Site iconSite icon Janayugom Online

കോവിഡ് കാലത്ത് കര്‍ണാടകയില്‍ നൂറു കണക്കിന് കോടികളുടെ തിരിമറി

corruptioncorruption

കോവിഡ് കാലത്ത് കര്‍ണാടക ഭരിച്ചിരുന്ന ബിജെപി സര്‍ക്കാര്‍ നൂറുകണക്കിന് കോടികളുടെ തിരിമറി നടത്തിയെന്ന് റിപ്പോര്‍ട്ട്. ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡികുഞ്ഞ കമ്മിഷന്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ഉള്ളതെന്ന് നിയമ മന്ത്രി എച്ച്കെ പാട്ടില്‍ പറഞ്ഞു. ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ ഓഫീസിലെ അഡീഷണല്‍ ചീഫ് സെക്രട്ടറി, മറ്റ് ചില ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഈ റിപ്പോര്‍ട്ട് വിശകലനം ചെയ്ത ശേഷം ഒരു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ക്രമക്കേട് സംബന്ധിച്ച വിവരം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉന്നയിച്ചിരുന്നു.

നൂറു കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നും പല ഫയലുകളും കാണാതായെന്നും ജസ്റ്റിസ് ജോണ്‍ മൈക്കിള്‍ ഡികുഞ്ഞയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. പബ്ളിക് അക്കൗണ്ട്സ് കമ്മിറ്റി റിപ്പോര്‍ട്ടും നിരവധി വിശദാംശങ്ങളും പരിഗണിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും നിയമമന്ത്രി അറിയിച്ചു. യെദ്യൂരപ്പ, ബൊമ്മൈ സര്‍ക്കാരുടെ കാലത്ത് കോടികളുടെ അഴിമതി നടന്നുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തല്‍. കോവിഡ് കാലത്തുനടന്ന ഇടപാടുകളുമായി ബന്ധപ്പെട്ട പല ഫയലുകളും കാണാതായെന്നും റിപ്പോര്‍ട്ടിലുണ്ട്.
വിരമിച്ച ഹൈക്കോടതി ജഡ്ജിക്ക് മുന്നില്‍ ഫയലുകള്‍ ഹാജരാക്കാത്ത ഉദ്യോഗസ്ഥരെക്കുറിച്ചും അന്വേഷിക്കുമെന്ന് പാട്ടീല്‍ പറഞ്ഞു. , ഒരുമാസത്തിന് ശേഷം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കും. കമ്മിഷന്റെ കാലാവധി ആറ് മാസം നീട്ടിയിട്ടുണ്ടെന്നും നിയമമന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നല്‍കിയാലുടന്‍ പൊതുജനങ്ങള്‍ക്ക് പങ്കുവയ‍്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് കാലത്തെ മരുന്ന്, മെഡിക്കല്‍ ഉപകരണങ്ങള്‍, ഓക‍്സിജന്‍ വിതരണത്തിലെ ക്രമക്കേട് എന്നിവയെ കുറിച്ച് അന്വേഷിക്കാന്‍ 2023 ഓഗസ്റ്റിലാണ് സിദ്ധരാമയ്യ സര്‍ക്കാര്‍ ജുഡീഷ്വല്‍ അന്വേഷണത്തിന് ഉത്തരവിട്ടത്. മൈസുരു അര്‍ബന്‍ വികസന അതോറിട്ടി (മുഡ) ഭൂമികൈമാറ്റവുമായി ബന്ധപ്പെട്ട ആരോപണത്തെ പ്രതിരോധിക്കാന്‍ പുതിയ അഴിമതി അന്വേഷണം കോണ്‍ഗ്രസിനെ സഹായിച്ചേക്കും. സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വതിക്ക് മുഡ, മൈസൂരുവില്‍ 14 പാര്‍പ്പിടസ്ഥലങ്ങള്‍ അനുവദിച്ചുനല്‍കിയതില്‍ അഴിമതിയുണ്ടെന്നാണ് ആരോപണം. സഹോദരന്‍ മല്ലികാര്‍ജുന്‍ പാര്‍വതിക്കു വാങ്ങി നല്‍കിയതാണ് 3.16 ഏക്കര്‍ ഭൂമി. ഇത് പിന്നീട് മുഡ ഏറ്റെടുക്കുകയും പകരം മൈസൂരുവിലെ വിലയേറിയ സ്ഥലത്ത് പാര്‍പ്പിടസ്ഥലങ്ങള്‍ നല്‍കുകയും ചെയ്തെന്നാണ് പരാതി.

Exit mobile version