Site iconSite icon Janayugom Online

കേരളം എങ്ങനെ ബജറ്റവതരിപ്പിക്കും?

രു സംസ്ഥാനത്തിന്റെ ഒരു വര്‍ഷത്തെ വരവ്-ചെലവ് കണക്കുകള്‍ കൂട്ടിമുട്ടിച്ച്, ഒരു ബജറ്റവതരിപ്പിക്കുക എന്നത് വലിയ സാഹസം നിറഞ്ഞ കാര്യമല്ല. എന്നാല്‍ ജനങ്ങളുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ അതില്‍ പടര്‍ന്നു കയറുമ്പോഴാണ് ബജറ്റവതരണം വലിയ ചര്‍ച്ചയാകുന്നത്. 2023 ഫെബ്രുവരി മൂന്നിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ എങ്ങനെ ബജറ്റവതരിപ്പിക്കുമെന്ന ചോദ്യം കേരളം ചര്‍ച്ചചെയ്യാന്‍ തുടങ്ങിയിട്ട് നിരവധി ദിവസങ്ങള്‍ ആയിരിക്കുന്നു.
ഒരു ചെറിയ സംസ്ഥാനമായ കേരളത്തിന് 3.29 ലക്ഷം കോടി രൂപയുടെ പൊതുകടമാണുള്ളത്. ഈ തുകയ്ക്ക് മുതലും പലിശയുമായി ഒരു വര്‍ഷം 25,966 കോടി രൂപയാണ് ചെലവിടേണ്ടത്. ശമ്പളത്തിനു വേണ്ടി 41,980 കോടിയും സര്‍വീസ് പെന്‍ഷനു വേണ്ടി 26,834 കോടിയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്കുവേണ്ടി 13,028 കോടിയും സാമൂഹ്യക്ഷേമപെന്‍ഷനുവേണ്ടി 12,978 കോടിയും ചെലവഴിക്കണം. നടപ്പു സാമ്പത്തികവര്‍ഷം 1,56,066 കോടി രൂപയുടെ ചെലവുണ്ടാകും എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത്രയും കോടി രൂപയുടെ വരവു കൂടി ഉണ്ടായിരുന്നെങ്കില്‍ കാര്യങ്ങള്‍ മംഗളമായി കലാശിക്കുമായിരുന്നു. എന്നാല്‍ വരവും ചെലവും തമ്മിലുള്ള അന്തരം പിടിവിട്ടുപോകുന്നു എന്നതാണ് ചര്‍ച്ചകള്‍ക്കു കനംവയ്ക്കാന്‍ കാരണം. ഈ അന്തരം 30,000 കോടി കടക്കുമെന്നാണ് സൂചന. ഒരു വ്യക്തിക്കായാലും കുടുംബത്തിനായാലും സര്‍ക്കാരിനായാലും കടം വാങ്ങുന്നതിനും കടം കിട്ടുന്നതിനും ഒരു പരിധിയുണ്ട്. ആ പരിധിവിട്ടാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലേക്കു പോകും.


