Site icon Janayugom Online

വിശക്കുന്ന ഇന്ത്യ, വില്‍ക്കപ്പെടുന്ന ഇന്ത്യ

‘കടലിന്‍ നേര്‍ക്കു ചെന്നിട്ട്
കടല്‍വെള്ളം തിളപ്പിച്ചിട്ട്
ഉപ്പുവറ്റിച്ചു ഗാന്ധിജി
അതു ലേശം പൊടിച്ചി‍ട്ട്
കഞ്ഞിവച്ചു കുടിക്കുവാന്‍
നമ്മള്‍ പണ്ടേ മറന്നുപോയ്
ഇല്ലെങ്കില്‍ നമ്മളാനെഞ്ചു
തല്ലിപൊട്ടിച്ചു തിന്നുമോ
ഉപ്പുകെട്ടൊരു പിന്മുറ’

ശൂരനാട് രവി വിവര്‍ത്തനം ചെയ്ത ‘ഗാന്ധിജിയുടെ അന്ത്യപ്രഭാഷണങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ കുറിച്ചിട്ടിരുന്ന വരികളാണിവ. സ്വാതന്ത്ര്യസമരത്തെ ബ്രിട്ടീഷ് വെെതാളികര്‍ക്കായി വഞ്ചിച്ച, ഗാന്ധിജിയുടെ നെഞ്ചു തല്ലിപ്പൊട്ടിച്ച, ഉപ്പുകെട്ടൊരു തലമുറക്കാരുടെ ഭരണത്തില്‍ ഇന്ത്യ വിശപ്പില്‍ നീറുകയാണ്. നരേന്ദ്രമോഡിക്കും അമിത്ഷായ്ക്കും സംഘപരിവാര ഫാസിസ്റ്റുകള്‍ക്കും അഭിമാനിക്കാം. ആഗോളവിശപ്പ് സൂചികയില്‍ 116 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 101-ാം സ്ഥാനത്താണ്. പതിനഞ്ച് രാജ്യങ്ങളെക്കൂടി പിന്തള്ളിയാല്‍ ‘സ്വച്ഛ് ഭാരത്’ സൃഷ്ടിക്കുന്ന നരേന്ദ്രമോഡി ഭരണകൂടത്തിന് വിശപ്പ് രാഷ്ട്രങ്ങളുടെ കൊടുമുടിയില്‍ ഒന്നാംസ്ഥാനക്കാരായി ‘അഭിമാനിക്കാം’, അഹങ്കരിക്കാം. ആഭ്യന്തരസംഘര്‍ഷത്താല്‍ കലുഷിതമായിരിക്കുന്ന മ്യാന്‍മര്‍ 71-ാം സ്ഥാനത്തും നേപ്പാളും ബംഗ്ലാദേശും 76-ാം സ്ഥാനത്തും പാകിസ്ഥാന്‍ 92-ാം സ്ഥാനത്തും നിലകൊള്ളുമ്പോഴാണ് 94ല്‍ നിന്ന് 101-ാം സ്ഥാനത്തേക്ക് നരേന്ദ്രമോഡിയുടെ ’ സ്വച്ഛ് ഭാരത്’ നിലംപതിച്ചിരിക്കുന്നത്.


ഇതുംകൂടി വായിക്കാം;നിരാശാജനക ഭരണകൂട പ്രകടനം തുറന്നുകാട്ടുന്ന വിശപ്പ് സൂചിക


‘വിശപ്പ് രഹിത ഭാരതം’ എന്ന മുദ്രാവാക്യം തെരഞ്ഞെടുപ്പില്‍ വോട്ട് നേടുവാനുള്ള പ്രകടനപത്രികാ വാഗ്ദാനം മാത്രമാക്കി നരേന്ദ്രമോഡി സംഘം പരിമിതപ്പെടുത്തിയതിന്റെ ദുരന്തഫലമാണ് വിശന്നുവലയുന്ന ഇന്ത്യ. പട്ടിണിമരണങ്ങളും കര്‍ഷക ആത്മഹത്യകളും കാണാത്ത, കടക്കെണിയില്‍പെട്ട് ജീവിതദുരിതമനുഭവിക്കുന്ന ദരിദ്രനാരായണന്മാരെ കാണാത്ത, വിശപ്പിന്റെ കൊടിയ ദുരിതത്തെ കാണാത്ത നരേന്ദ്രമോഡിയുടെ ഭരണകൂടം വന്‍കിട കുത്തക മുതലാളിമാര്‍ക്കും സ്വദേശ‑വിദേശ കോര്‍പ്പറേറ്റു ശക്തികള്‍ക്കും കൂടുതല്‍ സുഖസൗകര്യങ്ങള്‍ പ്രദാനം ചെയ്യുവാന്‍ അതീവ ജാഗ്രതയോടെ നിരന്തര യജ്ഞം നടത്തുകയും ചെയ്യുന്നു. സഹസ്ര കോടീശ്വരന്മാര്‍ക്കു വേണ്ടി ഭരണനയങ്ങള്‍ രൂപകല്പന ചെയ്യുന്നവര്‍ക്കു മുന്നില്‍ വിശക്കുന്നവര്‍ അപ്രസക്തരും അവഗണിക്കപ്പെടേണ്ടവരുമാണ്.

