Site iconSite icon Janayugom Online

500 രൂപ കള്ളനോട്ടുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധന

രാജ്യത്ത് 500 രൂപയുടെ വ്യാജ നോട്ടുകള്‍ പെരുകുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 14.6 ശതമാനം വര്‍ധനവാണ് 500 രൂപയുടെ വ്യാജനോട്ടുകളില്‍ കണ്ടെത്തിയത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് വിവരങ്ങളുള്ളത്.
കഴിഞ്ഞ വര്‍ഷം 79,669 വ്യാജ 500 രൂപാ നോട്ടുകളാണ് കണ്ടെത്തിയത്. നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 91,110 എണ്ണമാണ്. 2000 രൂപയുടെ വ്യാജനോട്ടിനേക്കാള്‍ കൂടുതല്‍ 500 രൂപ നോട്ടുകള്‍ പ്രചാരത്തിലുണ്ടെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2000 രൂപയുടെ വ്യാജ നോട്ടുകളുടെ എണ്ണത്തില്‍ കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ 13,604 നോട്ടുകളില്‍ നിന്ന് 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 9,806 ആയി കുറഞ്ഞു. അതായത് 27.9 ശതമാനത്തിന്റെ കുറവ്.
10, 100 രൂപയുടെ കള്ളനോട്ടുകള്‍ യഥാക്രമം 11.6, 14.7 ശതമാനം വീതം കുറഞ്ഞു. 2022–23 കാലയളവില്‍ ബാങ്കിങ് മേഖലയില്‍ കണ്ടെത്തിയ മൊത്തം വ്യാജ ഇന്ത്യന്‍ കറന്‍സി നോട്ടുകളില്‍ (എഫ്ഐസിഎന്‍) 4.6 ശതമാനം റിസര്‍വ് ബാങ്കിലും 95.4 ശതമാനം മറ്റ് ബാങ്കുകളിലുമാണ് തിരിച്ചറിഞ്ഞത്. 78,699 വ്യാജ 100 രൂപ നോട്ടുകളും 27,258 വ്യാജ 200 രൂപ നോട്ടുകളും സമാന വര്‍ഷത്തില്‍ കണ്ടെത്തി.
അതേസമയം നിരോധനം ഏര്‍പ്പെടുത്തി ഒരാഴ്ചക്കിടെ 17,000 കോടി രൂപയുടെ 2000 രൂപാ നോട്ടുകളാണ് എസ്ബിഐയില്‍ എത്തിയത്. ഇതില്‍ തന്നെ 14,000 കോടി രൂപയുടെ 2000 നോട്ടുകള്‍ നിക്ഷേപിക്കുകയും 3000 കോടിയുടെ 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കപ്പെട്ടിട്ടുമുണ്ട്.

eng­lish sum­ma­ry; Huge increase in fake Rs 500 notes

you may also like this video;

Exit mobile version