Site icon Janayugom Online

വനാതിർത്തികളിലെ വന്യജീവി സംഘർഷം; മന്ത്രിമാർ അടിയന്തര യോഗം ചേർന്നു

വനാതിർത്തിയോട് ചേർന്നുള്ള പ്രദേശങ്ങളിൽ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘർഷം നിയന്ത്രിക്കുന്നത് സംബന്ധിച്ച് തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററുടെ അധ്യക്ഷതയിൽ വനം മന്ത്രി എ കെ ശശീന്ദ്രൻ പങ്കെടുത്ത യോഗം ചേർന്നു. വനാതിർത്തികളിലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെ സംഘർഷം നിയന്ത്രിക്കും.

സംസ്ഥാനത്ത് 2348 കിലോമീറ്റർ സൗരോർജ്ജവേലികളും 511 കിലോമീറ്റർ എലിഫന്റ് പ്രൂഫ് ട്രഞ്ചും 9.7 കിലോമീറ്റർ സൗരോർജ്ജ തൂക്കുവേലിയും 66 കിലോമീറ്റർ എലിഫന്റ് പ്രൂഫ് വാളും 32 കിലോമീറ്റർ ക്രാഷ് ഗാർഡ് റോപ്പ് ഫെൻസും 10 കിലോമീറ്റർ റെയിൽ ഫെൻസും വന്യജീവികൾ മനുഷ്യ ആവാസ വ്യവസ്ഥയിലേക്ക് കടക്കുന്നത് തടയാനായി നിലവിലുണ്ട്. സൗരോർജ്ജ വേലികളുടെയും എലിഫന്റ് പ്രൂഫ് ട്രഞ്ചുകളുടെയും സൗരോർജ്ജ തൂക്കുവേലികളുടെയും അറ്റകുറ്റപ്പണികൾ ഗ്രാമ- ബ്ലോക്ക്- ജില്ല പഞ്ചായത്തുകൾക്കും മുനിസിപ്പാലിറ്റികൾക്കും നൽകുന്നതിന് യോഗം തീരുമാനിച്ചു.

വന്യജീവി പ്രതിരോധ വേലികളുടെ പരിപാലനവും അറ്റകുറ്റപ്പണികളും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് തൊഴിലും കൂലിയും ലഭ്യമാക്കാനുള്ള സാധ്യത പരിശോധിക്കാനും തീരുമാനമായി. വന്യ ജീവി സംഘർഷം കുറയ്ക്കാൻ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രൂപീകരിച്ചിട്ടുള്ള ജനജാഗ്രതാ സമിതികളുടെ യോഗം മൂന്ന് മാസത്തിലൊരിക്കലെങ്കിലും ചേരണമെന്നും യോഗം തീരുമാനിച്ചു. നിലവിൽ 204 ജനജാഗ്രതാ സമിതികളാണുള്ളത്. വന്യജീവി സംഘർഷമുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ പുതിയ സമിതികൾ രൂപീകരിക്കാനും ധാരണയായി.

Eng­lish Sum­ma­ry: human ani­mal con­flict review meet­ing of ministers 

You may also like this video :

Exit mobile version