Site iconSite icon Janayugom Online

കെ സുധാകരന്റെ അപമാനിക്കല്‍; രോഷത്തോടെ എ ഗ്രൂപ്പ്

നാഥനില്ലാതായ എ ഗ്രൂപ്പിനെ കെ സുധാകരൻ വീണ്ടും എടുത്തിട്ട് ചവിട്ടിയെന്ന് പരാതി. ഇത്തവണ അപമാനമേറ്റത് സഭാ പ്രശ്നത്തിൽ കത്ത് നൽകിയ കെ സി ജോസഫിനാണ്. സുധാകരൻ മുതിർന്ന നേതാവിനെ അപമാനിച്ചെന്ന വികാരം എ ഗ്രൂപ്പിൽ ശക്തമായി. ക്രൈസ്തവ സഭാ നേതൃത്വം കോൺഗ്രസിൽ നിന്നും അകലുന്നു എന്ന് ചൂണ്ടിക്കാട്ടി കത്ത് നൽകിയ കെ സി ജോസഫിന്റെ നടപടിയെ അപക്വം എന്ന് വിശേഷിപ്പിച്ചത് ശരിയല്ലെന്ന നിലപാടാണ് ഉയരുന്നത്.
ജോസഫ് കത്ത് നൽകിയ ശേഷമാണ് കെപിസിസി അധ്യക്ഷൻ ബിഷപ്പുമാരെ കാണാൻ തീരുമാനിച്ചത്. എന്നിട്ടും ജോസഫിനെ അപമാനിക്കുകയാണ് സുധാകരൻ ചെയ്തത് എന്ന വിലയിരുത്തലിലാണ് എ ഗ്രൂപ്പ്. സഭാ പ്രശ്നത്തിൽ എ ഗ്രൂപ്പിന് വേണ്ടിയാണ് ജോസഫ് കത്ത് നൽകിയത്. ഇരുപതിന് രാഷ്ട്രീയ കാര്യ സമിതി വിളിക്കാൻ ആലോചനയുണ്ട്. ഈ പ്രശ്നം രാഷ്ട്രീയ കാര്യ സമിതിയിൽ ഉന്നയിക്കാനാണ് എ ഗ്രൂപ്പ് നീക്കം.
കെപിസിസി നേതാക്കൾക്കിടയിൽ ഇപ്പോൾ കടുത്ത ഭിന്നതയാണ് ഉള്ളത്. ഈ സാഹചര്യത്തിലാണ് സുധാകരൻ ജോസഫിനെതിരെയും എ ഗ്രൂപ്പ് സുധാകരനെതിരെയും തിരിഞ്ഞത്. ഉമ്മൻചാണ്ടി-ചെന്നിത്തല കാലത്തുള്ളതുപോലെ ചർച്ചകൾ നേതാക്കൾക്കിടയിൽ നടക്കുന്നില്ല. ഇത് ഭിന്നത കൂട്ടാനും കാരണമാകുന്നു. പുനഃസംഘടനയിൽ ഗ്രൂപ്പുകളെ ഗൗനിക്കാത്തതാണ് പല പ്രശ്നങ്ങളും പുകയാൻ കാരണം. 

ഏകപക്ഷീയമായ തീരുമാനങ്ങളാണ് സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കൈക്കൊള്ളുന്നത് എന്ന് ഇരുവരും പദവിയിൽ വന്ന കാലം മുതൽ ആരോപണമുണ്ട്. ഇതിലുള്ള അപ്രിയമാണ് ഇപ്പോൾ കൂടുതൽ കരുത്തോടെ പുറത്തുവരുന്നത്.
ക്രൈസ്തവ സഭാ നേതൃത്വവുമായി അടുക്കാൻ ബിജെപി നടത്തുന്ന ശ്രമങ്ങളും അതിനോടുള്ള ബിഷപ്പുമാരുടെ പ്രതികരണവും ഗൗരവമായി കാണണമെന്നും രാഷ്ട്രീയകാര്യസമിതിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടാണ് കെ സി ജോസഫ് കെപിസിസി പ്രസിഡന്റിനു കത്തു നൽകിയത്. ഈ കത്തിനെ കുറ്റപ്പെടുത്തിയ ശേഷം ബിഷപ്പിനെ കാണാൻ പോയ സുധാകരന്റെ നടപടി ശരിയല്ലെന്ന് എ ഗ്രൂപ്പ് പറയുന്നു. സുധാകരന്റെ പ്രസ്താവനയ്ക്ക് എതിരെ കെ സി ജോസഫ് തന്നെ രംഗത്ത് വന്നു.
ബിജെപി നീക്കത്തിനെതിരെയുള്ള തന്റെ കത്ത് സദുദ്ദേശ്യപരമായിരുന്നുവെന്നാണ് ജോസഫ് പറയുന്നത്. ദീർഘനാൾ കണ്ണൂരിൽ സുധാകരന്റെ ആനുകൂല്യം പറ്റിയിട്ടുള്ള കെ സി ജോസഫിന് ഒറ്റയടിക്ക് എല്ലാം തള്ളി പറയാൻ കഴിയുന്നില്ല. ഉമ്മൻചാണ്ടി സജീവമല്ലാതായതോടെ ഗ്രൂപ്പിന്റെ നേതൃത്വം ഏറ്റെടുക്കാൻ കെ സി ജോസഫ്, ബെന്നി ബഹന്നാൻ, എം എം ഹസൻ എന്നിവരൊക്കെ ഒന്നിച്ചു നിൽക്കുമ്പോൾ യുവനേതാക്കൾ പലരും രമേശ് ചെന്നിത്തല, കെ മുരളീധരൻ, കെ സി വേണുഗോപാൽ എന്നിങ്ങനെ വിവിധ നേതാക്കളുടെ ആശിർവാദത്തിൽ സ്വന്തമായി സാമ്രാജ്യം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ്. ചിതറിയ ഗ്രൂപ്പിനെ കൂട്ടിച്ചേർത്തു നിർത്താനുള്ള ശ്രമമാണ് കെ സി ജോസഫിന്റേതെന്നും നിരീക്ഷകർ വിലയിരുത്തുന്നുണ്ട്.

Eng­lish Summary:Humiliation of K Sud­hakaran; Group A angrily
You may also like this video

Exit mobile version