ഇതുകൂടി വായിക്കൂ: ലോക സാമ്പത്തിക ഉച്ചകോടി സര്‍വേ; മാന്ദ്യം പിടിമുറുക്കും


കേരളം നേരിടുന്ന ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഒട്ടേറെ കാരണങ്ങളുണ്ട്. നോട്ടുനിരോധനം, രണ്ടുവര്‍ഷം തുടര്‍ച്ചയായുണ്ടായ പ്രളയം, അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്‌ടി പരിഷ്കാരം, ജിഎസ്‌ടി നഷ്ടപരിഹാര തുക നിര്‍ത്തലാക്കിയത്, ബജറ്റ് കമ്മി നികത്തുന്നതിനുള്ള തുകയില്‍ കേന്ദ്രസര്‍ക്കാര്‍ വെട്ടിക്കുറവുവരുത്തിയത്, കോവിഡ് സൃഷ്ടിച്ച നിശ്ചലത, വായ്പ എടുക്കുന്നതിനുള്ള പരിധി ജിഡിപിയുടെ 3.50 ശതമാനം എന്നത് അഞ്ച് ശതമാനമായി ഉയര്‍ത്താത്തത്, ജനസംഖ്യാനുപാതികമായി കേരളത്തിനു കിട്ടേണ്ട കേന്ദ്രവിഹിതം 2.77 ശതമാനം എന്നതിനു പകരം 1.93 ശതമാനം മാത്രമായി നിശ്ചയിച്ചത് തുടങ്ങിയവയൊക്കെ പ്രധാനങ്ങളാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് 62 ശതമാനം തുക സംസ്ഥാനങ്ങളാണ് ചെലവഴിക്കുന്നത്. എങ്കിലും ജിഎസ്‌ടിയുടെ വിഹിതം നിശ്ചയിച്ചപ്പോള്‍ അതിന്റെ 50 ശതമാനം തുക കേന്ദ്രസര്‍ക്കാര്‍ കയ്യടക്കുകയായിരുന്നു. ഇന്നിപ്പോള്‍ കേരളത്തിന്റെ തനതുവരുമാന മാര്‍ഗത്തില്‍ പ്രധാനമായവ പെട്രോള്‍, മദ്യം, ലോട്ടറി എന്നിവയാണ്. ജിഎസ്‌ടി നടപ്പിലാക്കുന്നതിനു മുമ്പ് സംസ്ഥാനത്ത് ഓരോവര്‍ഷവും നികുതി വരുമാനത്തില്‍ 18–20 ശതമാനം വര്‍ധനവുണ്ടായിരുന്നത്, ഈ പരിഷ്കാരത്തിനു ശേഷം 14 ശതമാനത്തിനു താഴെയായി മാറി. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ ആഴം കൂട്ടിയതില്‍ മുഖ്യപങ്ക്, കേന്ദ്രത്തിന്റെ ജിഎസ്‌ടി പരിഷ്കാരവും അതിന്റെ വിഹിതം നിശ്ചയിച്ചതിലെ അശാസ്ത്രീയതയുമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഇന്ത്യയിലെ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുന്ന രീതിയിലാണ് കേരളവും പ്രവര്‍ത്തിക്കുന്നതെങ്കില്‍, ഇത്ര വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെടാതെ കേരളത്തിനും മുന്നോട്ടുപോകാന്‍ കഴിയുമായിരുന്നു. അതുപോലെ പ്രവര്‍ത്തിച്ചാല്‍ ചെലവു കുറയ്ക്കാനുള്ള ഒട്ടേറെ വഴികള്‍ കേരളത്തിന്റെ മുന്നിലുണ്ട്. ക്ഷേമപെന്‍ഷനുകള്‍ ഇത്ര ഉദാരമാക്കാതിരിക്കുക, പൊതുവിതരണരംഗത്തെ ഭാരിച്ച ചെലവ് ഏറ്റെടുക്കാതിരിക്കുക, ആരോഗ്യ‑വിദ്യാഭ്യാസരംഗത്തെ ചെലവുകളില്‍ വെട്ടിക്കുറവു വരുത്തുക, പൊതുമേഖലാസ്ഥാപനങ്ങള്‍ കേന്ദ്രമാതൃകയില്‍ വിറ്റഴിക്കുക എന്നിവയിലൂടെ‍ കടത്തിന്റെ തീവ്രത പെട്ടെന്നു കുറയും. ഭവനനിര്‍മ്മാണം, എസ്‌സി/എസ്‌ടി വികസനം, സിവില്‍ സര്‍വീസ് സംരക്ഷണം, സമയബന്ധിതമായ ശമ്പള പരിഷ്കരണം ഇവയിലൂടെയുള്ള ചെലവുകളും‍ വലിയ തോതില്‍ കുറയ്ക്കാൻ കഴിയും. ദേശീയപാതകളുടെ വികസനത്തിന് ഇത്രയും തീവ്രത വേണ്ടെന്നു തീരുമാനിച്ചാല്‍, ഏറ്റെടുക്കുന്ന ഭുമിയുടെ വിലയില്‍ 25 ശതമാനം കേരള സര്‍ക്കാര്‍ കൊടുക്കണമെന്ന വ്യവസ്ഥ ഒഴിവായിക്കിട്ടുമായിരുന്നു. പട്ടയവിതരണം, കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കല്‍, മൃഗസംരക്ഷണ മേഖലയിലെ വിപുലമായ പദ്ധതികള്‍ ഇതിലൊക്കെ മെല്ലെപ്പോക്ക് സാധ്യമായ കാര്യമാണ്.


