Site icon Janayugom Online

സംസ്ഥാനത്തെ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കുമെന്ന് ഹോട്ടലുടമകള്‍; കാരണം ഇതാണ്

ചിക്കന്റെ വില ഒരു നിയന്ത്രണവുമില്ലാതെ കുതിക്കുന്നത് തുടർന്നാൽ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ബഹിഷ്ക്കരിക്കേണ്ടിവരുമെന്ന് കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ. കൊവിഡിനെ തുടർന്ന് തകർച്ചയിലായ ഹോട്ടലുകളിൽ ഡൈനിങ് അനുവദിച്ചതിനെ തുടർന്ന് വ്യാപാരം പതിയെ സാധാരണനിലയിലേക്ക് വന്നുതുടങ്ങുമ്പോഴാണ് ഇരുട്ടടിയായി ചിക്കന് വിലവർധിക്കുന്നത്. ചിക്കനോടൊപ്പം തന്നെ സവാളയടക്കമുള്ള അവശ്യസാധനങ്ങൾക്കും, പാചകവാതകത്തിനും വില വർധിച്ചുകൊണ്ടിരിക്കുന്നതും ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടിയാണ്. 

സംസ്ഥാനത്തെ ചിക്കൻ വിപണി നിയന്ത്രിക്കുന്ന അന്യസംസ്ഥാന ലോബിയുടെ ലാഭക്കൊതിയാണ് ചിക്കന്റെ വിലവർധനവിന് കാരണം. സംസ്ഥാനത്ത് കൃത്രിമ ക്ഷാമമുണ്ടാക്കി ചിക്കന് വില വർധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഒരു മാസത്തിനിടെ ഇരട്ടിയോളം വില വർധിച്ചു. കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ഹോട്ടൽ മേഖലയ്ക്ക് ചിക്കനടക്കമുള്ള അവശ്യസാധനങ്ങളുടെ വിലവർധനവ് കാരണം ഹോട്ടലുകൾ അടച്ചിടുകയോ, വിഭവങ്ങൾക്ക് വില വർധിപ്പിക്കേണ്ടിവരുകയോ ചെയ്യേണ്ടിവരും. 

അടിക്കടിയുള്ള ചിക്കന്റെയും അവശ്യസാധനങ്ങളുടേയും വില വർധനവ് തടയാൻ സർക്കാർ വിപണിയിലിടപെടണമെന്നും, തദ്ദേശ ചിക്കൻ ഫാമുകളിൽനിന്നുള്ള കോഴിയിറച്ചി കൂടുതൽ വിപണിയിലെത്തിച്ച് ചിക്കന്റെ വിലവർധനവ് പിടിച്ചുനിർത്തണമെന്നും കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജിയും ജനറൽ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു. 

ENGLISH SUMMARY:Hoteliers say they will boy­cott chick­en dish­es in the state
You may also like this video

Exit mobile version