Site iconSite icon Janayugom Online

ഏഷ്യന്‍ ഫുട്ബോളിന് പ്രതീക്ഷയുടെ നാളുകള്‍

ഖത്തർ ലോകകപ്പ്, ഫുട്ബോളിന്റെ വൈപുല്യം വിളിച്ചറിയിക്കുന്നതായിരുന്നു. പഞ്ചഭൂഖണ്ഡങ്ങളിലും കളിയാവേശത്തിന്റെ നവം നവങ്ങളായ മാതൃകകളാണ് നിഴലിച്ചു കണ്ടത്. കരുത്തരിൽ കരുത്തരായ യൂറോപ്പും തുല്യത കൈയ്ക്കലാക്കിയ ലാറ്റിനമേരിക്കയും മാത്രമല്ല പിന്നാലെതന്നെ ഞങ്ങളും വരുന്നുവെന്ന് പോരാട്ടത്തിലൂടെ വ്യക്തമാക്കിയ ആഫ്രിക്കയും ഏഷ്യയുമെല്ലാം. കളിയും സമ്പത്തുംകൊണ്ട് പുതിയ വെല്ലുവിളി ഉയർത്താൻ പോകുന്ന അറബ് രാജ്യങ്ങളും കളിയാവേശത്തിലാണ്.

അടുത്ത നാലുവർഷംകൊണ്ട് വരുന്ന ഫിഫാകപ്പിന്റെ ദീർഘമായ തുടർ പ്രക്രിയ 2024ൽ ആരംഭിക്കും. അടുത്ത തവണ ഗ്രൂപ്പ് മത്സരങ്ങളിൽ 16 ടീമുകൾ വർധിക്കും. ഓരോ മേഖലയിൽ നിന്നും പുതുതായി വരാവുന്ന രാജ്യങ്ങൾ പുതിയ ചാൻസ് ഉപയോഗപ്പെടുത്താനുള്ള സംഘടിത ശ്രമങ്ങളിലാണ്. ഫിഫയിലെ അംഗങ്ങളായ 211 രാജ്യങ്ങളിൽനിന്നും മേഖലാതലത്തിൽ മത്സരിച്ചാണ് നാൽപത്തിയെട്ടിൽ എത്തേണ്ടത്. ഇത്തവണ തന്നെ കടുത്ത മത്സരങ്ങളാണ് മേഖലാതലങ്ങളിൽ നടന്നത്. അതുകൊണ്ടുതന്നെ യൂറോപ്യൻ ചാമ്പ്യന്മാരായ ഇറ്റലിയും മുഹമ്മദ് സലയുടെ ജന്മരാജ്യമായ ഈജിപ്തും 32ൽ എത്തിച്ചേർന്നില്ല. പോർച്ചുഗൽ കടന്നുവന്നത് ക്രിസ്റ്റ്യാനോയുടെ കളി മിടുക്കിലായിരുന്നു.

സൗദി അറേബ്യ, ലോകകപ്പ് കഴിഞ്ഞപ്പോൾ വലിയ ആവേശത്തിലാണ്. ലോകചാമ്പ്യന്മാരെ തോൽപ്പിച്ച ഏക ടീമെന്ന ബഹുമതി അവരെ വാനോളം ഉയർത്തിയിരിക്കയാ­ണ്. റൊണാൾഡോ ടീമിന്റെ ഭാഗമായത് അൽ നസറിന് ലോകപരിവേഷം കൈവന്നതു പോലെയാണ്. അവിടത്തെ നിയമപ്രകാരം എട്ട് വിദേശകളിക്കാരെ ഒരു ടീമിൽ രജിസ്റ്റര്‍ ചെയ്യാം. ഇപ്പോൾ ലീഗിൽ ഒന്നാം സ്ഥാനത്താണ് അൽ നസർ. ക്രിസ്റ്റ്യാനോയുടെ ലോക പരിവേഷവും ആരാധക ബാഹുല്യവും അവർ ശരിക്കും ഉപയോഗിക്കും. താരത്തിന് ഇത്തവണ ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ അവസരമുണ്ടാകത്തക്കവിധുള്ള നീക്കങ്ങൾ അവർ തുടങ്ങിക്കഴിഞ്ഞു. അതിനുള്ള അനുവാദം കരാറിൽ ഉണ്ട്. ചാമ്പ്യൻസ് ലീഗിൽ ഇപ്പോൾ മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിലാണ് ആവശ്യമായി വന്നാൽ കരാറടിസ്ഥാനത്തിൽ താരത്തെ കളിപ്പിക്കുക. ന്യൂകാസിൽ ചാമ്പ്യൻസ് ലീഗിൽ 35 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡുമായി തുല്യതയിൽ നിൽക്കുന്നു. 15 കളിയിൽ ആറ് ജയവും എട്ട് സമനിലയും ഒരു പരാജയവുമാണ്.

