പാലക്കാട് ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ മദ്യപിച്ച് എത്തിയ ഒരാൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കൈയേറ്റം ചെയ്തു. ഭാര്യയെ അത്യാഹിത വിഭാഗത്തിൽ കാണിക്കാൻ എത്തിയ മുട്ടിപ്പാലം സ്വദേശി ഗോപകുമാറാണ് അതിക്രമം നടത്തിയത്.
വ്യാഴാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ഭാര്യ പടിയിൽ നിന്ന് വീണ് കാലിന് പരിക്കുപറ്റിയതിനെ തുടർന്നാണ് ഗോപകുമാര്‍ ആശുപത്രിയിലെത്തുന്നത്. ഒപി ടിക്കറ്റ് രജിസ്ട്രേഷന് എത്തിയപ്പോൾ ക്യൂആർ കോഡ് സ്കാൻ ചെയ്യാനാകുന്നില്ലെന്ന് പറഞ്ഞായിരുന്നു പ്രശ്നം ഉണ്ടായത്. അത്യാഹിത വിഭാഗത്തിൽ ഭാര്യയെ പരിശോധിച്ച ഡോ. ഉമ്മർ എന്താണ് സംഭവിച്ചതെന്ന് ചോദിച്ചു. ഇതിൽ രോഷാകുലനായ ഇയാൾ ഡോക്ടറുടെ വസ്ത്രം വലിച്ചുകീറുകയും സുരക്ഷാ ജീവനക്കാരനെ കടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ ഗോപകുമാറിനെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തു.

