കൊച്ചി പുറംകടലിൽ നിന്ന് 15,000 കോടി രൂപ വിലമതിക്കുന്ന 2500 കിലോഗ്രാം മയക്കുമരുന്ന് നാവികസേനയും നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ചേർന്ന് പിടികൂടി. ഒരു പാകിസ്ഥാന്‍ പൗരനെ കസ്റ്റഡിയിലെടുത്തു. മറ്റ് മൂന്ന് പേർകൂടി കസ്റ്റഡിയിലുണ്ടെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഇറാനിൽ നിന്ന് ബോട്ടുമാര്‍ഗം (മദർഷിപ്പ്) ഇന്ത്യൻതീരം വഴി ശ്രീലങ്കയിലേക്കും മാലിദ്വീപിലേക്കും മയക്കുമരുന്ന് കടത്താനായിരുന്നു ശ്രമം. പാകിസ്ഥാനിൽ നിന്ന് എത്തിച്ച മയക്കുമരുന്നാണിവയെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ട് ദിവസം മുമ്പ് ലക്ഷദ്വീപ് തീരത്തോട് ചേർന്ന് അർധരാത്രിയായിരുന്നു ഓപ്പറേഷൻ.
മയക്കുമരുന്നായ മെത്താംഫെറ്റാമിന് പുറമേ 500 കിലോ ഹെറോയിൻ, 529 കിലോ ഹാഷിഷ് ഓയിൽ തുടങ്ങിയ ലഹരി പദാർത്ഥങ്ങളും പിടികൂടിയവയിലുണ്ട്. ഇതുവരെ പിടികൂടിയിട്ടുള്ളതിൽ ഏറ്റവും വലിയ മെത്തഫിറ്റമിൻ ശേഖരമാണിത്. അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ലഹരിക്കടത്ത് തടയുന്നതിനുള്ള ഓപ്പറേഷൻ സമുദ്രഗുപ്തിന്റെ ഭാഗമായിട്ടാണ് പരിശോധന നടത്തിയത്. ഇന്ത്യൻതീരം വഴി നടക്കുന്ന മയക്കുമരുന്ന് കടത്തുതടയാൻ അതീവ ജാഗ്രതയിലായിരുന്നു എൻസിബിയും നാവികസേനയും. ഇതിനിടെയാണ് ഇറാനിലെ ചാമ്പാർ പോർട്ടിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ ഒരു ബോട്ട് പുറപ്പെട്ടിട്ടുണ്ടെന്നും ഇതിൽ മയക്കുമരുന്നുണ്ടെന്നുമുള്ള രഹസ്യവിവരം എൻസിബിക്ക് ലഭിക്കുന്നത്.
നാവിക സേനയ്ക്ക് ഈ വിവരം കൈമാറിയ എൻസിബി തുടർനീക്കങ്ങൾ ഊർജിതമാക്കി. ഓട്ടോമാറ്റിക്ക് ഇൻഡിക്കേറ്റ് സിസ്റ്റത്തിലൂടെ ബോട്ടിന്റെ നീക്കം തിരിച്ചറിഞ്ഞ നാവിക സേന പിന്തുടർന്നതോടെ മദർഷിപ്പ് മുക്കി ഇതിലുണ്ടായിരുന്നവർ കടന്നുകളയുകയായിരുന്നുവെന്ന് എൻസിബി വൃത്തങ്ങൾ പറഞ്ഞു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പാക് പൗരന്‍ കുടുങ്ങിയത്.
കടലിൽ മുങ്ങിപ്പോകും മുമ്പ് ശേഖരിച്ച മയക്കുമരുന്നാണ് കൊച്ചി തീരത്ത് എത്തിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ഒരു കിലോ ഗ്രാം വീതമുള്ള 2800 ബോക്സുകളിലാണ് മെത്താംഫെറ്റാമിൻ സൂക്ഷിച്ചിരുന്നത്. ചെറിയ ഭക്ഷണ കണ്ടെയ്നറുകളെന്ന് തോന്നിക്കും വിധമായിരുന്നു പാക്കിങ്. പാക്കിസ്ഥാൻ കമ്പനികളുടെ പേരും മുദ്രയുമുള്ള 134 ചാക്കുകളിലായാണ് ഇവ ഒളിപ്പിച്ചിരുന്നത്.
english summary; Huge drug hunt in Kochi, 2500 kg of drugs worth 12000 crore seized, Pakistani arrested
you may also like this video;