Site iconSite icon Janayugom Online

വിശന്നു, തളർന്നു; കേസില്‍ വിധി പറയാനാകാതെ അലഹബാദ് ഹൈക്കോടതി ജഡ്ജി

ഒരു ദിവസം 30 കേസുകൾ കേട്ടതിനെ തുടർന്ന് കോടതിയിൽ ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ട് അലഹബാദ് ഹൈക്കോടതി ജഡ്ജി. വിധി പറയാൻ താൻ പ്രാപ്തനല്ലെന്നും അതിനാൽ വിധി പറയുന്നത് മാറ്റിവെക്കുന്നുവെന്നും ജഡ്ജി ജസ്റ്റിസ് സുഭാഷ് വിദ്യർഥി അറിയിച്ചു. രാവിലെ മുതൽ രാത്രി 7 മണി വരെ തുടർച്ചയായി 30 കേസുകളാണ് ജസ്റ്റിസ് സുഭാഷ് വിദ്യർഥി കേട്ടത്. 92 പുതിയ കേസുകൾ, 101 സാധാരണ കേസുകൾ, 39 പുതിയ വിവിധ അപേക്ഷകൾ, അഡീഷണൽ ലിസ്റ്റിലെ മൂന്ന് കേസുകൾ എന്നിങ്ങനെ ആകെ 235 കേസുകളാണ് വാദം കേൾക്കാനായി പട്ടികപ്പെടുത്തിയത്. മുപ്പതാമത്തെ കേസ് സുപ്രീംകോടതി പുനഃപരിശോധനയ്ക്കായി അയച്ചതാണെന്ന് അറിയിച്ചപ്പോൾ, ആ കേസിൽ വാദം കേൾക്കാൻ ആരംഭിക്കുകയും അത് രാത്രി 7 മണിവരെ നീളുകയും ചെയ്യുകയായിരുന്നു.

ഒരു ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനെതിരെ 2025ൽ സമർപ്പിച്ച ഹർജിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. 2025 മെയ് മാസത്തിൽ ഹൈക്കോടതി ഡിആർടി ഉത്തരവ് റദ്ദാക്കുകയും വിഷയം പുതുതായി തീരുമാനിക്കാൻ നിർദേശിക്കുകയും ചെയ്തത്. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതിയിൽ ചോദ്യം ചെയ്തിരുന്നു. എതിർകക്ഷിയുടെ ഭാഗം കേട്ടില്ല എന്ന കാരണത്താൽ കഴിഞ്ഞ വർഷം ആ​ഗസ്ത് 25ന് സുപ്രീംകോടതി ആ ഉത്തരവ് റദ്ദ് ചെയ്തിരുന്നു. കൂടാതെ, ഹർജിയിൽ എത്രയും വേഗം തീരുമാനമെടുക്കാൻ ഹൈക്കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു. ആ കാലാവധി ചൊവ്വാഴ്ച അവസാനിക്കുകയായിരുന്നു.
ഹർജിക്കാരന് വേണ്ടി മുതിർന്ന അഭിഭാഷകൻ അനുജ് കുഡേഷ്യയും, എതിർകക്ഷികൾക്ക് വേണ്ടി സുദീപ് കുമാറും, കാനറ ബാങ്കിന് വേണ്ടി പി കെ ശ്രീവാസ്തവയും ദീർഘനേരം വാദിച്ചു. എന്നാൽ തുടർച്ചയായി വാദം കേട്ടതോടെ ജഡ്ജിക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും തനിക്ക് വിശപ്പും തളർച്ചയും അനുഭവപ്പെടുന്നു, വിധി പറയാൻ ശാരീരികമായി പ്രാപ്തനല്ല. അതിനാൽ വിധി പറയുന്നത് മാറ്റിവെക്കുന്നുവെന്ന് ജഡ്ജി സുഭാഷ് വിദ്യർഥി പറഞ്ഞു.

Exit mobile version