Site icon Janayugom Online

നർമ്മരസികനായ ആളൂർ

കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും പത്രപ്രവർത്തകനുമായിരുന്ന ആളൂർ പ്രഭാകരന്റെ വേർപാട് പൊതുജീവിതത്തിൽ വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. അരനൂറ്റാണ്ട് കാലം രാഷ്ടീയ സാമൂഹിക പത്രപ്രവർത്തന രംഗത്ത് നിറഞ്ഞുനിന്ന ആളായിരുന്നു പ്രഭാകരൻ. കുട്ടിക്കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് ആദർശങ്ങളിൽ അടിയുറച്ച് നിന്ന ആളൂർ പ്രഭാകരന്റെ യൗവ്വനകാലം കഠിനത്യാഗത്തിന്റേതായിരുന്നു. ഉന്നത പഠനത്തിനായി കോഴിക്കോട്ടെത്തിയ ആളൂർ അക്കാലത്ത് എഐഎസ്എഫ് കെട്ടിപ്പടുക്കുന്നതിൽ വലിയ പങ്ക് വഹിച്ചു. എഐഎസ്എഫ് കോഴിക്കോട് ജില്ലാ പ്രസിഡന്റായി അദ്ദേഹം പ്രവർത്തിച്ചു. മനോരമയിൽ നിന്നു അസി. എഡിറ്ററായി വിരമിച്ച എം ബാലഗോപാൽ ആയിരുന്നു അന്ന് എഐഎസ്എഫിന്റെ ജില്ലാ സെക്രട്ടറി. കോഴിക്കോട് വച്ച് പാർട്ടി സ്ഥാപക നേതാവ് കെ എ കേരളീയന്റെ പ്രധാന ശിഷ്യനായി ആളൂർ മാറി. താമസവും കെ എ കേരളീയന്റെ ഗോവിന്ദപുരത്തുള്ള വീട്ടിലായിരുന്നു. വായനയിലും എഴുത്തിലും കവിതയിലും താല്പര്യം ജനിച്ചത് അവിടെ വച്ചാണ്. കെ എ കേരളീയന്റെ പത്രാധിപത്യത്തിൽ പുറത്തിറങ്ങിയ കൃഷിക്കാരൻ മാസികയിൽ പ്രവർത്തിച്ചു കൊണ്ടാണ് ആളൂർ പത്രപ്രവർത്തന രംഗത്തേക്ക് വരുന്നത്. നവജീവൻ കോഴിക്കോട് നിന്നു പുറത്തിറങ്ങിയപ്പോൾ ആളൂർ അതിൽ പ്രൂഫ് റീഡറായി ജോലിയിൽ പ്രവേശിച്ചു. അക്കാലത്ത് ആളൂർ പ്രഭാകരന്റെ അനേകം കവിതകൾ പല പ്രസിദ്ധീകരണങ്ങളിലും വന്നിരുന്നു. പിന്നിട്ട് ജനയുഗത്തിന്റെ മലപ്പുറം ലേഖകനായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ജനയുഗത്തിൽ നിന്നു അക്കാലത്ത് ലഭിച്ചിരുന്ന വളരെ തുച്ഛമായ ശമ്പളം കൊണ്ട് വളരെ കഷ്ടപ്പെട്ടാണു ആളൂർ കുടുംബസമേതം ജീവിച്ചത്. ആരോടും ഒരു പരാതിയും പരിഭവവും അദ്ദേഹത്തിനുണ്ടായിരുന്നില്ല. പാർട്ടി മുഖപത്രത്തിൽ പ്രവർത്തിക്കുമ്പോൾ പൊതുരംഗങ്ങളിൽ ആളൂർ സജീവമായിരുന്നു. മലപ്പുറത്ത് പ്രസ് ക്ലബ്ബ് സ്ഥാപിക്കുന്നതിൽ മുന്നില്‍നിന്ന് പ്രവർത്തിച്ചു. മലപ്പുറം പ്രസ് ക്ലബ്ബിന്റെയും കേരള പത്രപ്രവർത്തക യൂണിയന്റെയും സീനിയർ ജേണലിസ്റ്റ് ഫോറത്തിന്റെയും ഭാരവാഹിയായി പല തവണ ആളൂർ പ്രവർത്തിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മലപ്പുറം ജില്ലയിലെ സമുന്നതനായ നേതാവായിരുന്നു അദ്ദേഹം. ജില്ലാ കൗൺസിൽ അംഗമെന്ന നിലയിൽ തന്നെ ഏല്പിച്ച ചുമതലകൾ കൃത്യമായി നിർവഹിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ആതവനാട് പഞ്ചായത്ത് മെമ്പറായും ജില്ലാ കൗൺസിൽ മെമ്പറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മലബാർ ദേവസ്വം ബോർഡ് മെമ്പർ എന്ന നിലയിലും അദ്ദേഹം സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവച്ചു. ഗ്രന്ഥശാലാ സംഘം ജില്ലാ സെകട്ടറിയായും കുറുമ്പത്തൂരിലുള്ള മേല്പത്തൂർ ഭട്ടതിരിപ്പാട് സാംസ്കാരിക കേന്ദ്രത്തിന്റെ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചു. ഇവിടെയുള്ള ചന്ദനക്കാട് സംരക്ഷിക്കുന്നതിനായി അക്ഷീണം പ്രയത്നിച്ചു. പരിചയപ്പെട്ടവർക്കൊക്കെ ആളൂർ പ്രഭാകരനെ വലിയ ഇഷ്ടമായിരിക്കും. വളരെ വിനയത്തോടെ ചിരിച്ചുകൊണ്ടുള്ള പെരുമാറ്റ രീതി ആരിലും മതിപ്പുളവാക്കും. നാട്ടിലെ ജനങ്ങൾക്ക് ആളൂർ പ്രിയങ്കരനായിരുന്നു. നർമ്മമാണ് ആളുരിന്റെ മുഖമുദ്ര. ഏത് ഗൗരപ്പെട്ട വിഷയമായാലും നർമ്മത്തിൽ പൊതിഞ്ഞ് കൊണ്ട് അവതരിപ്പിക്കാൻ ആളൂരിനു കഴിഞ്ഞു. ആരോടും തമാശകൾ പറഞ്ഞ് വിനയത്തോടെയും സ്നേഹത്തോടെയും പെരുമാറുന്ന ആളൂരിന്റെ സ്വഭാവം പൊതുപ്രവർത്തകർക്ക് മാതൃകയാണ്.

Exit mobile version