Site icon Janayugom Online

ആശുപത്രി സംരക്ഷണ നിയമ ഭേദഗതിക്ക് ഓർഡിനൻസ്: മുഖ്യമന്ത്രി

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാ ദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.
2012ലെ കേരള ആരോഗ്യരക്ഷാ സേവന പ്രവർത്തകരും ആരോഗ്യരക്ഷാ സേവന സ്ഥാപനങ്ങളും (അക്രമവും സ്വത്തിനുള്ള നാശവും തടയൽ) നിയമം കൂടുതൽ കർശനമായി നടപ്പാക്കുന്നതിനാണ് ആവശ്യമായ ഭേദഗതി വരുത്തുക. നിലവിലുള്ള നിയമത്തിൽ ആരോഗ്യ സ്ഥാപനങ്ങൾ, ആരോഗ്യ പ്രവർത്തകർ എന്നീ നിർവചനങ്ങളിൽ വരുത്തേണ്ട മാറ്റങ്ങൾ, ശിക്ഷകൾ തുടങ്ങിയവയിൽ കാലാനുസൃതമായ ഭേദഗതി കൊണ്ടുവരും. ചീഫ് സെക്രട്ടറിയുടെ മേൽനോട്ടത്തിൽ ആഭ്യന്തര വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ സെക്രട്ടറി എന്നിവർ ഇതു സംബന്ധിച്ച ചർച്ചകൾ നടത്തി ഭേദഗതി നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിനു മുൻപാകെ സമർപ്പിക്കണം.
കേരള ആരോഗ്യ സർവകലാശാല, ആരോഗ്യപ്രവർത്തകരുടെ സംഘടനകൾ തുടങ്ങിയവരുമായും ചർച്ചകൾ നടത്തും. ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെ സംഘടനകൾ സർക്കാരിനു നൽകിയിട്ടുള്ള നിവേദനങ്ങളും നിർദേശങ്ങളും പരിഗണിക്കും. പ്രതികളേയും അക്രമ സ്വഭാവമുള്ള ആളുകളേയും ആശുപത്രിയിൽ കൊണ്ടുപോകുമ്പോൾ പ്രത്യേക സുരക്ഷാ സംവിധാനം ഏർപ്പെടുത്തണം. ആശുപത്രികളിലും പരിസരത്തും തിരക്ക് നിയന്ത്രിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

eng­lish sum­ma­ry; Hos­pi­tal Pro­tec­tion Act Amend­ment Ordi­nance: CM

you may also like this video;

Exit mobile version