Site iconSite icon Janayugom Online

മാസമുറയെ താളം തെറ്റിക്കുന്ന പിസിഒഡി രോഗം യുവതികളില്‍ കൂടുന്നതെന്തുകൊണ്ട്?

സ്ത്രീ ആരോഗ്യത്തിൽ ഇന്ന് പറയുന്നത് പോളിസിസ്റ്റിക് ഓവേറിയൻ സിൻഡ്രോം (Poly­cys­tic Ovary Syn­drome) അഥവാ പിസിഒഎസ് എന്ന രോഗാവസ്ഥയെ കുറിച്ചും അതിന് പരിഹാരമായി ചെയ്യാവുന്ന കാര്യങ്ങളെ കുറിച്ചും ആണ്. മുൻപൊക്കെ പത്തിൽ ഒരാൾക്ക് കണ്ടുവന്നിരുന്ന ഈ അവസ്ഥ ഇന്ന് മൂന്നിൽ ഒന്നായി കൂടി എന്ന് തന്നെ പറയാം. അതിനാൽ തന്നെ കഴിയുന്നതും നേരത്തെ കണ്ടെത്തി ചികിത്സ നേടേണ്ടത് അത്യാവശ്യം ആണ്.

ശരീരത്തിലുള്ള ഹോർമോൺ വ്യതിയാനങ്ങൾ കാരണം ഉണ്ടാവുന്ന രോഗാവസ്ഥയാണ് പിസിഒഡി (PCOD) അഥവാ പിസിഒഎസ്. അണ്ഡാല്പാദനം നടക്കുമെങ്കിലും പൂർണ വളർച്ചയെത്താതെ അണ്ഡാശയത്തിൽ തന്നെ കുമിളകളായി നിൽക്കുകയാണ് ചെയ്യുക. സ്കാൻ ചെയ്തുനോക്കിയാൽ അണ്ഡാശയത്തിലെ വശങ്ങളിൽ മുത്തുമണി പോലെ തരിതരിയായി പൂർണ വളർച്ചയെത്താത്ത ഈ അണ്ഡങ്ങൾ നിൽക്കുന്നത് കാണാം (neck­lace pat­tern). പൂർണ വളർച്ചയെത്താത്തതുകൊണ്ടുതന്നെ മാസത്തിൽ നടക്കേണ്ട അണ്ഡവിസർജനം ഉണ്ടാവുകയും ഇല്ല. അതിനാൽ ഈ അവസ്ഥയുള്ള പെൺകുട്ടികളിൽ ആർത്തവക്രമക്കേടുകൾ ഉണ്ടാവുന്നു. വിവാഹം കഴിഞ്ഞാൽ ഇവർക്ക് വന്ധ്യതക്കുള്ള സാധ്യത കൂടുന്നു. ഇങ്ങനെയുള്ള സ്ത്രീകളിൽ കൂടുതലായി ഗർഭച്ഛിദ്രം സംഭവിക്കും.

എങ്ങനെ തിരിച്ചറിയാം?
പിസിഒഎസ് (PCOS) ഉള്ള സ്ത്രീകളിൽ രണ്ടോ മൂന്നോ മാസം വൈകിയാവും ആർത്തവം ഉണ്ടാവുക. ആർത്തവം ആയാൽ തന്നെ 15 മുതൽ 20 ദിവസം വരെ ബ്ലീഡിങ് നീണ്ടുനിൽക്കാം. അമിത വിശപ്പ് വിശപ്പ്, മധുരത്തിനോടും ചോറിനോടും പ്രത്യേക താല്പര്യം എന്നിവ ഉണ്ടാകും. ഭക്ഷണം കഴിച്ചാൽ അതിനനുസരിച്ചുള്ള ഊർജം ശരീരത്തിനു ലഭിക്കാത്തതിനാൽ ക്ഷീണം, അലസത എന്നിങ്ങനെ അനുഭവപ്പെടാം. ഇൻസുലിൻ റെസിസ്റ്റൻസ് ആണ് ഇതിനു കാരണം. ഇതുമൂലം കഴിക്കുന്ന ഭക്ഷണമെല്ലാം കൊഴുപ്പായിമാറി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടുന്നു. പൊണ്ണത്തടിയും കുടവയറും ഉണ്ടാകും. തുടയിലും പിൻഭാഗത്തും കൂടുതൽ കൊഴുപ്പ് അടിഞ്ഞുകൂടും. കവിളുകളിലും കഴുത്തിന് പിറകിലും കറുപ്പുനിറം വരും. കൂടാതെ, പുരുഷ ഹോർമോണിന്റെ ഉല്പാദനം കാരണം മുഖത്തെ രോമവളർച്ച കൂടുന്നു. മുഖക്കുരു ഉണ്ടാവുകയും നിറം കുറയുകയും ചെയ്യും.

