Site iconSite icon Janayugom Online

മനുഷ്യ‑വന്യജീവി സംഘർഷം: എഐയിലൂടെ വന്യമൃഗ നിരീക്ഷണം

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി വന്യ മൃഗങ്ങളുടെ വനാതിർത്തിയിലുള്ള നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വനം വകുപ്പ്. ഓരോ ഡിവിഷനിലും മാറ്റി സ്ഥാപിക്കാവുന്ന തരത്തിലുള്ള സോളാർ ഊർജത്തിൽ പ്രവർത്തിക്കുന്ന നിരീക്ഷണ കാമറകൾ, പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ വികസിപ്പിച്ചെടുത്ത റിയൽ ടൈം മോണിറ്ററിങ് സംവിധാനം, തെർമൽ ഡ്രോണുകൾ, കാമറ ട്രാപ്പുകൾ എന്നിവ ഉപയോഗിച്ചാണ് നിരീക്ഷണം. കേരളത്തിലെ വനങ്ങളെയും വന്യമൃഗങ്ങളെയും അടിസ്ഥാനമാക്കിയായിരിക്കും പ്രശ്നക്കാരായ വന്യ മൃഗങ്ങളെ തിരിച്ചറിയാനുള്ള സംവിധാനം മെഷീൻ ലേർണിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുക. യാതൊരു വിധ നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയില്ലാത്ത വന പ്രദേശങ്ങളിലും വന്യ മൃഗങ്ങളുടെ സാന്നിധ്യം ഇതിലൂടെ അറിയുവാൻ സാധിക്കും. ഇതിന്റെ പ്രാരംഭ നടപടികൾ പെരിയാർ ടൈഗർ കൺസർവേഷൻ ഫൗണ്ടേഷൻ ആരംഭിച്ചു.

ഇത്തരം കാമറകൾ വനത്തിലെ വിവിധ മേഖലകളിൽ സ്ഥാപിച്ചുകൊണ്ടുള്ള പരീക്ഷണങ്ങളാണ് ഇപ്പോൾ നടക്കുന്നത്. മൂന്ന് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ കാമറകളുടെ പരീക്ഷണങ്ങളും രണ്ടാം ഘട്ടമായി നിർമ്മിത ബുദ്ധി സാങ്കേതിക വിദ്യ ഉപയോഗിച്ച് കാര്യക്ഷമമായി നിരീക്ഷണ സംവിധാനത്തെ മാറ്റുന്നതിനും ഉദ്ദേശിക്കുന്നു. മൂന്നാംഘട്ടത്തിൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്ത പ്രദേശങ്ങളിൽ ലോക്കൽ സെർവറിൽ ഇൻസ്റ്റാൾ ചെയ്യുന്ന നിർമ്മിതബുദ്ധി ഉപയോഗിച്ച് വന്യ മൃഗങ്ങളെ സ്ഥലത്തു വച്ച് തന്നെ തിരിച്ചറിയുന്നതിനും ലോറാവാൻ നെറ്റ്‌വർക്ക് ഉപയോഗിച്ച് ഇത്തരം അലർട്ടുകൾ ഡിവിഷൻ തല കണ്‍ട്രോൾ റൂമുകളിൽ എത്തിക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യ വികസിപ്പിക്കുകയും ചെയ്യും. ഇതിനായി ടാറ്റ കമ്മ്യൂണിക്കേഷൻസിന്റെ സേവനവും ഉപയോഗപ്പെടുത്തും. മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായി വനം വകുപ്പ് ഈയിടയ്ക്ക് പ്രഖ്യാപിച്ച 10 മിഷനുകളിൽ സുപ്രധാനമായ ഒന്നാണിതെന്ന് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി കൃഷ്ണൻ ഐഎഫ്എസ് പറഞ്ഞു. വരും കാലങ്ങളിൽ മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് എഐ ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ വലിയ പങ്ക് വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version