Site iconSite icon Janayugom Online

മനുഷ്യ‑വന്യജീവി സംഘര്‍ഷം: ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്തും

മനുഷ്യ‑വന്യജീവി സംഘര്‍ഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വനാതിര്‍ത്തി പ്രദേശങ്ങളില്‍ ഡ്രോണ്‍ നിരീക്ഷണം ഏര്‍പ്പെടുത്താന്‍ വനം വകുപ്പ്‌ നടപടി സ്വീകരിക്കും. ചീഫ്‌ വൈല്‍ഡ്‌ ലൈഫ്‌ വാര്‍ഡന്‍ പ്രമോദ്‌ ജി കൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ്‌ തീരുമാനം.
ഡ്രോണ്‍ ഓപ്പറേറ്റിങ് ഏജന്‍സികളുമായി കരാറില്‍ ഏര്‍പ്പെടുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. മനുഷ്യ‑വന്യജീവി സംഘര്‍ഷം കൂടുതലുള്ള ഹോട്ട്‌സ്പോട്ടുകളിലാണ്‌ പ്രധാനമായും നിരീക്ഷണം ഏര്‍പ്പെടുത്തുക. വന്യമൃഗങ്ങളുടെ സ്വാഭാവിക ആവാസവ്യവസ്ഥയെ ശല്യപ്പെടുത്താതെ ആയിരിക്കുമിത്. സംസ്ഥാനത്തെ എല്ലാ ഡിവിഷനുകളിലെയും ആനത്താരകള്‍, വന്യമൃഗങ്ങളുടെ സ്ഥിരം സഞ്ചാരപാതകള്‍ എന്നിവ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിന്‌ കൂടുതല്‍ കാമറകള്‍ വാങ്ങുന്നതിനുള്ള നടപടികളും ആരംഭിച്ചു.

തദ്ദേശ ഗോത്ര വിഭാഗങ്ങളുടെ കാടറിവിനെ ഉപയോഗപ്പെടുത്താന്‍ വനംമന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ആദിവാസി വിഭാഗങ്ങളുമായി ചര്‍ച്ച സംഘടിപ്പിക്കും. ആദ്യ യോഗം മാര്‍ച്ച്‌ ഒന്നിന്‌ വയനാട്‌ കുറുവ ദ്വീപില്‍ സംഘടിപ്പിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌. ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ്‌, പട്ടികവര്‍ഗ വകുപ്പ്‌ ഉദ്യോഗസ്ഥരുടെ സേവനവും ഉദ്യമത്തില്‍ ഉപയോഗപ്പെടുത്തും. കുരങ്ങുകളുടെ വംശവര്‍ധന തടയുന്നതിനുള്ള നടപടികള്‍ക്കായി അവയെ ഷെഡ്യൂള്‍ ഒന്നില്‍ നിന്നും ഷെഡ്യൂള്‍ രണ്ടിലേക്ക്‌ മാറ്റുന്നതിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ട്‌. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരം നാട്ടുകുരങ്ങുകളുടെയും കാട്ടുകുരങ്ങളുടെയും എണ്ണം തിട്ടപ്പെടുത്തുന്നതിനുള്ള നടപടികള്‍ ആരംഭിക്കും. കാട്ടുപന്നിയുടെ ശല്യം നിയന്ത്രിക്കുന്നതിന്‌ പഞ്ചായത്തുകള്‍ക്ക്‌ എംപാനല്‍ ചെയ്‌ത ഷൂട്ടേഴ്‌സിന്റെ സേവനവും നല്‍കും.

Exit mobile version