Site iconSite icon Janayugom Online

ഹോര്‍മുസ് അടഞ്ഞു; ഖത്തറിൽ ഉല്പാദനം നിലച്ചു, ഇന്ത്യക്ക് മുന്നിൽ 45 ദിവസം

പശ്ചിമേഷ്യൻ യുദ്ധം ആളിപ്പടരുന്നതിനിടെ ഖത്തർ ദ്രവീകൃത പ്രകൃതി വാതക (എല്‍എന്‍ജി) ഉല്പാദനം നിർത്തിവെച്ചത് ഇന്ത്യയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. ഇസ്രയേൽ‑അമേരിക്കൻ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങളെത്തുടർന്ന് വിതരണം തടസ്സപ്പെട്ടതോടെ, രാജ്യത്തെ പ്രമുഖ വ്യവസായങ്ങൾക്കുള്ള ഗ്യാസ് വിഹിതം 10 മുതൽ 30 % വരെ വെട്ടിക്കുറച്ചു.
പ്രമുഖ ഗ്യാസ് വിതരണ കമ്പനികളായ ഗെയിലിനും ഇന്ത്യൻ ഓയിൽ കോർപ്പറേഷനും (ഐഒസി) വിദേശത്തുനിന്നുള്ള ഗ്യാസ് ലഭ്യത കുറഞ്ഞതായി പെട്രോണറ്റ് എൽഎൻജി ലിമിറ്റഡ് ഔദ്യോഗികമായി അറിയിച്ചു. പെട്ടെന്നുണ്ടായ ഈ കുറവ് പരിഹരിക്കാൻ ‘മിനിമം ലിഫ്റ്റിംഗ് ക്വാണ്ടിറ്റി’ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ വിതരണം ക്രമീകരിച്ചിരിക്കുന്നത്. ഇത് വളം നിർമ്മാണം, വൈദ്യുതി ഉല്പാദനം, സ്റ്റീൽ വ്യവസായം എന്നിവയെ ബാധിക്കും.

വിടവ് നികത്താൻ അന്താരാഷ്ട്ര വിപണിയിൽ നിന്ന് അടിയന്തരമായി ഗ്യാസ് വാങ്ങാൻ കമ്പനികൾ ശ്രമിക്കുന്നുണ്ടെങ്കിലും യുദ്ധം കാരണം കപ്പൽ കൂലിയും ഇൻഷുറൻസ് തുകയും കുത്തനെ കൂടിയത് വലിയ സാമ്പത്തിക ബാധ്യതയാകും. ലോകത്തിലെ എണ്ണ‑വാതക നീക്കത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ അപകടത്തിലാണ്.
ഊർജ്ജ വിപണി വിശകലന ഏജൻസിയായ ‘കെപ്ലർ’ നൽകുന്ന വിവരങ്ങൾ പ്രകാരം ഇന്ത്യയുടെ പക്കൽ നിലവിലുള്ള തന്ത്രപ്രധാന ശേഖരം കൊണ്ട് ഏകദേശം 40–45 ദിവസത്തെ ആവശ്യങ്ങൾ മാത്രമേ നിറവേറ്റാനാകൂ. നിലവിൽ 100 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ മാത്രമാണ് സംഭരണ ടാങ്കുകളിലും കപ്പലുകളിലുമായി ഉള്ളത്.

ഇന്ത്യക്ക് ആവശ്യമുള്ള അസംസ്‌കൃത എണ്ണയുടെ 88 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ്. ഇതിൽ പകുതിയിലധികവും പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിന്നായിരുന്നു. വിതരണ തടസത്തേക്കാൾ ഉപരിയായി എണ്ണവിലയിലുണ്ടാകുന്ന വർധനവാണ് രാജ്യം നേരിടുന്ന മറ്റൊരു വെല്ലുവിളി. ഇറാൻ പ്രതിസന്ധിക്ക് പിന്നാലെ രാജ്യാന്തര വിപണിയിൽ ബ്രെന്റ് ക്രൂഡ് ഓയിൽ വില 10 % വർധിച്ച് ബാരലിന് 80 ഡോളർ കടന്നു. 2026 ഏപ്രിൽ മുതൽ ജനുവരി വരെയുള്ള പത്തു മാസത്തിനുള്ളിൽ തന്നെ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ 100.4 ബില്യൺ ഡോളർ ചിലവാക്കിക്കഴിഞ്ഞു.

ആഭ്യന്തര വിപണിയിൽ ഇന്ധന ലഭ്യത ഉറപ്പാക്കാൻ ഡീസൽ, ജെറ്റ് ഇന്ധനം തുടങ്ങിയവയുടെ കയറ്റുമതി കേന്ദ്ര സർക്കാർ നിയന്ത്രിച്ചേക്കാം. ലോകത്തിലെ ഏറ്റവും വലിയ പെട്രോളിയം ഉല്പന്ന കയറ്റുമതി രാജ്യങ്ങളിൽ ഒന്നാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കയറ്റുമതി വരുമാനത്തേക്കാൾ ആഭ്യന്തര ഇന്ധന വില നിയന്ത്രിക്കുന്നതിനായിരിക്കും സർക്കാരിന്റെ മുൻഗണന. പശ്ചിമേഷ്യയിൽ നിന്നുള്ള വിതരണം നിലച്ചാൽ റഷ്യ, പശ്ചിമാഫ്രിക്ക, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് കൂടുതൽ എണ്ണ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. 

Exit mobile version