Site icon Janayugom Online

കൊച്ചി കപ്പല്‍ശാലയ്ക്ക് വമ്പന്‍ വിദേശ കരാർ

യൂറോപ്പിനായി രണ്ട് കപ്പലുകള്‍ നിർമ്മിക്കാൻ കൊച്ചി കപ്പൽ നിർമ്മാണശാലയ്ക്ക് 1050 കോടിയുടെ കരാർ. യൂറോപ്യൻ ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളുടെ അറ്റകുറ്റപ്പണി ലക്ഷ്യമിട്ട് സൈപ്രസിലെ പെലാജിക് വിൻഡ് സർവീസസ് എന്ന കമ്പനിക്ക് വേണ്ടിയുള്ള കപ്പലുകളുടെ നിർമ്മാണത്തിനാണ് കരാര്‍. കൊച്ചി കപ്പൽശാലയ്ക്ക് ലഭിച്ച ഏറ്റവും വലിയ വിദേശ കരാറാണിത്. 

ഉൾക്കടലിലെ കാറ്റാടിപ്പാടങ്ങളിലെത്തി അവയുടെ നിർമ്മാണവും അറ്റകുറ്റപ്പണിയും കാര്യക്ഷമമായി നടത്താൻ ശേഷിയുള്ളതാകും കപ്പലുകള്‍. കൂറ്റൻ കാറ്റാടിയന്ത്രങ്ങളിലേക്ക് സുരക്ഷിതമായി സഞ്ചരിക്കാൻ നടപ്പാത, 150ലധികം പേർക്ക് യാത്ര ചെയ്യാനും താമസിക്കാനും സൗകര്യം എന്നിവ ഈ കപ്പലുകളുടെ സവിശേഷതയാണ്. 

പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്ന കാറ്റാടിപ്പാടങ്ങൾ യൂറോപ്പിലെ ഉൾക്കടലുകളിൽ വ്യാപകമാണ്. ഇവയുടെ ആവശ്യത്തിനായുള്ള കപ്പലുകൾ ചൈനയിലും യൂറോപ്പിലുമാണ് പ്രധാനമായും നിർമ്മിക്കുന്നത്. ഇതിനകം 40 കപ്പലുകൾ നിർമ്മിച്ച് കയറ്റുമതി ചെയ്ത കൊച്ചി കപ്പൽശാലയുടെ പരിചയസമ്പത്ത് തന്നെയാണ് ഈ രംഗത്തെ ഏറ്റവും വലിയ മുതൽക്കൂട്ട്. ഇത്തരം കപ്പലുകൾ നിർമ്മിക്കാനുള്ള കൂടുതൽ കരാറുകൾ വരുംവർഷങ്ങളിൽ ലഭിക്കുമെന്നാണ് പ്രതീക്ഷ. അന്താരാഷ്ട്ര കപ്പൽ നിർമ്മാണ ഭൂപടത്തിൽ രാജ്യത്തിന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കാൻ സഹായിക്കുന്നതാണ് കരാറെന്ന് കൊച്ചിൻ കപ്പല്‍ശാല സിഎംഡി മധു എസ് നായർ പറഞ്ഞു. 

Eng­lish Summary:Huge for­eign con­tract for Cochin Shipyard
You may also like this video

Exit mobile version