Site iconSite icon Janayugom Online

മെലിസ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു; ജമെെക്കയിലും ഹെയ്തിയിലും വെള്ളപ്പൊക്കം

കരീബിയൻ മേഖലയെ വിറപ്പിച്ചുകൊണ്ട് മെലിസ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്പെടുന്നു. കാറ്റഗറി നാല് കൊടുങ്കാറ്റായ മെലിസയെ, കാറ്റഗറി അഞ്ചിലേക്ക് ഉയര്‍ത്തി. മണിക്കൂറില്‍ 155 മൈലില്‍ കൂടുതല്‍ വേഗതയുള്ള കാറ്റാണ് അഞ്ചാം കാറ്റഗറിയില്‍ ഉള്‍പ്പെടുന്നത്. ജമൈക്കയിലും കരീബിയനിലെ മറ്റ് ഭാഗങ്ങളിലും മെലിസയുടെ തീവ്രത അനുഭവപ്പെട്ടുതുടങ്ങി. തലസ്ഥാനമായ കിങ്സ്റ്റൺ ഉൾപ്പെടെ ആറ് ദുര്‍ബല പ്രദേശങ്ങളില്‍ ജമെെക്കന്‍ സര്‍ക്കാര്‍ ഒഴിപ്പിക്കല്‍ ഉത്തരവ് പുറപ്പെടുവിച്ചു. താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഉദ്യോഗസ്ഥര്‍ നേരത്തെ നിര്‍ദേശിച്ചിരുന്നു.

രണ്ട് അന്താരാഷ്ട്ര വിമാനത്താവളങ്ങളും അടച്ചുപൂട്ടിയതായും 881 ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സജീവമാക്കിയതായും ജമൈക്കൻ അധികൃതർ പറഞ്ഞു. ഹെയ്തിയിലും ഡൊമിനിക്കൻ റിപ്പബ്ലിക്കിലുമായി കൊടുങ്കാറ്റുമായി ബന്ധപ്പെട്ട ദുരന്തങ്ങളിൽ ഇതിനോടകം നാല് പേർ മരിച്ചതായാണ് റിപ്പോർട്ട്. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ അടിയന്തര പ്രവർത്തന കേന്ദ്രം 31 പ്രവിശ്യകളിൽ ഒമ്പത് പ്രവിശ്യകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. ഗ്രാൻമ, സാന്റിയാഗോ ഡി ക്യൂബ, ഗ്വാണ്ടനാമോ, ഹോൾഗ്വിൻ പ്രവിശ്യകൾക്ക് ശനിയാഴ്ച ക്യൂബൻ സർക്കാർ ചുഴലിക്കാറ്റ് ജാഗ്രതാ നിർദ്ദേശം നൽകി. അടുത്ത ആഴ്ച ആദ്യത്തോടെ ബഹാമാസിന്റെ തെക്കുകിഴക്കൻ, മധ്യ ഭാഗങ്ങളിലെ ദ്വീപുകളിലും ടർക്കസ്, കൈക്കോസ് ദ്വീപുകളിലും മെലിസ ഉഷ്ണമേഖലാ കൊടുങ്കാറ്റോ ചുഴലിക്കാറ്റോ ഉണ്ടാക്കുമെന്ന് ബഹാമാസ് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 

മെലിസയുടെ ശക്തിയും സഞ്ചാര വേഗതക്കുറവുമാണ് വലിയ ആശങ്കയുണ്ടാക്കുന്നത്. മണിക്കൂറിൽ ഏകദേശം 145 മൈൽ (230 കിലോമീറ്റർ) വേഗതയിൽ കാറ്റ് വീശുന്നുണ്ടെങ്കിലും, മെലിസയുടെ മന്ദഗതിയിലുള്ള സഞ്ചാരം ദുരന്തത്തിന്റെ തീവ്രത വർധിപ്പിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നത്. ചുഴലിക്കാറ്റ് മണിക്കൂറിൽ അഞ്ച് മൈൽ വേഗതയിൽ മാത്രമേ സഞ്ചരിക്കുന്നുള്ളൂ. ജൂണ്‍ ഒന്നു മുതല്‍ നവംബര്‍ 30 വരെയുള്ള അറ്റ്‌ലാന്റിക് ചുഴലിക്കാറ്റ് സീസണിലെ 13-ാമത്തെ ചുഴലിക്കാറ്റിന്റെ പേരാണ് മെലിസ. യുഎസ് നാഷണല്‍ ഒഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ പ്രവചന പ്രകാരം ഈ വര്‍ഷം സാധാരണത്തേതിനേക്കാള്‍ കൂടുതല്‍ ചുഴലിക്കാറ്റുകള്‍ ഉണ്ടാകും. മെലിസ ചുഴലിക്കാറ്റ് കരീബിയന്‍ മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലേറ്റവും ശക്തമായ പ്രകൃതിദുരന്തമായി മാറാനുള്ള സാധ്യതയുണ്ടെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും വിദഗ്ധര്‍ ആവശ്യപ്പെട്ടു. 

Exit mobile version