രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഡനങ്ങളില്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെയുണ്ടായത് വന്‍ വര്‍ധന. ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം നാമമാത്രമാണ്.
ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2001 മുതല്‍ 2018 വരെയുള്ള കാലയളവില്‍ ഭര്‍തൃപീഡനങ്ങളില്‍ 53 ശതമാനം വര്‍ധനവാണ് ഉണ്ടായത്. 18 വര്‍ഷത്തെ കാലയളവില്‍ ഭര്‍ത്താക്കന്‍മാരില്‍ നിന്നും അയാളുടെ ബന്ധുക്കളില്‍ നിന്നുമുള്ള പീഡനവുമായി ബന്ധപ്പെട്ട് 15,48,548 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 2014–18 വര്‍ഷങ്ങള്‍ക്കിടയില്‍ മാത്രം 5,54,481 (35.8 ശതമാനം) കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.
2001ല്‍ ഇത്തരത്തിലുള്ള കേസുകളുടെ നിരക്ക് 18.5 ആയിരുന്നെങ്കില്‍ 2018 ആയപ്പോഴേക്കും ഇത് 28.3 ആയി ഉയര്‍ന്നു. 15 വയസു മുതല്‍ 49 വയസുവരെയുള്ള 10,0000 ലക്ഷം സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നും മെഡിക്കല്‍ ജേര്‍ണലായ ബിഎംസിയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ എല്ലാത്തരം അതിക്രമങ്ങളും ഉന്മൂലനം ചെയ്യുന്നതിനുള്ള യുഎൻ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള ഇന്ത്യയുടെ തയാറെടുപ്പുകളെക്കുറിച്ചാണ് പഠനം നടത്തിയത്.
സാമൂഹിക‑ജനസംഖ്യാ സൂചിക (എസ്ഡിഐ)യുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇടത്തരം സംസ്ഥാനങ്ങളിലാണ് സ്ത്രീകള്‍ ഭര്‍തൃവീട്ടില്‍ നിന്നും കൂടുതല്‍ പീഡനങ്ങള്‍ നേരിടേണ്ടിവരുന്നത്. 2018ലെ കണക്കുകള്‍ പ്രകാരം ഈ സംസ്ഥാനങ്ങളിലെ ഗാര്‍ഹിക പീഡന നിരക്ക് 37.9 ആണ്. താഴ്ന്ന എസ്ഡിഐ ഉള്ള സംസ്ഥാനങ്ങളിലെ നിരക്ക് 27.6 ആണ്. ഉയര്‍ന്ന എസ്ഡിഐ സംസ്ഥാനങ്ങളിലിത് 18.1 ആണ്.
18 വര്‍ഷങ്ങളിലും ഇടത്തരം സംസ്ഥാനങ്ങളില്‍ കേസുകളില്‍ വര്‍ധനവ് തുടര്‍ന്നു. 2011–14 കാലയളവില്‍ കേസുകളില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തുകയും ചെയ്തു. 2018ല്‍ സിക്കിമിലെ കേസുകളുടെ നിരക്ക് 0.5 ആയിരുന്നെങ്കില്‍ അസമിലേത് 113.7 ആയിരുന്നു. 2001–18 വര്‍ഷങ്ങളില്‍ ഡല്‍ഹി, അസം, പശ്ചിമ ബംഗാള്‍, അരുണാചല്‍ പ്രദേശ്, മേഘാലയ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലെ കുറ്റകൃത്യങ്ങളില്‍ 160 ശതമാനം വര്‍ധന രേഖപ്പെടുത്തി.
താഴ്ന്ന എസ്ഡിഐ സംസ്ഥാനങ്ങളായ അസം, രാജസ്ഥാന്‍ ഇടത്തരം സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, ത്രിപുര, ഉയര്‍ന്ന എസ്ഡിഐ സംസ്ഥാനങ്ങളായ കേരളം, ഡല്‍ഹി എന്നിവിടങ്ങളിലും പഠനകാലയളവില്‍ ഗാര്‍ഹിക പീഡനങ്ങളില്‍ വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. 2018ല്‍ ഭര്‍ത്താക്കന്മാരുടെ പീഡനം, സ്ത്രീധന ആത്മഹത്യകള്‍, ആത്മഹത്യാ ശ്രമങ്ങള്‍ തുടങ്ങിയ 6,58,418 കേസുകളിലാണ് വിചാരണ നടന്നത്. 44,648 കേസുകളില്‍ വിചാരണ പൂര്‍ത്തിയായി. എന്നാല്‍ 6921 (15.5) കേസുകളില്‍ മാത്രമാണ് ശിക്ഷ വിധിച്ചത്.
English summary;Huge increase in domestic violence in 20 years
You may also like this video;