Site iconSite icon Janayugom Online

ഓതറ പഴയകാവിൽ മനുഷ്യന്റെ അസ്ഥികൂടം; ഡിഎൻഎ പരിശോധനയ്ക്ക് അയച്ചു

തിരുവല്ല ഓതറ പഴയകാവിൽ സി എസ് ഐ ഇക്കോ സ്പിരിച്വൽ സെൻ്ററിനും ക്ഷേത്രത്തിനും ഇടയിലുള്ള കാടുപിടിച്ച പറമ്പിൽ മനുഷ്യൻ്റെ അസ്ഥികൂടം കണ്ടെത്തി. ശനിയാഴ്ച മൂന്നുമണിയോടെ സമീപത്ത് കളിക്കുകയായിരുന്ന കുട്ടികൾ, ഉരുണ്ടുപോയ പന്തെടുക്കാനായി ചെന്നപ്പോഴാണ് അസ്ഥികൂടം കണ്ടത്. തുടർന്ന് കുട്ടികൾ രക്ഷിതാക്കളെ അറിയിക്കുകയും അവർ പൊലീസിൽ വിവരം നൽകുകയുമായിരുന്നു.

അസ്ഥികൂടത്തിന് ഒരു മാസത്തിലധികം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അസ്ഥികൂടത്തിൽ കാണുന്ന വലതുകൈയുടേതെന്ന് കരുതുന്ന എല്ലിൽ സ്റ്റീലിൻ്റെ കമ്പി കാണുന്നുണ്ട്. തിരുവല്ല സിഐ കെ എസ് സുജിത്തിൻ്റെ നേതൃത്വത്തിൽ പൊലീസും ഫൊറൻസിക് സംഘവും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം അവശിഷ്ടങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഡി എൻ എ പരിശോധനാഫലം ലഭിച്ചാൽ മാത്രമേ മരിച്ച വ്യക്തിയെക്കുറിച്ച് തിരിച്ചറിയാൻ സാധിക്കൂ. കിഴക്കനോതറയിൽനിന്ന് 59 വയസ്സ് പ്രായംവരുന്ന ഒരാളെ കാണാതായതുമായി ബന്ധപ്പെട്ട് തിരുവല്ല പൊലീസിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് സി ഐ അറിയിച്ചു.

Exit mobile version