ആറ് ലക്ഷം കോടി രൂപയുടെ രാഷ്ട്രത്തിന്റെ പൊതു ആസ്തിയാണ് കുത്തകമുതലാളിമാര്‍ക്ക് തുച്ഛമായ തുകയ്ക്ക് ഈ സാമ്പത്തികവര്‍ഷം മോഡിസര്‍ക്കാര്‍ വിറ്റഴിക്കുവാന്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ ഇനി സമ്പൂര്‍ണ ആധിപത്യം കുത്തക മുതലാളിമാര്‍ക്കാണ്. വ്യോമയാനരംഗത്ത് സ്വകാര്യ കുത്തകകള്‍ക്ക് നേരത്തേ വാതില്‍ തുറന്നിട്ടുകൊടുത്തത് 1991‑ലെ കോണ്‍ഗ്രസ് ഭരണകൂടമാണ്. നരേന്ദ്രമോഡി ‘എയര്‍ ഇന്ത്യ’ കൂടി ടാറ്റയ്ക്ക് വിറ്റതോടെ വ്യോമയാനമേഖലയില്‍ ഇന്ത്യാ ഗവണ്മെന്റ് ഇനി കേവലം കാഴ്ചക്കാര്‍ മാത്രം. വിമാനത്താവളങ്ങളെല്ലാം വില്‍ക്കുന്നു. തിരുവനന്തപുരം വിമാനത്താവളം വിറ്റത് അര്‍ധരാത്രിയുടെ മറവിലാണ്. രാത്രി 12 മണിക്കാണ് വില്പന കരാര്‍ കെെമാറിയത്. ഇന്ത്യയെ ഇരുട്ടില്‍ നിര്‍ത്തി ഇന്ത്യയെ വിറ്റഴിക്കുകയാണ് ‘സ്വദേശി ജാഗരണ്‍’ പ്രക്ഷോഭം നടത്തിയവര്‍. നാഷണല്‍ ഹെെവേകളും കുത്തകകളുടെ കാല്‍ക്കീഴിലാകുവാന്‍ പോകുന്നു. കഷണം കഷണങ്ങളായി വിഭജിച്ച് കുത്തക മുതലാളിമാര്‍ക്ക് സമ്മാനിക്കും. ഇപ്പോള്‍ത്തന്നെ വാഹന ടോള്‍ പിരിവിലൂടെ കൊടിയ ചൂഷണം നടത്തുന്നവര്‍ കാല്‍നടക്കാരെയും പണം വാങ്ങി കടത്തിവിടുന്ന ആശങ്കാഭരിതമായ, സഞ്ചാരസ്വാതന്ത്ര്യത്തെ ധ്വംസിക്കുന്ന അപകടകരമായ കാലത്തെയാണ് നാം കാത്തിരിക്കുന്നത്. ലാഭകരമായി പ്രവര്‍ത്തിച്ചിരുന്ന എല്‍ഐസി ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് കമ്പനികളെ കുത്തകകള്‍ക്ക് കെെമാറി. ദേശസാല്‍കൃത ബാങ്കുകളെ പരസ്പരം ലയിപ്പിച്ചും സ്വകാര്യ മുതലാളിമാര്‍ക്ക് കെെമാറിയും സാമ്പത്തികാടിമത്തത്തെ മാറോടണച്ചുപിടിക്കുന്നു. സാമ്പത്തികാടിമത്തം രാഷ്ട്രീയാടിമത്തത്തിലേക്കുളള വാതില്‍ പടിയാണെന്നുള്ള ചരിത്രപാഠത്തെ ഇന്ത്യന്‍ ഭരണാധികാരികള്‍ മനഃപൂര്‍വം വിസ്മരിക്കുന്നു. റയില്‍വേസ്റ്റേഷനുകളും റയില്‍വേയെ ആകെത്തന്നെയും വില്‍ക്കുന്നു. നമ്മുടെ റയില്‍വേ ട്രാക്കുകളില്‍ സ്വകാര്യ മുതലാളിമാരുടെ തീവണ്ടികള്‍ ഓടിത്തുടങ്ങാന്‍ പോകുന്നു. ആയുധനിര്‍മ്മാണശാലകളും വെെദേശിക മുതലാളിമാര്‍ക്കുള്‍പ്പെടെ വില്പനയ്ക്ക് വയ്ക്കുന്നു. ‘ഇന്ത്യ വില്പനയ്ക്ക്’ എന്ന ദുര്‍മന്ത്രമാണ് നരേന്ദ്രമോഡി ഭരണകൂടം ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്നത്.


