Site iconSite icon Janayugom Online

ഇന്ത്യയിലേക്കുള്ള കപ്പല്‍ ഹൂതി വിമതര്‍ റാഞ്ചി

shipship

ഇന്ത്യയിലേക്കുള്ള ചരക്ക് കപ്പൽ യെമനിലെ വിമതസൈന്യമായ ഹൂതികൾ പിടിച്ചെടുത്തതായി ഇസ്രയേൽ. ഇന്ത്യയിലെ പീപ്പവാവ് തുറമുഖത്തേക്ക് പുറപ്പെട്ട കപ്പലാണ് ചെങ്കടലിൽ വച്ച് ഹൂതികൾ പിടിച്ചെടുത്തത്. ബ്രിട്ടീഷ് ഉടമസ്ഥതയിലുള്ള ജപ്പാൻ കമ്പനിയുടെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഗാലക്സി ലീഡര്‍ എന്ന കപ്പലാണ് ഹുതി വിമതരുടെ കയ്യിലായത്. ഒടുവില്‍ ലഭിച്ച വിവരം പ്രകാരം തുർക്കിയിലെ കോർഫെസിനോടടുത്തായിരുന്നു കപ്പൽ. ബൾഗേറിയ, ഫിലിപ്പീൻസ്, മെക്‌സിക്കോ, ഉക്രെയ്ൻ അടക്കമുള്ള വിവിധ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. 

ഗാസയില്‍ ഇസ്രയേല്‍ യുദ്ധം തുടരുന്നതിനിടെ ഹമാസ് പോരാളികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഹൂതികള്‍ ഇസ്രയേലിന് നേരെ മിസൈല്‍, ഡ്രോണ്‍ ആക്രമണം നടത്തുന്നുണ്ട്. ചെങ്കടലിലും ബാബുല്‍ മന്ദഖ് കടലിടുക്കിലും ഇസ്രയേല്‍ കപ്പലുകളെ പിടിച്ചെടുക്കാന്‍ തങ്ങള്‍ക്ക് കഴിയുമെന്നും ഹൂതി നേതാവ് കഴിഞ്ഞയാഴ്ച ഭീഷണി മുഴക്കിയിരുന്നു. 

ഇസ്രയേല്‍ കമ്പനികളുടെ ഉടമസ്ഥതയിലുള്ളതോ പ്രവര്‍ത്തിപ്പിക്കുന്നതോ ഇസ്രയേല്‍ പതാക വഹിക്കുന്നതോ ആയ എല്ലാ കപ്പലുകളെയും ലക്ഷ്യമിടുമെന്നായിരുന്നു ഹൂതി വക്താവ് യഹ്‌യ സരിയയുടെ ഭീഷണി.
ഹുതി സൈന്യം പിടിച്ചെടുത്ത കപ്പലിന്റെ ഉടമസ്ഥതയിലോ പ്രവര്‍ത്തനത്തിലോ അന്താരാഷ്ട്ര ജീവനക്കാരുടെ കാര്യത്തിലോ ഇസ്രയേല്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് അറിയിച്ചു. ഇറാന്റെ സഹായത്തോടെയാണ് ഹുതികള്‍ കപ്പല്‍ പിടിച്ചെടുത്തതെന്നും ഇസ്രയേല്‍ ആരോപിക്കുന്നു. സംഭവം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് പ്രതികരിച്ചു. അതേസമയം സംഭവത്തില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന് ഇസ്രയേല്‍ ആരോപണം നിഷേധിച്ചുകൊണ്ട് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

You may also like this video

Exit mobile version