മ്യാൻമറിൽ വൻ ഭൂകമ്പം. റിക്ടർ സ്കെയ്ലിൽ 7.7 തീവ്രത രേഖപ്പെടുത്തിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മണ്ടലായിലാണ് പ്രഭവ കേന്ദ്രം എന്നാണ് വിവരം. സാഗൈംഗ് നഗരത്തിന് വടക്ക് പടിഞ്ഞാറായി 16 കിലോമീറ്റർ അകലെ 10 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് യുഎസ്ജിഎസ് പ്രസ്താവനയിൽ പറഞ്ഞു.
ഭൂകമ്പത്തിന്റെ പ്രകമ്പനം തായ്‌ലാന്റിലടക്കം അനുഭവപ്പെട്ടെന്നാണ് റിപ്പോർട്ട്. ലോകത്തെമ്പാടും നിന്നുള്ള വിനോദസഞ്ചാരികൾ എത്തിച്ചേരുന്ന ബാങ്കോക്കിൽ അതിശക്തമായ പ്രകമ്പനമാണുണ്ടായത്. ആളപായത്തെ പറ്റി ഇതുവരെ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ബാങ്കോക്കിൽ ജനങ്ങൾ പരിഭ്രാന്തിയിലാവുകയും കെട്ടിടത്തിന് പുറത്തേക്ക് ഓടുകയും ചെയ്തു. ഇന്ത്യൻ സമയം 11.50ഓടെയാണ് ഭൂചലനമുണ്ടായത്. ശക്തമായ തുടർചലനങ്ങളുണ്ടായെന്നാണ് വിവരം. അതിശക്തമായ ഭൂചലനമായതിനാൽ വൻ തോതിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. പാലങ്ങളും കെട്ടിടങ്ങളും തകർന്നുവീണതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.

