെ സന്തോഷ് ട്രോഫി ടീം വിശ്വസ്തതാരങ്ങളുടെ കൂട്ടായ്മ തന്നെയാണ്.
ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഗോവയോട് തോറ്റത് വലിയ നിരാശയാണ് ആരാധകർക്ക് നൽകിയത്. പുതിയ കോച്ചിന്റെ കീഴിൽ മൂന്ന് കളികൾ തോറ്റാണ് ചെന്നൈയിനെ തകർത്തുമുന്നേറിയത്. എറണാകുളത്തെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ആരാധകലോകത്തെ നിരാശയിലാഴ്ത്തിയാണ് ബ്ലാസ്റ്റേഴ്സ് തോറ്റുപോയത്. കളിയിൽ വിജയ പരാജയങ്ങൾ മാറിമാറിവരാറുണ്ട്. അപ്പോൾ ആരാധകർക്ക് സമാധാനിക്കാൻ നൽകുന്ന ഭാഗം നന്നായികളിച്ചു തോറ്റു എന്നാണ്. ഇത്തവണ നാടിന്റെ നാനാഭാഗത്തുനിന്നും മഞ്ഞ കുപ്പായവുമണിഞ്ഞു വന്നവർക്ക് ഒന്നുകയ്യടിക്കാനുള്ള രംഗംപോലുമുണ്ടായില്ല. നിലതെറ്റിയ ഡിഫൻസും പരസ്പരധാരണയില്ലാത്ത ഒഫൻസും സ്വന്തം കർത്തവ്യം മറന്ന മധ്യനിരയും ചേർന്ന ടീമിനെയാണ് കലൂർ സ്റ്റേഡിയത്തിൽ കണ്ടത്. കളിയിൽ ചിലദിവസങ്ങളിൽ അങ്ങനെ സംഭവിക്കാം. അതെല്ലാം എല്ലാടീമുകൾക്കും വരാവുന്നതാണ്. കഴിഞ്ഞദിവസം എംബാപ്പെയും, മുഹമ്മദ് സലായും റോണാൾഡോയും പെനാൽറ്റി മിസാക്കിയത് ദൃശ്യമാധ്യമങ്ങളിൽ ലോകം കണ്ടതാണ്. അപ്പോഴും ആരാധകർ പറയുന്നത് കളിച്ചു തോറ്റു എന്നാണ്. ഇവിടെ കളിമറന്നത് പോലെയായിരുന്നു. ബ്ലാസ്റ്റേഴ്സിന് ഇന്ത്യയിലും വിദേശത്തും ആരാധകരുടെ വലിയ പടയുണ്ട്. എല്ലാവർഷവും ജയത്തിന്റെ വാതിൽക്കൽ നിന്ന് മടങ്ങുന്നതാണ് കീഴ്‌വഴക്കം. എങ്കിലും ആരാധകർ മാറാതിരുന്നത് കളിയഴക് കൊണ്ടാണ്. സച്ചിൻ ടെണ്ടുൽക്കറുടെ പിന്തുണയും ബ്രസീലിന്റെ മഞ്ഞപ്പടയോടുള്ള കൂറും ടീമിന് ഉൾകരുത്തായിരുന്നു. ഇപ്പോൾ ഐഎസ്എല്ലിലെ ഒമ്പതാം റാങ്കിലാണ് നിൽക്കുന്നത്. ലോക ഫുട്ബോളിൽ ഇന്ത്യയുടെ റാങ്ക് 127 ആണെന്ന് മനസിനോട് പറയാം. രാജ്യം തന്നെ ഫുട്ബോളിൽ പിന്നോട്ട് നടക്കുമ്പോൾ കേരളത്തിന്റെ കാര്യം മാത്രം പറയാനില്ലല്ലോ എന്ന് സമാധാനിക്കാം.
ബ്ലാസ്റ്റേഴ്സ് കളിയിൽ സ്ഥിരത കാണിക്കാത്തത് ഒരിക്കലും അംഗീകരിക്കാൻ ആരാധകർക്കാകില്ല. കാരണം കളിയുടെ 40-ാം മിനിറ്റിൽ സ്വന്തം പോസ്റ്റിൽ ഗോൾ വന്നപ്പോൾ 58 നിമിഷം കയ്യിലുണ്ടായിട്ടും സംഘടിതമായി മുന്നേറി എതിരാളികളുടെ ഡിഫൻസിനെ ആശങ്കയിലാക്കി ഗോൾതിരിച്ചടിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ല. ലൂണയുടെ ഒരു ലോങ്ഷൂട്ട് ഒഴിച്ചാൽ ഒന്നും ചെയ്തില്ല. എതിരാളികളിൽ ആശയക്കുഴപ്പം സൃഷ്ടിച്ച് കളി വരുതിയിലാക്കാനുള്ള ഒരുശ്രമവും കണ്ടില്ല. ആയിരങ്ങൾ ഒരുപാട് പ്രയാസപ്പെട്ട് കളികാണാൻ എത്തുന്നതിന്റെ ഗൗരവം നമ്മുടെ ബ്ലാസ്റ്റേഴ്സിന്റെ കളിക്കാരിൽ കാണാത്തത് ആരാധകരെ വിഷമവൃത്തത്തിലാഴ്‌ത്തും. കേരള ഫുട്ബോളിന്റെ ഇടക്കാലത്തെ വളർച്ചയിൽ ബ്ലാസ്റ്റേഴ്സിന്റെ സംഭാവന മറക്കുന്നില്ല. എന്നാൽ, ഇപ്പോഴത്തെ സ്ഥിതി നമ്മെ വല്ലാതെ വിഷമിപ്പിക്കുന്നു. കേരളഫുട്ബോൾ വളർച്ചയുടെ വഴിയിൽ മുന്നേറുന്ന തന്റെ വാർത്തകളാണ് സന്തോഷ് ട്രോഫിയിലും ഐ ലീഗിലും കാണുന്നത്. ഐ ലീഗിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരുസമനിലയിലുമായി ഗോകുലം മുന്നോട്ടാണ്. റിയൽ കശ്മീരിനെ അവരുടെ കളിക്കളത്തിൽ തന്നെ വരവരഞ്ഞ് നിർത്തിയത് അഭിമാനകരമാണ്.