Site iconSite icon Janayugom Online

പന്തളത്ത് വൻ കഞ്ചാവ് വേട്ട: ഒരാൾ പോലീസിന്റെ പിടിയിൽ

പന്തളത്ത് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ ഒരാളെ പോലീസ് പിടികൂടി. കഞ്ചാവ് കടത്തുസംഘത്തിലെ മുഖ്യകണ്ണിയായ പശ്ചിമബംഗാൾ ജൽപൈഗുരി സ്വദേശി നഹേന്ദ്ര മൊഹന്തിന്റെ മകൻ കാശിനാഥ് മൊഹന്ത് (56 ) ആണ് മൂന്നര കിലോ കഞ്ചാവുമായി അറസ്റ്റിലായത്. പന്തളം കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തുനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കളുടെ കടത്തിനും വിൽപ്പനക്കുമേതിരെ ജില്ലയിൽ കർശനമായ പോലീസ് തുടർന്നുവരുന്നതോനിടെയാണ് ഈ കഞ്ചാവ് വേട്ട. ജില്ലാ പോലീസ് മേധാവി എസ് സുജിത് ദാസ്സിന്റെ നിർദേശപ്രകാരം ഓപ്പറേഷൻ ഡി ഹണ്ട് എന്നപേരിൽ പോലീസ് റെയ്ഡ്, അതിഥിതൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും, സ്കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും ജില്ലയിൽ നടന്നുവരികയാണ്. 

ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിൻറെ കണ്ണിയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. ഇയാൾ രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കും വൻവിലക്ക് വിൽക്കുകയായിരുന്നു ഇയാൾ. മറ്റ് പണികൾക്ക് പോകാതെ ലഹരി വില്പന നടത്തിവരുകയായിരുന്ന ഇയാൾ, ലഹരി സംഘങ്ങൾക്കും ഇടപാടുകാർക്കുമിടയിൽ ബാബ എന്ന പേരിൽ ആണ് അറിയപ്പെടുന്നത് എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. കഴിഞ്ഞ കുറെ നാളുകളായി പോലീസിൻറെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. സംഘത്തിലെ കൂട്ടാളികളെയും, ഇവർക്ക് സഹായികളായ പ്രദേശവാസികളെയും കുറിച്ചുമുളള വിവരങ്ങൾ പോലീസിന് അന്വേഷിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിലും പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. സംഘത്തിൽ എസ് ഐമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ എ എസ് ഐ ബി ഷൈൻ, പോലീസുദ്യോഗസ്ഥരായ എസ് അൻവർഷ, ആർ എ രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ പിടികൂടിയത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Exit mobile version