Site icon Janayugom Online

കശ്മീരില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍

ജമ്മു കശ്മീരില്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ കൊല്ലപ്പെട്ടത് നൂറോളം ഭീകരര്‍. അതില്‍ 30 പേര്‍ പാകിസ്ഥാനില്‍ നിന്നുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. നിലവില്‍ താഴ്‌വരയിലുടനീളം ഭീകരരുമായി തുടര്‍ച്ചയായി ഏറ്റുമുട്ടലുകള്‍ നടക്കുന്നുണ്ടെന്ന് സുരക്ഷാ സേനാ വൃത്തങ്ങള്‍ അറിയിച്ചു. ഞായറാഴ്ച ജമ്മു കശ്മീരിലെ പുല്‍വാമയില്‍ മൂന്ന് ലഷ്‌കര്‍ ഭീകരരെ സൈന്യം വധിച്ചിരുന്നു.

വിവിധ ഭീകര സംഘടനകളില്‍ നിന്നുള്ള 158 ഓളം ഭീകരര്‍ ഇപ്പോഴും കശ്മീര്‍ താഴ്‌വരയില്‍ ഉണ്ടെന്നാണ് വിവരം. കശ്മീരിലെത്തുന്നവരില്‍ ഏറ്റവും കൂടുതല്‍ ലഷ്‌കര്‍ ഇ ത്വയ്ബ ഭീകരരാണെന്നാണ് സൈനിക വൃത്തങ്ങള്‍ നല്‍കുന്ന സൂചന. നിലവില്‍ 83 ലഷ്‌കര്‍ ഭീകരര്‍ താഴ്‌വരയില്‍ ഉണ്ട്. ഇതുകൂടാതെ 30 ജെയ്ഷെ ഭീകരരും 38 ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരും പ്രവര്‍ത്തനം തുടരുന്നു.

ജമ്മു കശ്മീരിലെ തീവ്രവാദത്തെ തുടച്ചുനീക്കുന്നതിനുള്ള പ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദ സംഘടനകള്‍ ഇപ്പോഴും നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് തുടരുകയാണ്. സ്വദേശികളായ യുവാക്കളെ തീവ്രവാദികളാക്കി റിക്രൂട്ട് ചെയ്യുന്നതും വ്യാപകമാണെന്ന് സൈന്യം പറയുന്നു.

ഇതോടെയാണ് ഈ വര്‍ഷം ആറുമാസത്തിനിടെ വിവിധ ഏറ്റുമുട്ടലുകളിലായി വധിച്ച ഭീകരരുടെ എണ്ണം നൂറിലെത്തിയത്. ഇതിനിടെ ഒരു ഡസനിലധികം ഭീകര ക്യാമ്പുകള്‍ പാകിസ്ഥാന്‍ സൈന്യം വീണ്ടും സജീവമാക്കിയതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ അറിയിച്ചിട്ടുണ്ട്.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉറിക്കും കശ്മീരിനും സമീപമുള്ള തീവ്രവാദ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തനം വര്‍ധിച്ചിട്ടുണ്ട്.

ലഷ്‌കര്‍, ജെയ്ഷെ, അഫ്ഗാന്‍ ഭീകരര്‍ക്ക് പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ പരിശീലനം നല്‍കിയിട്ടുണ്ട്. താഴ്‌വരയിലൂടെയുള്ള അമര്‍നാഥ് യാത്ര തടസപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ തീവ്രവാദികള്‍ ശ്രമിക്കുന്നുണ്ടെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

Eng­lish summary;Hundreds of mil­i­tants killed in Kash­mir this year

You may also like this video;

Exit mobile version