Site iconSite icon Janayugom Online

ഹോട്ടല്‍ ഖാദിം ഇനി ഇല്ല : അജയ് മേരു എന്ന് പേര് മാറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍

അജ്മീറിലെ പ്രശസ്തമായ ഹോട്ടല്‍ ഖാദിമിനെ രാജസ്ഥാന്‍ സര്‍ക്കാര്‍ അജയ്‌മേരു എന്ന് പുനര്‍നാമകരണം ചെയ്തു.നഗരത്തിന്റെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഔദ്യോഗിക ഉത്തരവെന്നാണ് വിശദീകരണം.അജ്മീര്‍ നോര്‍ത്തില്‍ നിന്നുള്ള എംഎല്‍എയുടേയും അജ്മീര്‍ സ്വദേശിയായ നിയമസഭാ സ്പീക്കര്‍ വാസുദേവ് ദേവ്‌നാനിയുടെയും നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജസ്ഥാന്‍ ടൂറിസം ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ പേര് മാറ്റുന്നതായി ഉത്തരവിട്ടത്.

അജ്മീര്‍ ചരിത്രപരമായി അജയ്‌മേരു എന്നാണ് അറിയപ്പെട്ടിരുന്നത്. പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും ഈ പേര് ഉപയോഗിച്ചിരുന്നു.സൂഫി സന്യാസിയായ ഖ്വാജ മൊയ്‌നുദ്ദീന്‍ ചിസ്തിയുടെ ആരാധനാലയം ഉള്ളതിനാല്‍ ഈ നഗരം പ്രസിദ്ധമാണ്. ഖാദിം എന്ന പേര് ഇതിനോട് ബന്ധപ്പെട്ടാണ് ഉണ്ടായത്.വിനോദ സഞ്ചാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നാട്ടുകാര്‍ക്കും ഇടയില്‍ പ്രശസ്തമായ ഹോട്ടലിന്റെ പേര് അജ്മീറിന്റെ സമ്പന്നമായ സാംസ്‌കാരിക ചരിത്രവും പൈതൃകവും സ്വത്വവും പ്രതിഫലിപ്പിക്കുന്നതായിരിക്കണമെന്ന് സ്പീക്കര്‍ പറഞ്ഞു.

അജ്മീറിലെ ക്വിങ് എഡ്വേര്‍ഡ് മെമ്മോറിയലിന്റെ പേര് സ്വാമി ദയാനന്ദ സരസ്വതിയുടെ പേരില്‍ പുനര്‍നാമകരണം ചെയ്യാനും ദേവനാനി നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിന് ശേഷം ആര്‍ടിഡിസി എംഡി സുഷമ അറോറയാണ് ഹോട്ടല്‍ ഖാദിമിന്റെ പേര് അജയ്‌മേരു എന്നാക്കി മാറ്റാനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

ഏഴാം നൂറ്റാണ്ടില്‍ മഹാരാജാ അജയ്‌രാജ് ചൗഹാന്‍ ആണ് അജയ്‌മേരു എന്ന പേര് നിര്‍ദേശിച്ചതെന്ന് ചരിത്രം പറയുന്നു. പുരാതന രേഖകളിലും ഭൂമിശാസ്ത്രപരമായ പരാമര്‍ശങ്ങളിലും ഈ പേര് ഉപയോഗിച്ചിട്ടുണ്ടെന്ന് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെട്ടുന്നു.

Exit mobile version