വന്‍ വിവാഹതട്ടിപ്പ് നടത്തിയ യുവതി ഭോപ്പാലില്‍ പിടിയിലായി. രാജസ്ഥാന്‍ പൊലീസാണ് 23കാരിയായ അനുരാധ പസ്വാനെ ഭോപ്പാലില്‍ നിന്ന് പിടികൂടിയത്.ഏഴ് മാസത്തിനിടെ വിവിധ സംസ്ഥാനങ്ങളിലായി 25പേരെയാണ് യുവതി വിവാഹം ചെയ്ത് കബളിപ്പിച്ചത്.ആവർത്തിച്ചുള്ള തട്ടിപ്പുകൾ കാരണം കൊള്ളനടത്തി രക്ഷപെടുന്ന വധു എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. അനുരാധ ഒരു സംഘടിത വിവാഹ തട്ടിപ്പ് ശൃംഖലയുടെ ഭാഗമായിരുന്നുവെന്നാണ് അധികൃതർ പറയുന്നത്. നിയമപരമായി വിവാഹം ചെയ്ത ശേഷം ദിവസങ്ങൾക്കുള്ളിൽ അപ്രത്യക്ഷയാകുന്നതായിരുന്നു ഇവരുടെ രീതി. സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കൾ കൈക്കലാക്കിയാണ് മുങ്ങുന്നത്.
ഓരോ തവണയും പുതിയ ഇടങ്ങളിൽ നിന്നാണ് ഇവർ വരനെ കണ്ടെത്തിയിരുന്നത്.മെയ് 3 ന് സവായ് മധോപൂരിൽ നിന്നുള്ള വിഷ്ണു ശർമ്മ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. വധുവിനെ കണ്ടെത്താൻ ഏജന്റുമാരായ സുനിതയ്ക്കും പപ്പു മീനയ്ക്കും വിഷ്ണു രണ്ട് ലക്ഷം രൂപ നൽകിയിരുന്നു.ഏപ്രിൽ 20നാണ് അനുരാധ വിഷ്ണുവിനെ വിവാഹം ചെയ്തത്. തുടർന്ന് മെയ് 2 ന് തന്റെ വിലപിടിപ്പുള്ള വസ്തുക്കളുമായി അനുരാധ ഒളിവിൽ പോയി. ഇതോടെയാണ് വിഷ്ണു പരാതി നൽകുന്നത്.ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അനുരാധ കുടുംബ തർക്കത്തെത്തുടർന്നാണ് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞത്. തുടർന്ന് ഭോപ്പാലിലെത്തിയ ഇവർ വിവാഹ തട്ടിപ്പുകൾ നടത്തുന്ന ക്രിമിനൽ സംഘത്തിൽ ചേർന്നു.
വാട്ട്‌സാപ്പ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് വധുവിനെ കണ്ടെത്തുന്ന ഏജന്റുമാർ വഴിയാണ് സംഘം പ്രവർത്തിച്ചിരുന്നത്. ക്ലയന്റുകളിൽ നിന്ന് 2 മുതൽ 5 ലക്ഷം രൂപ വരെ ഇവർ ഈടാക്കിയിരുന്നു.ശർമ്മയുടെ വീട്ടിൽ നിന്ന് രക്ഷപ്പെട്ടതിന് ശേഷം, അനുരാധ ഭോപ്പാലിൽ ഗബ്ബാർ എന്ന മറ്റൊരാളെ വിവാഹം കഴിച്ചതായും രണ്ട് ലക്ഷം രൂപ തട്ടിയെടുത്തതായും റിപ്പോർട്ടുണ്ട്. വ്യാജവരനായി പൊലീസ് ഒരു രഹസ്യ ഉദ്യോഗസ്ഥനെ നിയോഗിച്ചാണ് അനുരാധയെ അറസ്റ്റ് ചെയ്തത്. ഏജന്റുമാരിൽ ഒരാൾ അനുരാധയുടെ ഫോട്ടോ ഷെയർ ചെയ്തതോടെ ഉദ്യോഗസ്ഥർ അനുരാധയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

