Site iconSite icon Janayugom Online

കേരളീയ ഉല്പന്നങ്ങൾക്ക് വിദേശങ്ങളിൽ വൻ ഡിമാന്റ്; ശബരി തേയില റഷ്യയിലേയ്ക്ക്

കേരളീയ ഉല്പന്നങ്ങൾക്ക് വിദേശങ്ങളിൽ പ്രിയമേറുന്നു. ശബരി തേയില, കൊക്കോ, സുഗന്ധ വ്യഞ്ജനങ്ങൾ-അങ്ങനെ നീളുന്നു വിദേശ വിപണികളിൽ കേരളപ്പെരുമ വിളിച്ചോതുന്ന ഉല്പന്നങ്ങളുടെ പട്ടിക.
സംസ്ഥാന സിവിൽ സപ്ലൈസ് കോർപ്പറേഷന്റെ ശബരി തേയിലയാണ് റഷ്യൻ വിപണിയിലേക്ക് പുതുതായി കടക്കുന്നത്. വിദേശ വിപണികളിൽ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യൻ വിപണിയിലേക്കുള്ള പുതുപ്രവേശനം. സപ്ലൈക്കോയുടെ രണ്ടാമത്തെ വിദേശ മാർക്കറ്റാണ് റഷ്യ. മറ്റൊന്ന് അബുദാബിയാണ്. അവിടേക്ക് കഴിഞ്ഞ വർഷം ജൂൺ മുതൽ ഇതുവരെ 16 ടൺ ശബരി തേയില കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇറാൻ, യു എ ഇ എന്നീ രാജ്യങ്ങളും ഇന്ത്യൻ നിർമിത തേയിലയുടെ പ്രധാന ആവശ്യക്കാരാണ്. അതിനാൽ, റഷ്യൻ വിപണി സപ്ലൈക്കോയ്ക്ക് വലിയ മുതൽക്കൂട്ടാവുമെന്നാണ് പ്രതീക്ഷ. കേരളത്തിന്റെ വലുതായ സംഭാവനകളുള്ള രാജ്യത്തിന്റെ സുഗന്ധവ്യഞ്ജന കയറ്റുമതിയിൽ നിന്നുള്ള വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷം 31,761.38 കോടി രൂപയായി വർധിച്ചതായാണ് സ്പൈസസ് ബോർഡിന്റെ കണക്ക്. 2021 — 22 ൽ ഇത് 30, 324.32 കോടിയായിരുന്നു. അഞ്ച് ശതമാനത്തിന്റെ വർധന. സുഗന്ധവ്യഞ്ജന ഉത്പാദനത്തിൽ നാല് വർഷത്തിനുള്ളിൽ കേരളം ഗണ്യമായ വളർച്ച നേടിയതായാണ് വിലയിരുത്തൽ. കുരുമുളക്, ഏലം, ജാതിക്ക എന്നിവയുടെ ഉല്പാദനത്തിലാണ് മുഖ്യമായി ഈ വളർച്ച.
രാജ്യാന്തര ചോക്ലേറ്റ് കമ്പനികളിലൂടെയാണ് കൊക്കോ വിദേശത്ത് പേര് നേടുന്നത്. ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ആന്ധ്രാപ്രദേശിനെക്കാൾ മേന്മയേറിയ കൊക്കോ വിളയുന്നത് കേരളത്തിലാണ് എന്നതാണ് ഈ പ്രശസ്തിക്ക് കാരണം. വർഷം ഏകദേശം 7,000 ടൺ കൊക്കോ സംസ്ഥാനത്ത് ഉല്പാദിപ്പിക്കുന്നുണ്ട്. 17,000 ഹെക്ടറിലാണ് കൃഷി. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിൽ കൊക്കോ കൃഷിയുണ്ടെങ്കിലും ഉല്പാദനം കൂടുതൽ ഇടുക്കിയിലാണ്. കാപ്പിയും നല്ല രീതിയിൽ കയറ്റുമതി ചെയ്യുന്നുണ്ട്. കാപ്പി ഉല്പാദന രാജ്യങ്ങളിൽ കുറച്ചു വർഷമായി കൃഷിക്ക് കോട്ടം തട്ടിയതോടെ ഇവിടെ നിന്നുള്ള കാപ്പിക്ക് പ്രിയം കൂടുകയും വില കുത്തനെ ഉയരുകയും ചെയ്തു.

eng­lish sum­ma­ry; Huge demand for Ker­ala prod­ucts abroad

you may also like this video;

Exit mobile version