ഇതുകൂടി വായിക്കൂ: സാമ്പത്തിക വളര്‍ച്ച: കണക്കുകള്‍ മൂടിവയ്ക്കാനാവില്ല


എന്നാല്‍ സമൂഹത്തിന്റെ വലിയ വളര്‍ച്ച സ്വപ്നം കാണുന്ന ഒരു സര്‍ക്കാരിന് ഈ വിധത്തില്‍ കാര്യങ്ങള്‍ കാണാന്‍ കഴിയില്ല. അസാധാരണമായ കടക്കെണിയില്‍ കേരളം എത്തിയിരിക്കുന്നു എന്നു പറയുമ്പോള്‍ തന്നെ, ഇതിന്റെയെല്ലാം നേട്ടം കേരളത്തിലെ പൊതു സമൂഹത്തിന്റെ ജീവിതത്തില്‍ എത്തിയിട്ടുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍, കേരളം കൈവരിച്ച മികവിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയ അവാര്‍ഡുകളുടെ പട്ടിക പരിശോധിച്ചാല്‍ കാര്യങ്ങള്‍ വ്യക്തമാകും. ഒരു നാടിനെ പട്ടിണിയില്‍ നിന്നും നിരക്ഷരതയില്‍ നിന്നുമെല്ലാം കരകയറ്റുക എന്നത് ചെറിയ കാര്യമല്ല.
ബജറ്റുദിനങ്ങള്‍ അടുത്തുവരുന്നതനുസരിച്ച്, സര്‍ക്കാരിനെതിരെയുള്ള വിമര്‍ശനങ്ങള്‍ പൊതുവെ കനത്തു വരികയാണ്. അനാവശ്യമായ ചെലവുകള്‍ വര്‍ധിക്കുന്നു, ധൂര്‍ത്തുകൂടുന്നു, ജനപ്രതിനിധികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ കുതിച്ചുയരുന്നു, ഇഷ്ടക്കാര്‍ക്ക് അധികവേതനം നല്‍കുന്നു, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും അതിന്റെ നടത്തിപ്പുകാരുടെയും എണ്ണം കൂടുന്നു, സാമ്പത്തികനിയന്ത്രണം പാലിക്കുന്നില്ല തുടങ്ങി ഒട്ടേറെ വിമര്‍ശനങ്ങളാണ് ഉന്നയിക്കപ്പെടുന്നത്. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യകാരണങ്ങള്‍ ഇതൊക്കെയാണ് എന്നാണ് സ്ഥാപിക്കാൻ ശ്രമിക്കുന്നത്. മാധ്യമങ്ങള്‍ നിരത്തുന്ന എല്ലാ ചെലവുകളും കൂടി കണക്കിലെടുത്താലും, അത് കേരളത്തിന്റെ മൊത്തം കടത്തിന്റെ അരശതമാനം പോലും വരില്ല എന്നത് ഉറപ്പാണ്. എന്നാല്‍ ഈ വിമര്‍ശനങ്ങളെ ഗൗരവപൂര്‍വം കാണുകയും ശരിയായ വിമര്‍ശനങ്ങള്‍ തിരിച്ചറിഞ്ഞ്, ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാന്‍ ജാഗ്രത കാട്ടുകയും വേണം. ആരോഗ്യകരമായ ജനാധിപത്യത്തിന് ഈ ശൈലി അനിവാര്യമാണ്. എല്ലാ സര്‍ക്കാര്‍ വാഹനങ്ങളുടെയും ഉപയോഗത്തില്‍ നിയന്ത്രണം വേണം. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതിലെ ജാഗ്രതക്കുറവ് എവിടെയും പ്രകടമാണ്. ഇടതുപക്ഷ സര്‍ക്കാര്‍, ഭരണകാര്യങ്ങളില്‍ നല്‍കുന്ന സന്ദേശം തികച്ചും ലാളിത്യത്തിന്റെതാകണം. ഈ അര്‍ത്ഥത്തില്‍ വേണം മാധ്യമ വിമര്‍ശനങ്ങളെ കാണാനും പരിശോധിക്കാനും. ഇത്തരം കാര്യങ്ങളില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള കര്‍ശന നിര്‍ദേശങ്ങള്‍ക്ക് ബജറ്റില്‍ ഇടം നല്‍കണം.