ഇതുംകൂടി വായിക്കാം;നിരാശാജനക ഭരണകൂട പ്രകടനം തുറന്നുകാട്ടുന്ന വിശപ്പ് സൂചിക


സ്വാതന്ത്ര്യലബ്ധിയുടെ നാളില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസ്താവിച്ചു. ‘ഒന്നുമില്ലെങ്കിലും വേണ്ട. സ്വാതന്ത്ര്യം മാത്രം മതി. ആ സ്വാതന്ത്ര്യത്തിന്റെ പ്രഭാതരേണുക്കളാല്‍ ഇന്ത്യ എല്ലാം നേടിയെടുക്കും.’ അദ്ദേഹം വ്യവസായങ്ങള്‍ സ്ഥാപിക്കുവാനുള്ള സഹായത്തിനായി അമേരിക്കയും ബ്രിട്ടനുമുള്‍പ്പെടെ പല രാഷ്ട്രങ്ങളെ സമീപിച്ചു. അവര്‍ ആരാഞ്ഞുവത്രേ; ‘നിങ്ങള്‍ക്കെന്തിന് വ്യവസായം? ആവശ്യമുള്ളത് ഞങ്ങള്‍ എത്തിച്ചുതരാം.’ പക്ഷേ, നെഹ്രുവിന്റെ അഭ്യര്‍ത്ഥനയ്ക്ക് സോവ്യറ്റ് യൂണിയന്‍ ചെവികൊടുത്തു. ഇന്ത്യയില്‍ ഉരുക്കുവ്യവസായ ശൃംഖലയുണ്ടായി. നമ്മുടെ നവരത്നങ്ങളായ വ്യവസായങ്ങള്‍ അഭിവൃദ്ധിപ്പെട്ടു. ഉരുക്കുവ്യവസായ ശൃംഖലക്കും നവരത്നങ്ങളായ പൊതുമേഖലാ വ്യവസായങ്ങളും വില്പനച്ചരക്കാണ് നരേന്ദ്രമോഡി ഭരണകൂടത്തിന്. കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കുത്തകശക്തികള്‍ക്ക് കെെമാറാന്‍ തുടങ്ങിയത് കോണ്‍ഗ്രസ്. അതിനെതിരായി വോട്ട് ചോദിച്ച് അധികാരത്തിലെത്തിയ ബിജെപി കല്‍ക്കരി പാടങ്ങളാകെ കുത്തകകള്‍ക്ക് കെെമാറി. ഇന്ത്യയുടെ വെെദ്യുതമേഖലയില്‍ വമ്പന്‍ക്ഷാമം സൃഷ്ടിച്ച് വിലപേശാന്‍ ഇന്ന് കുത്തകശക്തികള്‍ക്ക് കഴിയുന്നു. ഇന്ത്യയെ വില്‍ക്കുന്ന കൂട്ടര്‍ ഇതില്‍ ആകുലപ്പെടുന്നില്ല. കാരണം ദരിദ്രജനങ്ങളല്ല, കുത്തകകളാണ് അവരുടെ ഹൃദയഭാജനങ്ങള്‍. ഗാന്ധിജിയുടെയും നെഹ്രുവിന്റെയും ആത്മാവുകള്‍ വീര്‍പ്പുമുട്ടുന്നുണ്ടായിരിക്കും. ബ്രിട്ടീഷ് സായിപ്പന്മാരുടെ ചെരുപ്പുനക്കിയ സവര്‍ക്കറെ വാഴ്ത്തുന്ന, ഇന്ത്യയെ വില്‍ക്കുന്നവരുടെ ഭരണത്തെയോര്‍ത്ത്.