എന്ത് കൊണ്ട്?
അമിതവണ്ണക്കാരിലും മെലിഞ്ഞ ശരീരപ്രകൃതിയുള്ളവരിലും പിസിഒഡി കാണാറുണ്ട്. വ്യായാമമില്ലായ്മ, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, സമീകൃതാഹാരത്തിന്റെ കുറവ്, ഡോക്ടറുടെ നിർദ്ദേശപ്രകാരം അല്ലാതെ അമിതമായി ഗർഭനിരോധന ഗുളിക കഴിക്കുക, ജങ്ക്ഫുഡ് കഴിക്കുക, മാനസിക സമ്മർദ്ദം എന്നിവയെല്ലാം ഈ രോഗാവസ്ഥക്ക് കാരണമായേക്കാം.

എന്ത് ചെയ്യണം?
ഫൈബർ നന്നായി അടങ്ങിയിട്ടുള്ള low glycemic index ഉള്ള ഭക്ഷണങ്ങളാണ് ഇത്തരം ആളുകൾ കഴിക്കേണ്ടത്. ഗോതമ്പ്, തവിടുള്ള അരി, പോഷകഗുണമുള്ളതും ഉയർന്ന അളവിൽ പ്രോട്ടീനുള്ളതുമായ ഭക്ഷണങ്ങൾ, നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ, ആന്റിഓക്സിഡന്റുകളാൽ സമ്പന്നമായ ഭക്ഷണങ്ങൾ എന്നിവയെല്ലാം കഴിക്കാം. പഞ്ചസാര, സംസ്കരിച്ച ഭക്ഷണങ്ങൾ, പായ്ക്ക് ചെയ്ത ഭക്ഷണങ്ങൾ, ഹോട്ടൽ ഭക്ഷണങ്ങൾ, മൈദ, എല്ലാത്തരം ഫ്രൂട്ട് ജ്യൂസുകൾ, സോഡ, ഗ്യാസ് നിറച്ച പാനീയങ്ങൾ, ഐസ്ക്രീം തുടങ്ങിയവ ഒഴിവാക്കണം. കൃത്യമായ വ്യായാമവും അത്യാവശ്യം തന്നെ. ദിവസേന 30–45 മിനിറ്റുവരെ ലഘുവായ വ്യായമങ്ങൾ ചെയ്യുന്നത് ശരീര ഭാരം കുറയ്ക്കുകയും ഹോർമോൺ വ്യതിയാനങ്ങളെ ഒരു പരിധിവരെ പിടിച്ചുനിർത്തുകയും ചെയ്യുന്നു. ബ്ലഡ് ടെസ്റ്റ്, ഫോളിക്കുലർ സ്റ്റഡി, സ്കാനിങ് എന്നിവ നടത്തി അണ്ഡങ്ങളുടെ വളർച്ചയും വിസർജനം നടക്കുന്നുണ്ടോ എന്നുമൊക്കെ അറിയാൻ സാധിക്കും. നേരത്തേ തന്നെ ഡോക്ടറെ സമീപിച്ച് കൃത്യമായി ചികിത്സ തുടങ്ങിയാൽ പിസിഒഎസ് ഉണ്ടാക്കുന്ന പ്രശ്നങ്ങളിൽനിന്നു നമുക്ക് രക്ഷപ്പെടാം.

(ഹോമിയോ ഡോക്ടറാണ് ലേഖിക)

Exit mobile version