എല്ലാപരിമിതികള്‍ക്കുള്ളില്‍ നിന്നും 2021–22 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് 12.01 ശതമാനം വളര്‍ച്ചനിരക്ക് കൈവരിക്കാന്‍ കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഈ കാലഘട്ടത്തില്‍ കേന്ദ്രത്തിന്റെ വളര്‍ച്ചനിരക്ക് 8.71 ശതമാനം മാത്രമായിരുന്നു എന്നു കൂടികാണണം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓഡിറ്റ് ഓഫിസാണ് ഈ കണക്ക് പുറത്തുവിട്ടത് എന്നതിനും പ്രാധാന്യം ഏറെയാണ്. 2021–22ല്‍ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനം 9.01 ലക്ഷം കോടി രൂപയായിരുന്നു. നടപ്പു വര്‍ഷം ഇതില്‍ 12 ശതമാനത്തില്‍‍ അധികം വര്‍ധനവുണ്ടാകും. ഇങ്ങനെ ഒരു നേട്ടം സംസ്ഥാനം കൈവരിക്കുമ്പോള്‍ പോലും ജിഡിപിയുടെ 3.50 ശതമാനം മാത്രമേ വായ്പ അനുവദിക്കാന്‍ കഴിയൂ എന്നും അതില്‍ തന്നെ ‘കിഫ്ബി’ ഉള്‍പ്പെടെയുള്ള വായ്പകള്‍ കൂടി ഉള്‍പ്പെടുത്തുമെന്നുമുള്ള നിലപാട് കേന്ദ്രസര്‍ക്കാര്‍ കൈക്കൊള്ളാന്‍ പാടില്ലായിരുന്നു. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ജി‍ഡിപിയുടെ ആറുശതമാനം തുക വരെ വായ്പ എടുക്കുന്നുണ്ട് എന്നകാര്യം അവര്‍ മറക്കാനും പാടില്ലായിരുന്നു. ഭരണതലത്തില്‍ ഇത്രയും രാഷ്ട്രീയ പക, ഒരു ഭരണകൂടം വച്ചുപുലര്‍ത്താന്‍ പാടില്ലാത്തതാണ്.