വിശക്കുന്നവരുടെ ഇന്ത്യയിലാണ് പത്ത് മാസത്തിലേറെയായി കര്‍ഷകപ്രക്ഷോഭം ഇരമ്പുന്നത്. പാടങ്ങളെയും പാടവരമ്പുകളെയും കുത്തക മുതലാളിമാര്‍ക്ക് തീറെഴുതുന്ന മൂന്ന് കാര്‍ഷികമാരണനിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇന്ദ്രപ്രസ്ഥത്തിലേക്ക് ഇരമ്പിയാര്‍ക്കുന്ന കര്‍ഷകരെ രാജ്യദ്രോഹികളെന്നും ഖാലിസ്ഥാന്‍ വാദികളെന്നും കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെ വിശേഷിപ്പിക്കുകയും കൊലപ്പെടുത്തുവാന്‍ ആഹ്വാനം നടത്തുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധതയുടെ കാലത്താണ് നാം ജീവിക്കുന്നത്. കേന്ദ്ര ആഭ്യന്തരസഹമന്ത്രി അജയ്‌മിശ്ര കര്‍ഷകസമരം നിര്‍മ്മാര്‍ജനം ചെയ്യുവാന്‍ തനിക്ക് രണ്ട് മിനിറ്റ് മാത്രം മതി എന്നു പറഞ്ഞതിനു പിന്നാലെ അദ്ദേഹത്തിന്റെ പുത്രന്‍, യുപിയിലെ ബിജെപി നേതാവ് ആശിഷ് മിശ്ര ലഖിംപുര്‍ ഖേരിയിലെ കര്‍ഷകവേദിയിലേക്ക് സ്വന്തം കാര്‍ ഇടിച്ചുകയറ്റുന്നു, നിറയൊഴിക്കുന്നു. അഞ്ച് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും വീരമൃത്യു വരിച്ചു. കര്‍ഷക കൂട്ടക്കൊലയുടെ ആസൂത്രകനായ അജയ്‌മിശ്ര ഇപ്പോഴും നരേന്ദ്രമോഡി മന്ത്രിസഭയില്‍ ആഭ്യന്തര സ­ഹമന്ത്രിയായി തുടരുന്നത് സംഘപരിവാര ഫാസിസ്റ്റ് സര്‍ക്കാരിന്റെ ജനാധിപത്യ‑ഭരണഘടനാ വിരുദ്ധത തെളിയിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പുത്രന്‍ ആശിഷ്‌മിശ്രയെ അറസ്റ്റ് ചെയ്യുവാന്‍ പോലും ആദിത്യനാഥ് നയിക്കുന്ന യുപി സര്‍ക്കാര്‍ തയ്യാറായത് സുപ്രീംകോടതിയുടെ കര്‍ക്ക­ശ നിലപാടിനെത്തുടര്‍ന്നാണ്. 10 മാസത്തിലേറെ നീണ്ട കര്‍ഷകപ്രക്ഷോഭത്തിലും കൊടും ശെെ­ത്യത്തിലും വേനലിലുമായി 623 പേര്‍ മരണപ്പെട്ടപ്പോഴും ഭരണകൂടശക്തികള്‍ കണ്ണുതുറക്കുന്നില്ല.

കര്‍ഷകര്‍ അന്നദാതാക്കളാണ്. അവരുടെ കണ്ണുനീര്‍ വീണാല്‍ മനവും ഭൂമിയും ചുട്ടുപൊള്ളും. വിശപ്പിന്റെ വിനാശത്തില്‍ ഇന്ത്യ താഴ്ന്നുപോകുമ്പോള്‍ കര്‍ഷകരുടെ രോദനവും നിലവിളിയും കേള്‍ക്കാനായില്ലെങ്കില്‍, വിശക്കുന്നവരുടെ കേഴല്‍ തൊട്ടറിയാനാവുന്നില്ലെങ്കില്‍ ഭരണകൂടത്തിനും പൊള്ളലേല്‍ക്കും. ആ ചരിത്രപാഠം നരേന്ദ്രമോഡിയും ഓര്‍ത്തിരുന്നാല്‍ നന്ന്.

Exit mobile version