Site iconSite icon Janayugom Online

ഹോട്ടലിലെ പീഡനം: മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന് പൊലീസ്

ഹോട്ടലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതികളുടെ അറസ്റ്റ് അനിവാര്യമെന്ന് പൊലീസ്. പ്രതികൾക്കെതിരായ ഡിജിറ്റൽ തെളിവുകൾ അടക്കം ശേഖരിച്ചെന്നും റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിക്കുമെന്നും പൊലീസ് വ്യക്തമാക്കി. പോക്സോ കേസിലെ ഒന്നാം പ്രതി നമ്പർ 18 ഹോട്ടലുടമ റോയി വയലാട്ട്, രണ്ടാം പ്രതി സൈജു തങ്കച്ചൻ, മൂന്നാം പ്രതി അഞ്ജലി റീമാദേവ് എന്നിവരുടെ മുൻകൂർ ജാമ്യഹർജി നാളെ വീണ്ടും കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് നിലപാട് വ്യക്തമാക്കുന്നത്.

കേസുമായി ബന്ധപ്പെട്ട വിശദമായ റിപ്പോർട്ട് കോടതിയിൽ നൽകാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതിനിടെ, കേസിലെ മൂന്നാം പ്രതി റീമ ദേവിനെതിരെ കൊച്ചി സൈബർ സെൽ പുതിയ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പോക്സോ കേസിലെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനാണ് പുതിയ കേസ്. കഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിരുന്നു.
പ്രായപൂർത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ അഞ്ജലി പറഞ്ഞത്.

പോക്സോ കേസിൽ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേർക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളിൽ ഒരാളായ അഞ്ജലി തുടർച്ചയായി സോഷ്യൽ മീഡിയയിലൂടെ പ്രതികരണങ്ങൾ നടത്തുന്നത്. എന്നാൽ അഞ്ജലിയുടെ ആരോപണം തള്ളിയ പരാതിക്കാരി അഞ്ജലി മയക്കുമരുന്ന് ഇടപാടിലെ കണ്ണിയാണെന്ന് വെളിപ്പെടുത്തി. ഇക്കാര്യം പോലീസിനെ അറിയിച്ച തന്നെ അഞ്ജലിയുടെ ബന്ധു ഭീഷണിപ്പെടുത്തി. മകളെ ഇല്ലാത്ത ആരോപണങ്ങളിലേക്ക് വലിച്ചിഴച്ച് കേസ് പിൻവലിപ്പിക്കാനാണ് അഞ്ജലി ശ്രമിക്കുന്നതെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18.ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകിയിരുന്നു.

eng­lish sum­ma­ry; Hotel harass­ment: Police warn not to grant antic­i­pa­to­ry bail

you may also like this video;

Exit mobile version