സംസ്ഥാന സര്‍ക്കാരിന്റെ തനതു വരുമാനം, ആഭ്യന്തര വരുമാനത്തിന്റെ ഏഴ് ശതമാനത്തിന് താഴെ എത്തിയിരിക്കുന്നു എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഇത് എട്ട് ശതമാനത്തിന് മുകളില്‍ എത്തിയേ മതിയാകൂ. അതിന് ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരെ ബോധ്യപ്പെടുത്തിയും കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഒരു വര്‍ഷം 1.12 ലക്ഷം കോടി രൂപ പ്രവാസി മലയാളികള്‍ കേരളത്തിലേക്കയയ്ക്കുന്നുണ്ട്. അതിന്റെ നാലിലൊന്ന് തുകയെങ്കിലും ഉല്പാദന രംഗത്ത് ഉപയോഗപ്പെടുത്താന്‍ കഴിയണം. ഇച്ഛാശക്തിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിച്ചാല്‍ സിവില്‍ സര്‍വീസിലെ 50,000–60,000 തസ്തികകള്‍ പുനര്‍ വിന്യസിക്കാന്‍ കഴിയും. ജോലിഭാരം കുറവുള്ള ഓഫിസിലെ ജീവനക്കാരെ ജോലിഭാരം കൂടുതലുള്ള ഓഫീസുകളില്‍ മാറ്റി നിയമിക്കണം. നികുതി പിരിവിന് ഇത് ഊര്‍ജം പകരും. പുതിയ തസ്തിക സൃഷ്ടിക്കാതെതന്നെ ഭരണം കാര്യക്ഷമമാക്കാം. ഏറ്റവും ഉയര്‍ന്ന ആയുര്‍ദൈര്‍ഘ്യവും ഏറ്റവും കുറഞ്ഞ പെന്‍ഷന്‍ പ്രായവും ഖജനാവില്‍ സൃഷ്ടിക്കുന്ന സമ്മര്‍ദം ചെറുതല്ല. ജനങ്ങള്‍ക്കിടയില്‍ ഹിത പരിശോധന നടത്തിയാണെങ്കിലും പ്രശ്നത്തിന് പരിഹാരം കണ്ടെത്തണം.


ഇതുകൂടി വായിക്കൂ: കൂട്ട പിരിച്ചുവിടലുകളും സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യതകളും


ക്ഷേമ പെന്‍ഷന്‍ ലഭിക്കുന്നവരില്‍ 20–30 ശതമാനം പേര്‍ അര്‍ഹതപ്പെട്ടവരല്ല എന്നത് ഒരു ശാസ്ത്രീയമായ പഠനം നടത്തിയാല്‍ മനസിലാകും. എല്ലാവര്‍ക്കും സൗജന്യമെന്നത് ആധുനിക സമൂഹത്തില്‍ പ്രായോഗികമല്ല. എന്നാല്‍ ഭിന്നശേഷിക്കാര്‍ ഉള്‍പ്പെടെയുള്ള അര്‍ഹതപ്പെട്ടവര്‍ക്ക് ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ ആനുകൂല്യം നല്‍കുകയും വേണം. പാറ ക്വാറി ഖനന രംഗത്ത് സര്‍ക്കാരിന് കിട്ടേണ്ട തുകയുടെ 30 ശതമാനം പോലും ഇപ്പോള്‍ കിട്ടുന്നില്ല. 1700ല്‍ അധികമുള്ള പാറ ക്വാറികളില്‍ മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ അംഗീകാരമുള്ളത് 600ല്‍ താഴെ എണ്ണത്തിനു മാത്രമാണ്. ഈ സ്ഥിതിക്ക് മാറ്റം വേണം. 2000ചതുരശ്ര കിലോമീറ്ററില്‍ കൂടുതല്‍ വിസ്തീര്‍ണമുള്ള വീടുവയ്ക്കുന്നവരില്‍ നിന്ന്, മൊത്തം നിര്‍മ്മാണ ചെലവിന്റെ 10 ശതമാനം തുക കെട്ടിട നികുതിയായി ഈടാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നികുതി പിരിവ് പൊതുവെ ഊര്‍ജിതമല്ല. ഈ സ്ഥിതി മാറണം. അതോടൊപ്പം തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് വികസന പ്രവര്‍ത്തനത്തിനുള്ള തുക സ്വന്തം നിലയില്‍ വായ്പയെടുക്കാന്‍ നിയമനിര്‍മ്മാണം നടത്തണമെന്ന ഒരാശയം ഉയര്‍ന്നു വന്നിട്ടുണ്ട്. ഇത് പരിശോധിക്കണം. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ആയിരക്കണക്കിന് വ്യാപാര സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. ഇതില്‍ സ്വര്‍ണക്കടകളും നിരവധിയുണ്ട്. ഇതനുവദിക്കാന്‍ പാടില്ല. ജിഎസ്‌ടി പിരിവ് കൂടുതല്‍ ചലനാത്മകമാക്കാന്‍ ദീര്‍ഘ കാലാടിസ്ഥാനത്തിലുള്ള പദ്ധതികള്‍ക്ക് രൂപം നല്‍കണം. കേന്ദ്ര പദ്ധതികളുടെ വിഹിതം വാങ്ങിയെടുക്കുവാനും അത് ഫലപ്രദമായും സമയ ബന്ധിതമായും നടപ്പിലാക്കുവാനും യഥാസമയം പുരോഗതിയുടെ റിപ്പോര്‍ട്ട് നല്‍കുവാനും കൂടുതല്‍ ശ്രദ്ധ ചെലുത്തണം. പുഴകളില്‍ അടിഞ്ഞുകൂടിയ മണല്‍ വാരാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല. അതു നടപ്പിലാക്കണം. പച്ചക്കറി, പാല്‍, മുട്ട, ഇല, പൂവ് മുതലായവയുടെ ഉല്പാദനത്തില്‍ ഒരു കുതിച്ചുചാട്ടം സൃഷ്ടിക്കാന്‍ കഴിയണം. ആരോഗ്യപരമായ നിയന്ത്രണങ്ങള്‍ ഉറപ്പുവരുത്തി ആയുര്‍വേദ ടൂറിസം വ്യാപകമാക്കണം. വ്യവസായ രംഗത്തും ഉന്നത വിദ്യാഭ്യാസ രംഗത്തും ഉണ്ടായിട്ടുള്ള ഉണര്‍വ് സമ്പദ്ഘടനയ്ക്ക് താങ്ങാവുന്നവിധം പ്രയോജനപ്പെടുത്തണം. ഭരണതലത്തില്‍ തട്ടുകള്‍ മൂന്നാക്കി കുറയ്ക്കുകയും കൂടുതല്‍ അധികാരങ്ങള്‍ താഴെ തട്ടുകളിലേക്ക് കൈമാറുകയും ചെയ്യുന്നത് ഭരണത്തിന് ശക്തി പകരുകയും നികുതി പിരിവിന് ഊര്‍ജം നല്‍കുകയും ചെയ്യും. കേരളത്തിലെ ഭൂരിപക്ഷ വകുപ്പുകളിലും നിലവിലുള്ള ഫീസ് നിരക്ക് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിശ്ചയിച്ചതാണ്. അത് കാലോചിതമായി പരിഷ്കരിക്കണം. ഈ മാറ്റം ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്ന കാര്യത്തിലും ബാധകമാക്കണം.
മിനിമം സാമ്പത്തിക ഭദ്രതയില്ലാതെ ഒരു സര്‍ക്കാരിന് പ്രവര്‍ത്തിച്ചു മുന്നോട്ടു പോകാനാകില്ല. എത്ര ചരിത്ര പരമായ നേട്ടം ഉറപ്പാക്കിയാലും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മൂലം അതില്‍ ചോര്‍ച്ച സംഭവിക്കാന്‍ തുടങ്ങിയാല്‍, കാര്യങ്ങള്‍ കീഴ്മേല്‍ മാറാന്‍ അധികകാലം വേണ്ടിവരില്ല. ഇത് ചരിത്ര പാഠമാണ്. 2023–24 സാമ്പത്തിക വര്‍ഷത്തെ ബജറ്റു നിര്‍മ്മാണ സമയത്ത് ഇത്തരം കാര്യങ്ങള്‍ കൂടി ഗൗരവപൂര്‍വം പരിഗണിക്കേണ്ടതുണ്ട്.

Exit mobile version