ടോട്ടനവും ലിവർപൂളും ന്യൂകാസിലിന് താഴെയാണ്. ന്യൂകാസിലിന് ഫൈനാൻസ് നൽകുന്നത് സൗദി അറേബ്യൻ പബ്ലിക് ഇൻവെസ്റ്റ് ഫണ്ടാണ്. ഫുട്ബോളിന്റെ പ്രചാരവും വൈവിധ്യവും ലോകമാകെയുള്ള ജനകോടികളെ ആകർഷിക്കുന്ന കാലമാണ് ഖത്തർ ലോകകപ്പിൽക്കൂടി ഒരു വലിയ ഓളമായി വളർന്നത്. 22-ാമത് ലോകകപ്പ് അർജന്റീനക്ക് തന്നെ ലഭിക്കണമെന്നാണ് ഫുട്ബോൾ പ്രേമികളായ ജനകോടികളിൽ മഹാഭൂരിപക്ഷവും കരുതിയത്. കാരണം, മെസിയെന്ന താരം ലോകജനതയിലുണ്ടാക്കിയ വ്യക്തിപരമായ സ്വാധീനം ഒന്നുതന്നെ. വിജയത്തോടെ പൂർണതയാർന്ന ഒരു കളിക്കാരനായി മെസി വളർന്നു കഴിഞ്ഞു. അദ്ദേഹം കളി തുടരുമെന്ന് പറയുന്നത് സ്വാഭാവികം. ഫെർഫോമെൻസ് നിൽക്കുമെങ്കിൽ ആവാം.

തുടർച്ചയായ ലോകകപ്പ് എളുപ്പമുള്ള കാര്യമായിരിക്കില്ല. ബ്രസീലും ഇറ്റലിയും മുമ്പേ കൊയ്ത നേട്ടം പിന്നീട് ആർക്കും ആവർത്തിക്കാൻ കഴിഞ്ഞില്ല. ഫിഫയുടെ പുതിയ തീരുമാനം ലോകഫുട്ബാളിന്റെ വളർച്ചയിൽ വലിയ സ്വാധീനമാകും. ഓരോ രാജ്യങ്ങളും അതിനുള്ള കർമ്മ പരിപാടികൾ ആവിഷ്കരിക്കും. ഇന്ത്യൻ ഫുട്ബോളിന്റെ വളർച്ചയ്ക്ക് കാൽനൂറ്റാണ്ടു കാലത്തെ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ ഈ കാര്യത്തിൽ അനുഗ്രഹീതമായ മാതൃകകളാണ്. അവർ ചെയ്യുന്നത് ബാലതാരങ്ങളെ ആദ്യമായി റിക്രൂട്ട് ചെയ്യുകയാണ്. അഞ്ചാം തരത്തിൽ പഠിക്കുന്ന കുട്ടികളെയാണ് തിരഞ്ഞെടുക്കുക. തുടർന്ന് ബോർഡിങ് സ്കൂളിൽ പ്രവേശനം നല്‍കും.
പഠനവും കളിയും ഒരുമിച്ച് നടത്തി കുട്ടികളെ ജൂനിയർ താരമായും തുടർന്ന് ഏജ് ടൂർണമെന്റിലും കളിച്ച് തെളിഞ്ഞ കളിക്കാരാകും.

ഇന്ത്യയുടെ പുതിയ നിർദേശത്തിൽ നമ്മുടെ രാജ്യത്തിന്റെ ലോകകപ്പ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് ലക്ഷ്യമിടുന്നത്. പക്ഷെ, ഈകാര്യത്തിൽ അസോസിയേഷനും സര്‍ക്കാരും സംയുക്തമായി ഒരു പരിപാടിയാണ് തയ്യാറാക്കേണ്ടത്. അതിൽ ഇന്ത്യയിലെ ബിസിനസ് സമൂഹത്തെ കൂടി കൂട്ടിചേർത്ത് ത്രിതലപരിപാടിയാകണം. വിദേശരാജ്യങ്ങളിൽ പ്രധാനമായും വലിയ വലിയ ബിസിനസ് ലോബികളാണ് ടീമുകളെ നിലനിർത്തുന്നത്. നമ്മുടെ രാജ്യത്ത് 1950കളിൽ ബോംബെ കാൾടെക്സിനും ടാറ്റയ്ക്കുമെല്ലാം ശക്തമായ ടീമുകൾ ഉണ്ടായിരുന്നു. കേരളത്തിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ടീമുകൾ പ്രധാനമായിരുന്നു. അലിന്റ, പ്രിമിയർ ടയേർസ്, എഫ്എസിടി, ട്രാൻസ്പോർട്ട്, കെഎസ്ആർടിസി, കെഎസ്ഇബി, ടൈറ്റാനിയം, കേരള പൊലീസ് എന്നിങ്ങനെയുള്ള ടീമുകൾ മറ്റുള്ളവയുടെ പേടിസ്വപ്നങ്ങളായിരുന്നു.

Eng­lish Summary;Hopeful days for Asian football
You may also like this video

Exit mobile version