ഓണക്കാലത്ത് ഹോര്‍ട്ടികോര്‍പ്പിന്റെ പ്രവര്‍ത്തനത്തിനാവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുമെന്ന് മന്ത്രി പി പ്രസാദ്. സംസ്ഥാനത്ത് ഓണച്ചന്തകള്‍ ആരംഭിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. കേരളത്തിന് പുറത്ത് നിന്ന് ചില പച്ചക്കറികള്‍ ലഭ്യമാക്കേണ്ടതുണ്ട്. കേരളത്തിലെ കര്‍ഷകരില്‍ നിന്നും പരമാവധി പച്ചക്കറികള്‍ സമാഹരിക്കും. എല്ലാ പച്ചക്കറികളും കേരളത്തില്‍ സുലഭമായി ലഭിക്കില്ല. അവ കേരളത്തിന് പുറത്ത് നിന്ന് സമാഹരിക്കേണ്ടി വരും. അതിനായുള്ള നടപടികളും ഹോര്‍ട്ടികോര്‍പ്പ് ആരംഭിച്ചു. ഹോര്‍ട്ടികോര്‍പ്പ് , വിഎഫ്‌പിസികെ എന്നിവയെല്ലാം കേന്ദ്രീകരിച്ചും കൃഷിഭവനുകള്‍ കേന്ദ്രീകരിച്ചും ഓണച്ചന്തകള്‍ നടപ്പാക്കുന്നതിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞു.
തക്കാളിക്ക് വില കൂടുമ്പോള്‍ ആ ഇനത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. നമുക്കാവശ്യമായ പച്ചക്കറികള്‍ കേരളത്തില്‍ ഉല്പാദിപ്പിക്കുക എന്നതാണ് ശാശ്വത പരിഹാരം. അരിയുടെ കാര്യത്തില്‍ നമുക്ക് ബുദ്ധിമുട്ടുണ്ടാകും. കേരളത്തില്‍ വയലുകള്‍ കുറവാണ്. പഴം, പച്ചക്കറി, ഇല വര്‍ഗങ്ങള്‍, കിഴങ്ങു വര്‍ഗങ്ങള്‍ എന്നിവ ഉല്പാദിപ്പിക്കാനാവശ്യമായ മണ്ണും മനുഷ്യനും ഇവിടെയുണ്ട്.
എല്ലാവരുടേയും പിന്തുണ ഉണ്ടെങ്കില്‍ ഈ പ്രശ്നം വലിയൊരളവ് വരെ പരിഹരിക്കാന്‍ കഴിയും. അതിനായാണ് ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി പതിനായിരം കൃഷിക്കൂട്ടങ്ങളാണ് ലക്ഷ്യം വെച്ചത്. ഇന്ന് കേരളത്തില്‍ 23000 കൃഷിക്കൂട്ടങ്ങളായി മാറി. 30000 കൃഷിക്കൂട്ടങ്ങള്‍ വരെ എത്തുമ്പോള്‍ മൂന്ന് ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാനും കഴിയും. കാബ്കോ കൂടി യാഥാര്‍ത്ഥ്യമാകുന്നതോടെ തൊഴില്‍ നല്‍കുന്നതിന്റെ എണ്ണം വര്‍ധിക്കും. മൂന്ന് ലക്ഷം പേര്‍ക്ക് കേരളത്തില്‍ തൊഴില്‍ നല്‍കാന്‍ കഴിയുന്നതിനോടൊപ്പം സുരക്ഷിതമായ പച്ചക്കറി എല്ലാവര്‍ക്കും നല്‍കാനും കഴിയുമെന്ന് മന്ത്രി പറഞ്ഞു.
English Summary: Horticorp will have all the help from the government during Onam: Minister P Prasad
You may also like this video