Site iconSite icon Janayugom Online

കേന്ദ്ര സഹായത്തിന് ഇനിയുമെത്ര കാക്കണം?

മുണ്ടക്കൈയെയും ചൂരല്‍മലയെയും ഉരുളെടുത്ത് 73 ദിവസം പിന്നിടുമ്പോഴും അര്‍ഹതപ്പെട്ട കേന്ദ്ര സഹായം ഇതുവരെ അനുവദിച്ചിട്ടില്ല. മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തി മടങ്ങിയിട്ട് രണ്ട് മാസം പിന്നിടുമ്പോഴും കേന്ദ്ര സഹായത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. രാജ്യം ദുരന്തബാധിതര്‍ക്കൊപ്പമാണ്. പുനരധിവാസം നാടിന്റെ ഉത്തരവാദിത്വമാണ്. പണം അതിനൊരു തടസ്സമാകില്ല. കേന്ദ്രത്തിന് ചെയ്യാന്‍ കഴിയുന്ന എല്ലാ സഹായവും ചെയ്യുമെന്നും ഓഗസ്റ്റ് പത്തിന് വയനാട്ടിലെത്തിയ പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. അടുത്തിടെ പ്രകൃതി ദുരന്തങ്ങളുണ്ടായ സംസ്ഥാനങ്ങള്‍ക്കുള്‍പ്പെടെ വലിയ വിഹിതം അനുവദിച്ചിട്ടും മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരെ പരിഗണിക്കാതിരുന്നതില്‍ വലിയ പ്രതിഷേധമാണുയരുന്നത്. 

ദുരന്തബാധിതരും കടുത്ത ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക ധനസഹായത്തിനുള്ള നിവേദനം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരുന്നു. കേന്ദ്ര ഫണ്ടില്ലാതെ പുനരധിവാസം സാധ്യമാകില്ല. സമാനതകളില്ലാത്ത ദുരന്തം പാടേ തകര്‍ത്ത മുണ്ടക്കൈ-ചൂരല്‍മല പ്രദേശത്തെ വീണ്ടെടുക്കുകയാണ് നാടിന്റെ ലക്ഷ്യം. പുനരുജ്ജീവനം സംസ്ഥാന സര്‍ക്കാറിന് ഒറ്റക്ക് നേരിടാന്‍ കഴിയില്ലെന്നതിനാല്‍ കേന്ദ്ര സര്‍ക്കാറിന്റെ സഹായം അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശന സമയത്ത് വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. ഇന്നല്ലെങ്കില്‍ നാളെ പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലാണ് നാട്.

ദുരന്തത്തില്‍പ്പെട്ടവരുടെ ഭാവി സംരക്ഷിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. സര്‍ക്കാറുകള്‍ ഒരുമിച്ച് നില്‍ക്കണം. കുട്ടികളുടെ സംരക്ഷണത്തിനായി പ്രത്യേക പദ്ധതികള്‍ വേണമെന്നും അന്ന് പ്രധാനമന്ത്രി പറഞ്ഞ വാഗ്ദാനങ്ങള്‍ക്കപ്പുറം പിന്നീടൊന്നുമുണ്ടായില്ല. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടവരോടും ഇപ്പോഴും കാണാമറയത്തായവരോടും കാണിക്കേണ്ട പ്രതിബന്ധത സര്‍ക്കാറുകള്‍ മറക്കരുത്. ദുരന്തത്തിനിരയായവരുടെ നഷ്ടമായ സ്വപ്‌നങ്ങള്‍ വീണ്ടെടുക്കാന്‍ ഇനിയുമെത്ര കാക്കണം. ഉരുളെടുത്ത നാടിന്റെ വീണ്ടെടുപ്പും കൃത്യമായ പുനരധിവാസവും വൈകുംതോറും വലിയ ആശങ്കയാണ് ഉരുത്തിരിയുന്നത്.

Exit mobile version